ചാമ കൃഷിക്കൊരുങ്ങി കര്‍ഷകര്‍

0
441

ഒറ്റപ്പാലം: അട്ടപ്പാടി മേഖലകളില്‍ കണ്ടുവരുന്ന ചെറുധാന്യങ്ങളുടെ കൃഷിയില്‍ പരീക്ഷണത്തിനൊരുങ്ങുകയാണ് തൃക്കടീരിയിലെ കര്‍ഷകര്‍.
തൃക്കടീരി മില്ലുപടിയില്‍ ശങ്കരനാരായണന്‍ എന്ന കര്‍ഷകന്റെ മൂന്ന് ഹെക്ടര്‍ സ്ഥലത്താണ് ചെറുധാന്യമായ ചാമ കൃഷിയാരംഭിക്കുന്നത്.
കൃഷിവകുപ്പിന്റെ സഹായത്തോടെ ചെറുധാന്യം പദ്ധതിയിലുള്‍പ്പെടുത്തി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പദ്ധതിയുടെ വിത്തിടല്‍ പഞ്ചായത്ത് പ്രസിഡന്റ് നാരായണന്‍ കുട്ടിയുടെ നേതൃത്വത്തില്‍ നടന്നു.
അട്ടപ്പാടിയില്‍ മാത്രമാണ് നിലവില്‍ ചാമകൃഷിയുള്ളത്. നെല്ല് കൃഷിയേക്കാളും ലാഭകരവും ഗുണവുമാണ് ഇവയെന്നാണ് കാര്‍ഷിക മേഖലയിലെ വിദഗ്ദരുടെ അഭിപ്രായം. കുറഞ്ഞ അളവില്‍ വെള്ളം മതിയെന്നതാണ് ചാമ കൃഷിയെ കൂടുതല്‍ കര്‍ഷക സൗഹൃദമാക്കുന്നത്.
നെല്‍കൃഷിക്ക് ആവശ്യമുള്ള വെള്ളത്തിന്റെ 25 ശതമാനം വെള്ളംമാത്രം മതി ചെറുധാന്യങ്ങള്‍ കൃഷിചെയ്യാന്‍. നെല്‍കൃഷിക്ക് 1200 മില്ലിലിറ്റര്‍ വെള്ളം വേണ്ടപ്പോള്‍ ചാമകൃഷിക്ക് വേണ്ടത് 250 ലിറ്റര്‍ വെള്ളമാണ്.
ഇത് കര്‍ഷകര്‍ വേനല്‍ക്കാലത്തും കൃഷിചെയ്യുന്നതിന് ഉപകാരപ്രദമാകും.
തൃക്കടീരിയില്‍ ചാമകൃഷി വിത്തിടല്‍ ചടങ്ങ് ഒറ്റപ്പാലം കൃഷി അസി.ഡയറക്ടര്‍ എ.സി. ആശാനാഥ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ഗീത അധ്യക്ഷയായി. കൃഷി ഓഫീസര്‍ സരിത, കെ.പി.പ്രകാശ്, വാര്‍ഡ് അംഗം സി.പി ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here