കുളമ്പു രോഗം പടരുന്നു; ആശങ്കയോടെ ക്ഷീരകര്‍ഷകര്‍; പ്രതിരോധകുത്തിവെപ്പ് എടുത്ത കാലികളിലും രോഗബാധ

0
47

സുനു ചന്ദ്രന്‍ കാവശ്ശേരി

ആലത്തൂര്‍: കുളമ്പു രോഗം രൂക്ഷമായി പടരുന്നു. ദിവസേന കൂടുതല്‍ പശുക്കളിലേക്ക് വ്യാപിക്കുന്നതിനാല്‍ ക്ഷീരകര്‍ഷകര്‍ ആശങ്കയിലായി. കുളമ്പു രോഗത്തിന് പ്രതിരോധ കുത്തിവെപ്പ് എടുത്ത കാലികളിലും കുളമ്പു രോഗം വന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
നെന്മാറ, അയിലൂര്‍, മേലാര്‍കോട്, വണ്ടാഴി ഭാഗങ്ങളില്‍ 50 ലധികം കറവപശുക്കള്‍ക്കാണ് ഇപ്പോള്‍ രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ അതിവേഗമാണ് മറ്റു കാലികളിലേക്ക് രോഗ ബാധയേല്‍ക്കുന്നത്. അതിനാല്‍ തന്നെ രോഗം വന്ന കന്നുകാലികളെ എവിടെ സംരക്ഷിക്കുമെന്ന് കര്‍ഷകര്‍ക്ക് ഒരു പിടിയുമില്ല. ഇതുമൂലം രോഗമില്ലാത്ത മറ്റ് കന്നുകാലികളിലേക്കും പകരുന്നതിന് കാരണമാകുന്നുണ്ട്. കറവ പശുക്കള്‍ക്ക് രോഗബാധയുണ്ടായാല്‍ പിന്നീട് പാല്‍ ഉല്‍പ്പാദനത്തില്‍ കുറവുണ്ടാകുന്നതിനാല്‍ കര്‍ഷകര്‍ക്ക് രോഗം മൂലം വലിയ നഷ്ടമാണ് ഉണ്ടാകുന്നത്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്ന കന്നുകാലികളിലൂടെയാണ് കുളമ്പുരോഗം പകര്‍ന്നെതെന്നാണ് മൃഗസംരക്ഷ വകുപ്പ് പറയുന്നത്.
രോഗം ബാധിച്ച പശുക്കളെ തുറസ്സായ സ്ഥലത്ത് മേയ്ക്കാന്‍ വിടുന്നത് ഒഴിവാക്കണമെന്നും, രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ നാട്ടു ചികിത്സ നടത്താതെ തൊട്ടടുത്തുള്ള മൃഗാശുപത്രിയില്‍ ചികിത്സ തേടണമെന്നും ഡോക്ടര്‍ ബിജു പറഞ്ഞു.
കന്നുകാലികളില്‍ വൈറസ് ബാധയേറ്റു കഴിഞ്ഞാല്‍ വാക്‌സിനേഷന്‍ മാത്രമാണ് പ്രതിരോധ മാര്‍ഗ്ഗം. ഓരോ ആറുമാസം കൂടുമ്പോഴും കുളമ്പു രോഗത്തിന് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കാറുണ്ട്.
ഇത്തവണ ജൂണ്‍, ജൂലൈ മാസങ്ങളിലായാണ് പ്രതിരോധ കുത്തിവെപ്പ് നടന്നത്. ‘പിക്കൊര്‍ണോ’ ഇനത്തില്‍പ്പെട്ട ഒരിനം വൈറസാണ് രോഗ കാരണം.
രോഗം ബാധിച്ച മൃഗങ്ങളുടെ ചര്‍മങ്ങളിലും, വൈറസുകളുണ്ടാകും. രോഗബാധയുള്ള മൃഗങ്ങളുമായോ, അവയുടെ വിസര്‍ജ്യ വസ്തുക്കള്‍, മാംസ്യം, സ്രവങ്ങള്‍, തുടങ്ങിയവ വഴിയും രോഗം പകരാനിടയാക്കും.
ശക്തമായ പനി, നാക്ക്, മോണ എന്നിവിടങ്ങളില്‍ ദ്രാവകം നിറഞ്ഞ കുമിളകള്‍ പ്രത്യക്ഷപ്പെടും. ഇവ പിന്നീട് വ്രണങ്ങളാകുന്നു. വായില്‍ നിന്ന് ഉമിനീര്‍ നൂലുപോലെ ഒലിക്കുന്നു. തീറ്റ എടുക്കാന്‍ മടി കാണിക്കുന്നു. കുളമ്പുകള്‍ക്കിടയില്‍ വ്രണങ്ങള്‍ പ്രത്യക്ഷപ്പെടും. ഈ വ്രണങ്ങളില്‍ ഈച്ച മുട്ടയിട്ട് പുഴുക്കളാകാന്‍ സാധ്യതയുണ്ട്. രോഗബാധ കൂടുമ്പോള്‍ കുളമ്പ് ഇളകിപോകാനും, അകിടില്‍ വ്രണങ്ങള്‍ കാണാനും സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here