കൊച്ചിയിലെ വെടിവയ്പ്പിനു പിന്നില്‍ കുഴല്‍പ്പണസംഘമെന്ന് സംശയം

0
10

കൊച്ചി: കടവന്ത്രയിലെ വെടിവയ്പ് നാടകത്തിന്റെ ‘സ്‌ക്രിപ്റ്റ്’ തയ്യാറാക്കിയത് മലയാളിയാണോയെന്നു സംശയം. ബൈക്കില്‍ വന്ന അക്രമി സംഘം ഉപേക്ഷിച്ച ‘രവി പൂജാരി’ എന്നെഴുതിയ കുറിപ്പ് കയ്യക്ഷര വിദഗ്ധര്‍ പരിശോധിക്കും. കുറിപ്പിലെ ഹിന്ദി അക്ഷരങ്ങള്‍ മലയാളികള്‍ ഹിന്ദി എഴുതുന്ന വടിവിലുള്ളതാണെന്നാണ് നിഗമനം. അന്വേഷണത്തിനു ഗ്രാഫോളജിസ്റ്റുകളുടെ സേവനം തേടാന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നതും ഇതുകൊണ്ടാണ്.

ഹിന്ദി മാതൃഭാഷയായിട്ടുള്ളവര്‍ ര,വ,പ,ജ എന്നീ അക്ഷരങ്ങള്‍ സാധാരണ എഴുതുന്ന രീതിയിലല്ല കുറിപ്പിലെ ഹിന്ദി അക്ഷരങ്ങളുടെ ഘടനയെന്ന സംശയം ശാസ്ത്രീയമായി പരിശോധിക്കാനാണു പൊലീസ് ഒരുങ്ങുന്നത്. തട്ടിപ്പു കേസില്‍ ന്യൂഡല്‍ഹിയില്‍ ജയിലിലായ സുകാഷ് ചന്ദ്രശേഖറെ ജയിലിനുള്ളില്‍ സഹായിക്കുന്നത് രവി പൂജാരിയുടെ സംഘത്തില്‍ ഉള്‍പ്പെട്ട ക്രിമിനലുകളാണെന്ന വിവരം അന്വേഷണ സംഘത്തിനു ലഭിച്ചട്ടുണ്ട്. ഈ സൗഹൃദം സുകാഷിന്റെ പ്രധാനമേഖലയായ ഹവാല ഇടപാടുകള്‍ക്ക് ഇരുകൂട്ടരും ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇതു സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കും സാധ്യതയുണ്ട്. സുകാഷിന്റെ അടുത്ത കൂട്ടുകാരിയാണു ലീന മരിയ പോള്‍.

അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ ‘രണ്ടില’ തിരിച്ചു കിട്ടാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് 50 കോടി രൂപ കോഴ വാഗ്ദാനം ചെയ്ത കേസില്‍ പണം കൈമാറാന്‍ ശ്രമിച്ചതു കൊച്ചിയിലാണ്. ഈ കേസില്‍ സുകാഷിനെ തെളിവെടുപ്പിനു കൊച്ചിയില്‍ കൊണ്ടുവന്നപ്പോള്‍ ലീനയും സുകാഷും തമ്മില്‍ കണ്ടതായും പൊലീസിനു വിവരം ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here