തിരുവനന്തപുരത്ത് രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം വ്യാപിക്കുന്നു

0
8

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം ആര്‍എസ്എസ് സംഘര്‍ഷം നഗരത്തിലേക്കും വ്യാപിക്കുന്നു. പാല്‍കുളങ്ങരയില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് പാല്‍ക്കുളങ്ങരയില്‍ സംഘര്‍ഷമുണ്ടായത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മതിലുകളില്‍ പെയിന്റടിക്കുന്നതിലെ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. മതിലില്‍ പെയിന്റ് അടിക്കുകയായിരുന്ന സിപിഎം പ്രവര്‍ത്തകരെ തടയാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരായ ശ്യാം, ഷിജു എന്നിവര്‍ക്ക് സംഘര്‍ഷത്തില്‍ ഗുരുതരമായി വെട്ടേറ്റു. വയറില്‍ ആഴത്തില്‍ കുത്തേറ്റ ശ്യാമിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി .ഇയാളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ ഷാരോണിനെയും ദിനിലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ത്തില്‍ ഇവര്‍ക്കുംപരിക്കേറ്റിട്ടുണ്ട്. ഇരുവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പ്രകോപനം കൂടാതെ സംഘടിച്ചെത്തി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നെന്ന് പരിക്കേറ്റ ഷാരോണ്‍ പറഞ്ഞു. പൊതുവേ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ ഇല്ലാതിരുന്ന സ്ഥലമാണ് പാല്‍ക്കുളങ്ങര .ബുധനാഴ്ച രാത്രി വെള്ളനാട് ബിജെപി ഓഫീസിന് നേരെ കല്ലേറുണ്ടായി. കള്ളിക്കാട് രണ്ട് ബിജെപി പ്രവര്‍ത്തകരുടെ വീടുകളുടെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. നെയ്യാര്‍ ഡാം സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ വീടിന് നേരെ കഴിഞ്ഞ ആഴ്ച ബോംബേറുണ്ടായി.ഇതടക്കം ഇരുപതോളം അക്രമങ്ങളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയില്‍ ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here