വെണ്ണിയോടെത്തിയ പ്രതിപക്ഷനേതാവിന് മുന്നില്‍ പരാതി പ്രളയം

0
11
ചെന്നിത്തലക്ക് മുന്നില്‍ പരാതികളുമായെത്തിയവര്‍

വെണ്ണിയോട്: അതിശക്തമായ പ്രളയക്കെടുതി നേരിട്ട കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് മുന്നില്‍ പരാതികളുമായെത്തിയത് ആദിവാസികളടക്കമുള്ള നൂറ് കണക്കിനാളുകള്‍. ജില്ലയില്‍ ഏറ്റവുമധികം പ്രളയക്കെടുതിയുണ്ടായ കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വെണ്ണിയോടായിരുന്നു പ്രളയബാധിതരില്‍ നിന്നും പരാതികള്‍ സ്വീകരിക്കാനും അവരെ കേള്‍ക്കാനും പ്രതിപക്ഷനേതാവെത്തിയത്. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ആനേരി കുന്നത്തുപറമ്പില്‍ ഷീനയെത്തിയത് നാല് പരാതികളുമായിട്ടായിരുന്നു.
പ്രളയക്കെടുതിയുടെ ദുരിതം നേരിട്ടനുഭവിച്ചതിന്റെ ഓര്‍മ്മകള്‍ ഷീന പ്രതിപക്ഷ നേതാവിനോട് പങ്കുവെച്ചു. സഹോദരന്‍ ജോസഫിന് ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്ത് വീട് അനുവദിച്ചിട്ട് മാസങ്ങളായിട്ടും ഒരു രൂപ പോലും നല്‍കിയില്ലെന്ന് ഷീന പറഞ്ഞു. രോഗിയായ ഭാര്യയെ ചികിത്സിക്കാന്‍ പോലും സാധിക്കാത്ത നിസഹായവസ്ഥയില്‍ അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിയുകയാണ് ഇന്നീ കുടുംബം. ഭിന്നശേഷിക്കാരനായ ഷീനയുടെ പിതാവ് ജോണിന്റെ സ്ഥിതിയും മറിച്ചല്ല, 63-കാരിയായ മാതാവ് മേരി ജോണിന് ഇന്ദിരാ ഇവാസ് യോജനയില്‍ ഉള്‍പ്പെടുത്തി വീട് അനുവദിച്ചെങ്കിലും പ്രവൃത്തി പാതി വഴിയില്‍ മുടങ്ങിക്കിടക്കുകയാണ്. പ്ലാസ്റ്റിക് കൊണ്ട് മറച്ച ഷെഡ്ഡിലാണ് പ്രളയശേഷം ഷീനയുടെയും കുടുംബത്തിന്റെയും ജീവിതം. മഴക്കെടുതിയില്‍ കാറ്റ് മേല്‍ക്കൂര പറത്തിക്കളഞ്ഞിട്ട് മാസങ്ങളായി. ഒരു രൂപ പോലും നാളിതുവരെയായി സഹായം ലഭിച്ചില്ല.
കൂലിപ്പണി ചെയ്ത് ജീവിക്കുന്ന കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയതാവട്ടെ ബി പി എല്‍ കാര്‍ഡും. എല്ലാത്തരത്തിലും നിസഹായവസ്ഥയില്‍ നില്‍ക്കുന്ന കുടുംബ1െത്ത ആശ്വാസിപ്പിച്ച് പരാതികള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഉറപ്പ് നല്‍കിയാണ് പ്രതിപക്ഷനേതാവ് ഷീനയെ യാത്രയാക്കിയത്. ഷീന മാത്രമല്ല, നൂറ് കണക്കിന് പേരാണ് തന്റെ നിസഹായവസ്ഥ പറയാനായി ഇന്നലെ വെണ്ണിയോടെത്തിയത്. കുറുമ്പാലക്കോട്ടയില്‍ നിന്നുമെത്തിയ മലവെള്ളപാച്ചില്‍ വീട് നഷ്ടമായ ഇന്ദിര, വീട് പാടെ തകര്‍ന്നിട്ടും ആരും തിരഞ്ഞുനോക്കാത്ത കരിഞ്ഞകുന്ന് വെള്ളമ്പാടിയിലെ വിധവയായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ജാനകി, മഴക്കെടുതിയില്‍ എല്ലാം നഷ്ടമായ കോട്ടത്തറ ബസ്തിക്കുന്ന് കോളനിയിലെ പാര്‍വതി എന്നിങ്ങനെ നട്ടുച്ചയിലും പ്രതിപക്ഷനേതാവിന്റെ സമീപത്തേക്കെത്തിയത് നൂറ് കണക്കിന് സ്ത്രീകളടക്കമുള്ള പാവങ്ങളായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here