നവകേരള നിര്‍മാണത്തിന് 25 പദ്ധതികള്‍;ബജറ്റില്‍ സ്ത്രീ ശാക്തീകരണത്തിന് ദാക്ഷായണി വേലായുധന്‍ പുരസ്‌കാരം

0
8

തിരുവനന്തപുരം: പ്രളയാനന്തരപുനര്‍നിര്‍മാണത്തിന് 25 പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചു. പ്രളയബാധിത പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തു കൊണ്ടുള്ള ബജറ്റില്‍ 39,807 കോടി രൂപയാണ് ബജറ്റിന്റെ അടങ്കല്‍ തുക. മെച്ചപ്പെട്ട പുനര്‍ നിര്‍മ്മാണമാണ് ലക്ഷ്യമെന്നും അദ്ദേഹം ബജറ്റ് അവതരണത്തില്‍ പറഞ്ഞു.

പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് പ്രത്യേകമായി 250 കോടി ചെലവഴിക്കുമെന്നും ദുരിതാശ്വാസ നിധിയിലേക്ക 3,229 കോടി രൂപയാണ് കിട്ടിയതെന്നും അതില്‍ നിന്നും 1,131 കോടി ചെലവാക്കിയതായും ബജറ്റില്‍ അദ്ദേഹം പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ത്രീകളില്‍ ഒരാള്‍ക്ക് വര്‍ഷംതോറും ദാക്ഷായണി വേലായുധന്റെ പേരില്‍ പുരസ്‌ക്കാരം നല്‍കും. അതിന് രണ്ടു കോടി രൂപ ട്രഷറിയില്‍ നിക്ഷേപിക്കും

പ്രളയസഹായം വെട്ടിച്ചുരുക്കിയ കേന്ദ്രസര്‍ക്കാരിനെ ധനമന്ത്രി തോമസ് ഐസക് രൂക്ഷമായി വിമര്‍ശിച്ചു. പ്രളയകാലത്ത് സഹായിച്ച സൈനികവിഭാഗങ്ങള്‍ക്ക് നന്ദിയും പറഞ്ഞു. രണ്ട് മാസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം 1800 രൂപ വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. എന്തിന് കേരളത്തോട് ഈ ക്രൂരത? ഈ സമീപനം സംസ്ഥാനസര്‍ക്കാരിനെ സാമ്പത്തികപ്രതിസന്ധിയിലാക്കി. ആറായിരത്തില്‍പ്പരം കോടി രൂപ വായ്പ ഇനത്തില്‍ സമാഹരിക്കാനായിരുന്നു പദ്ധതി. ചരിത്രത്തിലേറ്റവും വലിയ പ്രളയം നേരിട്ട കേരളത്തെ കര കയറ്റാന്‍ വായ്പാ പരിധി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടു. എന്നാല്‍ ഇത് അനുവദിക്കപ്പെട്ടില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ 3229 കോടി രൂപ കിട്ടി. ഇതിനകം നിധിയില്‍ നിന്ന് 1732 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ഇതിന് പുറമേ വീട് നിര്‍മാണത്തിന്, വായ്പാസഹായം ഉള്‍പ്പടെയുള്ള ചെലവുണ്ട്, പുനര്‍നിര്‍മാണത്തിന് ആയിരം കോടി രൂപ അനുവദിച്ചു.

കൃഷി ഉള്‍പ്പടെയുള്ള വരുമാനമാര്‍ഗവും തകര്‍ച്ചയിലായി. ജീവനോപാധികള്‍ കണ്ടെത്താന്‍ ഒരു വാര്‍ഷികപദ്ധതി നടപ്പാക്കും. ഇതിനായി 118 സ്‌കീമുകളുണ്ട്. ഇതിനായി 4700 കോടി രൂപ വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനവിഹിതമായി 210 കോടി രൂപ വകയിരുത്തി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം 75 കോടിയാക്കി.

ഈ വര്‍ഷത്തെ ജില്ലാ ക്രെഡിറ്റ് സ്‌കീമുകളുടെ വിഹിതം കൂട്ടി. ഇതില്‍ 75 ശതമാനം കൃഷിക്ക് സഹായം നല്‍കുന്നെന്ന് ഉറപ്പ് വരുത്തും. 20 ശതമാനം ചെറുകിട വ്യവസായമേഖലയ്ക്ക്. പ്രളയബാധിതപഞ്ചായത്തുകള്‍ക്കായി 250 കോടി രൂപ വകയിരുത്തി.

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചും നവോത്ഥാനത്തെ പുകഴ്ത്തിയും തുടങ്ങിയ ബജറ്റ് പ്രസംഗത്തില്‍ നവോത്ഥാന പഠനത്തിന് സമഗ്രമ്യൂസിയം തിരുവനന്തപുരത്ത് തുടങ്ങുമെന്നും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here