ഒത്തുതീര്‍പ്പിനായി പരക്കം പാഞ്ഞ് ഹര്‍ത്താല്‍ അക്രമികള്‍; വിട്ടുവീഴ്ചയില്ലാതെ വ്യാപാരികള്‍; കടുത്ത നടപടിക്ക് പൊലീസ്

0
7

കോഴിക്കോട്: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കര്‍മസമിതി ബിജെപി പിന്തുണയോടെ നടത്തിയ ഹര്‍ത്താലില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടവര്‍ ഒത്തുതീര്‍പ്പിനായി പരക്കം പാച്ചില്‍. നഷ്ടപരിഹാരം നല്‍കുന്നതിനു പുറമെ ഇവര്‍ക്കെതിരെ മറ്റു വകുപ്പുകള്‍കൂടി ചുമത്തുന്നതോടെ വിദേശത്തേക്കുപോവാനോ, സര്‍വീസുകളില്‍ ജോലിക്ക് കയറാനോ സാധിക്കില്ല. കടകള്‍ വ്യാപകമായി നശിപ്പിച്ചതിന് നേതൃത്വം നല്‍കിയവരും മുന്നിട്ടിറങ്ങിയവരുമാണ് ഒത്തുതീര്‍പ്പിനായി വ്യാപാരികളെയും മറ്റും സമീപിക്കുന്നത്. പൊതുമുതല്‍, കടകമ്പോളങ്ങള്‍ക്കുണ്ടായ നഷ്ടം എന്നിവ പിടികൂടുന്ന പ്രതികളില്‍ നിന്ന് ഈടാക്കാനുള്ള പോലീസിന്റെ കര്‍ശന നടപടിയെ തുടര്‍ന്നാണ് ഇവര്‍ രംഗത്തെത്തിയത്.പോലീസ് അന്വേഷണത്തില്‍ കേസുകള്‍ നിലവിലുണ്ടെങ്കില്‍ ഇത്തരത്തില്‍ വിദേശത്തെക്കോ സര്‍ക്കാര്‍ സര്‍വീസ് ജോലിയില്‍ കയറാനോ സാധിക്കില്ല. നേരത്തെ നടത്തിയ ഹര്‍ത്താലുകളുമായി ബന്ധപ്പെട്ട് നാമമാത്രമായ കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. വലിയ അക്രമങ്ങളുണ്ടായാല്‍ മാത്രമായിരുന്നു വ്യാപകമായ രീതിയില്‍ അറസ്റ്റും തുടര്‍നടപടികളും സ്വീകരിച്ചിരുന്നത്.
ഇത്തവണ ഹര്‍ത്താലിനുമുമ്പേ തന്നെ ഡിജിപി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നടപടി സ്വീകരിക്കാനും ഹര്‍ത്താലിലെ അക്രമങ്ങള്‍ കൃത്യമായി വീഡിയോയില്‍ പകര്‍ത്താനും നിര്‍ദേശം നല്‍കിയിരുന്നു. ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളെല്ലാം പോലീസ് വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. പോലീസിന്റെ വീഡിയോയ്ക്കും പുറമേ കടകളിലും വ്യാപാരകേന്ദ്രങ്ങളിലും സ്ഥാപിച്ച സിസിടിവി കാമറാ ദൃശ്യങ്ങളും ട്രാഫിക് ജംഗ്ഷനുകളില്‍ സ്ഥാപിച്ച കാമറകളും പരിശോധിച്ച് അക്രമികളെ കണ്ടെത്താന്‍ നടപടി സ്വീകരിച്ച് വരികയാണ്.
ബ്രോക്കണ്‍ വീന്‍ഡോ ഓപ്പറേഷന്റെ ഭാഗമായാണ് പോലീസ് ഹര്‍ത്താലില്‍ അക്രമം നടത്തിയവരെ കണ്ടെത്താനായി സജീവമായി രംഗത്തിറങ്ങിയത്. ഓരോ സ്‌റ്റേഷന്‍ പരിധിയിലും നടന്ന അക്രമങ്ങളിലെ പ്രതികളെ കണ്ടെത്താനായി ഓരോ പോലീസ് സ്‌റ്റേഷനിലും നാലു പോലീസുകാരടങ്ങുന്ന പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. മുഖം മൂടിധരിച്ച് അക്രമത്തിനിറങ്ങിയവര്‍ വരെ പിടിയിലായി. വരും ദിവസങ്ങളില്‍ പ്രതികളെ മുഴുവന്‍ പിടികൂടാനാകുമെന്ന പ്രതീക്ഷയില്‍ പോലീസ് പരിശോധന തുടരുകയും ചെയ്യുന്നുണ്ട്.
നാശനഷ്ടമുണ്ടായ കട വ്യാപാര സ്ഥാപന ഉടമകളെ തേടിയാണ് അക്രമികള്‍ എത്തിയത്. നഷ്ടപരിഹാരം നല്‍കാമെന്നും കേസുമായി മുന്നോട്ട് പോവരുതെന്നുമാണ് ഇവരുടെ ആവശ്യം. എന്നാല്‍ നിയമ നടപടിയുമായി മുന്നോട്ട് പോവാനാണ് വ്യാപാരികള്‍ ഒന്നടങ്കം തീരുമാനിച്ചത്. അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ വരെ കാണികളായി എത്തിയതാണെന്ന രീതിയില്‍ വിശദീകരണവുമായി പോലീസിന് മുന്നില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് നിയമനടപടികള്‍ സ്വീകരിക്കുമെന്നുമാണ് പോലീസിന്റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here