യുദ്ധത്തെ തുടര്‍ന്ന കുവൈറ്റില്‍ നിന്നും എല്ലാമുപേക്ഷിച്ചെത്തിയ ബിച്ചീവി യുഎന്‍ നഷ്ടപരിഹാരത്തിനായുള്ള കാത്തിരിപ്പു തുടരുന്നു

0
7
അപേക്ഷയുമായി ബിച്ചീവി

മാനന്തവാടി: പ്രവാസികള്‍ക്ക് പുതുതായി ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കപ്പെടുമ്പോഴും സര്‍ക്കാര്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് പ്രഖ്യാപിച്ച ആനുകൂല്യത്തിനായി നീണ്ടകാത്തിരിപ്പിലാണ് ബിച്ചീവി.ജീവിതത്തിലെ എട്ടു വര്‍ഷത്തെ അദ്ധ്വാനം മുഴുവന്‍ നഷ്ടപ്പെട്ട് കുവൈറ്റില്‍ നിന്നും ജീവനുമായി തിരിച്ചെത്തിയ ഇവര്‍ 30 വര്‍ഷത്തോളമായി ഐക്യരാഷ്ട്രസഭ അനുവദിച്ച നഷ്ടപരിഹാരം ലഭിക്കാന്‍ കാത്തിരിക്കുന്നു.ഭര്‍ത്താവുപേക്ഷച്ചതിനെ തുടര്‍ന്ന് മൂന്ന് മക്കളെ പോറ്റാനായിട്ടാണ് കോഴിക്കോട് പുതിയനിരത്ത് കാരാപ്പുഴയില്‍ ബിച്ചീവി യൗവ്വനകാലത്ത് കുവൈറ്റിലേക്ക് വിമാനം കയറിയത്.അക്ഷരാഭ്യാസമില്ലാത്ത ഇവര്‍ 1982 മുതല്‍ എട്ടു വര്‍ഷത്തോളം അറബിയുടെ വീട്ടു വേലക്കാരിയായി ജോലി ചെയ്തു. ഇതിനിടയില്‍ കുട്ടികളെ കാണാന്‍ നാട്ടിലേക്ക് വന്നത് ഒരു തവണ മാത്രം.ഇന്നുള്ളത് പോലെ ഫോണ്‍ ചെയ്യാന്‍ കഴിയാതിരുന്ന ആകാലത്ത് മക്കളുമായി ബന്ധപ്പെടാന്‍ പോലും കഴിയാതെയാണ് വര്‍ഷങ്ങളോളം മക്കളെ യതീംഖാനയില്‍ പഠനത്തിനായി നിര്‍ത്തി ഗള്‍ഫില്‍ കഴിഞ്ഞത്.1990 ല്‍ ഇറാഖ് കുവൈറ്റ് യുദ്ധത്തെതുടര്‍ന്ന് സമ്പാദ്യമെല്ലാം ഉപേക്ഷിച്ച് ജിവനുമായി സര്‍ക്കാര്‍ സഹായത്തോടെ പട്ടിണിയും പരിവട്ടവുമായിട്ടാണ് നാട്ടില്‍ തിരിച്ചെത്തിയത്.വാടക വീടുകളിലും ബന്ധു വീടുകളിലും കുട്ടികളോടൊപ്പം കഴിയുകയായിരുന്നു ബാക്കി കാലം.പിന്നീട് കുവൈറ്റില്‍ നിന്നും നാട്ടിലെത്തിയവര്‍ക്കായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന് 91 ല്‍ അപേക്ഷ നല്‍കി.മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് 1995 ല്‍ വീണ്ടും അപേക്ഷ നല്‍കിയെങ്കിലും നേരത്തെയുള്ള അപേക്ഷ പരിഗണനയിലാണെന്ന മറുപടിയാണ് ലഭിച്ചത്.എന്നാല്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും നയാപൈസപോലും ലഭിച്ചില്ലെന്ന് ബിച്ചീവി പറയുന്നു.ഇക്കാലത്തിനിടയില്‍ സ്വന്തമായി ഭൂമി വാങ്ങാനോ വീടുണ്ടാക്കാനോ ഇവര്‍ക്കായിട്ടില്ല.വര്‍ഷങ്ങള്‍ക്ക് മുമ്പ് വയനാട് കൊമ്മയാടെത്തി. കൂലിപ്പണിയെടുത്ത് കഴിയുന്ന മകനോടൊപ്പമാണ് ഇവരിപ്പോള്‍ താമസിക്കുന്നത്.തന്റെ എട്ടു വര്‍ഷത്തെ അദ്ധ്വാനത്തിന് പ്രതിഫലമായി മരണത്തിന് മുമ്പെങ്കിലും നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇവര്‍ ജീവിതത്തിന്റെ സായാഹ്നത്തിലും ഇപ്പോഴും നോര്‍ക്കാ ഓഫീസുകള്‍ കയറിയിറങ്ങി കാത്തിരിപ്പിലാണിവര്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here