അനാവശ്യഹര്‍ത്താലുകള്‍ക്കെതിരെ ഒരേനിലപാടുമായി നിയമസഭ; സര്‍വകക്ഷിയോഗം വിളിക്കാന്‍ തയാറെന്ന് മുഖ്യമന്ത്രി

0
4

തിരുവനന്തപുരം: ഹര്‍ത്താല്‍ മൂലമുണ്ടാക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു കൂട്ടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ലീഗ് എംഎല്‍എ പികെ ബഷീറിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കാമെന്ന് അറിയിച്ചത്.

അനാവശ്യ ഹര്‍ത്താലുകള്‍ പൊതുജനജീവിതത്തെ സാരമായി ബാധിച്ചുവെന്ന് ചോദ്യത്തോരവേളയില്‍ ഇടതുവലതുമുന്നണികളിലെ എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. ഇതിനോട് അനുകൂലമായി പ്രതികരിച്ച മുഖ്യമന്ത്രി യുഡിഎഫ് ഗൗരവത്തോടെയാണ് ഇതിനെ കാണുന്നതെങ്കില്‍ ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു.

കേരളത്തിന്റെ ഇതുവരെയുള്ള വികസനത്തില്‍ ഒരു പങ്കുംവഹിക്കാത്ത ചിലര്‍ കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് തടയാനും പിന്നോട് അടിക്കാനും ശ്രമിക്കുന്നുണ്ട്. ഹര്‍ത്താല്‍ എന്ന സമരമുറയെ പാടെ തള്ളിപ്പറയാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും സാധാരണഗതിയില്‍ തയ്യാറാവില്ല. ഒരു ജനാധിപത്യവ്യവസ്ഥിതിയില്‍ ജനകീയ പ്രതിഷേധം പല തലങ്ങളില്‍ വരും. പികെ ബഷീര്‍ മുന്നോട്ട് വച്ച നിര്‍ദേശം ലീഗിന്റെയും യുഡിഎഫിന്റെയും പൊതുവികാരമാണെങ്കില്‍ ഇക്കാര്യത്തില്‍ അനുകൂലനടപടിയുമായി പോകാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കേരള ഹൈക്കോടതി ഹര്‍ത്താലിനെതിരെ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഹര്‍ത്താല്‍ നിയന്ത്രണബില്‍ എന്ത് കൊണ്ട് നടപ്പാക്കാന്‍ തയ്യാറാവുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ആദ്യം സഭയ്ക്ക് പുറത്തു സര്‍വകക്ഷിയോഗം വിളിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും ഇതിനുശേഷം ഇക്കാര്യത്തില്‍ ബില്‍ കൊണ്ടു വരുന്ന കാര്യം പരിഗണിക്കാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കഴിഞ്ഞ ഹര്‍ത്താലിനിടെ കോഴിക്കോട് മിഠായിത്തെരുവിലുണ്ടായ അക്രമങ്ങളില്‍ വ്യാപാരികള്‍ക്ക് ഉണ്ടായ നാശനഷ്ടങ്ങള്‍ നികത്താന്‍ മുന്‍കൈയെടുക്കാമോ എന്ന ചോദ്യത്തില്‍ ഹര്‍ത്താലിലുണ്ടായ എല്ലാ അക്രമങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടാണ് സര്‍ക്കാരും പൊലീസും സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവര്‍ ആരാണോ അവര്‍ സ്വന്തം കട അടക്കുകയോ വാഹനം ഓടിക്കാതിരിക്കുകയോ ചെയ്യട്ടേയെന്നും മറ്റുള്ളവരെ നിര്‍ബന്ധിപ്പിച്ച് കട അടപ്പിക്കുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കാന്‍ തയ്യാറാവണമെന്ന സി.മമ്മൂട്ടിയുടെ നിര്‍ദേശം സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here