രാഹുല്‍ കേരളത്തിലെത്തി; കോണ്‍ഗ്രസ് നേതാക്കളുമായും ഘടകക്ഷികളുമായും വൈകുന്നേരം ചര്‍ച്ച

0
2

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍വന്നിറങ്ങിയരാഹുല്‍ഗാന്ധിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി, ശശി തരൂര്‍ എംപി തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ വിമാനത്താവള പരിസരത്ത് എത്തിയിരുന്നു.

അന്തരിച്ച കോണ്‍ഗ്രസ് നേതാവും എംപിയുമായിരുന്ന എംഐ ഷാനവാസിന്റെ വീട്ടിലേക്കാണ് രാഹുല്‍ ഗാന്ധി ആദ്യം പോയത്. എംഐ ഷാനവാസിന്റെ കുടുംബാംഗങ്ങളെ കണ്ടതിന് ശേഷം മൂന്ന് മണിക്ക് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി അധ്യക്ഷന്‍മാരുടെ നേതൃയോഗത്തില്‍ രാഹുല്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംവിധാനങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ വരവിന്റെ ഉദ്ദേശം.

വിവിധ സീറ്റുകളില്‍ ആവശ്യമുന്നയിച്ച് രംഗത്തുളള ഘടകകക്ഷികളെ അനുനയിപ്പിക്കാനുളള ശ്രമങ്ങളും രാഹുല്‍ ഗാന്ധി നടത്തും . കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് എമ്മും മുസ്ലീം ലീഗും രംഗത്തുളളതാണ് നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന് തലവേദന.

കേരള കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ വൈകുന്നേരത്തെ കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധിയോട് ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടേക്കും. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ചും രാഹുലിന്റെ സന്ദര്‍ശനത്തിനുശേഷമേ തീരുമാനമാകൂ. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ മനസിലിരിപ്പുകൂടി സംസ്ഥാന നേതാക്കള്‍ തേടുന്നുണ്ട്. സിറ്റിങ് എം പി മാര്‍ തന്നെ മല്‍സരിക്കണോ അതോ ജയസാധ്യതയുളള പുതുമുഖങ്ങള്‍ വേണോ എന്ന കാര്യത്തിലാണ് അനൗദ്യോഗിക ചര്‍ച്ചകള്‍ തുടരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here