ശബരിമല, പ്രളയ സെസ്, വികസന മുരടിപ്പ്…തിരിച്ചടി ഭയന്ന് ഇടതുമുന്നണി

0
10

പി. എ. അലക്‌സാണ്ടര്‍
വിനാശകാലേ വിപരീതബുദ്ധി എന്ന് നാട്ടുംപുറത്ത് ഒരു ചൊല്ലുണ്ട്. ഉപയോഗിച്ച് ഉപയോഗിച്ച് തേഞ്ഞ പ്രയോഗം. എന്നാല്‍ കേരളം ഭരിക്കുന്ന ഇടതുമുന്നണിയെ വിശേഷിപ്പിക്കാന്‍ ഇതിനേക്കാള്‍ അനുയോജ്യമായ മറ്റൊരു പ്രയോഗം പെട്ടെന്നു തോന്നുന്നില്ല.
എന്തൊക്കെ വിപരീതഫലങ്ങളാണ് കേരളം ഭരിക്കുന്ന മുന്നണിയുടെ ബുദ്ധിശൂന്യത കൊണ്ട് സംഭവിക്കാന്‍ പോകുന്നത്. ‘സംഭവാമി യുഗേ യുഗേ’ എന്നുതന്നെ പറയുന്നതാവും നല്ലത്. ഒന്ന് ശബരിമലപ്രശ്‌നം, രണ്ട് തോമസ് ഐസക്കിന്റെ ധനകാര്യ ബജറ്റ്, മൂന്ന് വികസനമുരടിപ്പ്. ഈ മൂന്നു കാര്യങ്ങളും ഇഴകീറി പരിശോധിച്ചാല്‍ ഭരണവൈകല്യം എന്നു നിസ്സംശയം നാട്ടുകാര്‍ പറയൂം.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആയിരം ദിവസങ്ങളിലെ ഭരണംകൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും നേട്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഭരണകക്ഷികളുടെ അടുപ്പക്കാര്‍ക്ക് പ്രത്യേകിച്ച് ബന്ധുക്കള്‍ക്ക് എന്നു പറയേണ്ടിവരും. ബന്ധുനിയമനത്തിന്റെ പേരില്‍ ഒരു മന്ത്രി രാജിവെച്ചു തിരിച്ചുവന്നു. മറ്റൊരു മന്ത്രി ബന്ധുനിയമനവിവാദത്തില്‍ കുരുങ്ങിക്കിടക്കുന്നു. മൂന്നാമതൊരു നേതാവിന്റെ ബന്ധു നിയമനം സംബന്ധിച്ച് പാര്‍ട്ടിയില്‍ അതിരൂക്ഷമായ ചര്‍ച്ച നടക്കുന്നു. വികസനത്തിന്റെ കാര്യം എടുത്താല്‍ രാമേശ്വരത്തെ ക്ഷൗരം പോലെയെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഇങ്ങനെ വോട്ടറെ സമീപിച്ചാല്‍ എന്തായിരിക്കും ഫലമെന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പരക്കെ മുറുമുറുക്കുന്ന അവസ്ഥ.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമാകുമ്പോള്‍ കേരളത്തിലെ ഭരണമുന്നണി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികള്‍ ഇതൊക്കെതന്നെ.
ശബരിമല പ്രശ്‌നം ഇടതുമുന്നണിയിലും ഭക്തര്‍ക്കിടയിലും വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. സുപ്രീംകോടതിയിലെ നിലപാടു മാറ്റം ദേവസ്വം ബോര്‍ഡില്‍ പൊട്ടിത്തെറി തന്നെയാണുണ്ടാക്കി. ശബരിമല വിധിയെ അനുകൂലിച്ചത് തന്റെ അറിവോടയല്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ തുറന്നടിച്ചത് ബോര്‍ഡില്‍ ഭിന്നത രൂക്ഷമാണെന്നാണ് സൂചിപ്പിക്കുന്നത്.
സാവകാശ ഹര്‍ജിയുടെ പ്രസക്തി തന്നെ നഷ്ടമായെന്നും, യുവതീപ്രവേശത്തെ അനുകൂലിക്കാനുള്ള ബോര്‍ഡിന്റെ നവംബറിലെ തീരുമാനമാണ് കോടതിയില്‍ പറഞ്ഞതെന്നുമാണ് ദേവസ്വം കമ്മീഷണര്‍ എന്‍. വാസു പറയുന്നത്. പക്ഷേ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ ഈ വാദഗതികളെയെല്ലാം നഖശിഖാന്തം എതിര്‍ക്കുന്നു. ദേവസ്വം കമ്മീഷണര്‍ കാലാവധി പൂര്‍ത്തിയാക്കിയ ആളാണെന്നും കോടതിയില്‍ നിന്ന് ഒരു മാസത്തെ സാവകാശം വാങ്ങിയാണ് സ്ഥാനത്ത് തുടരുന്നതെന്നും എ. പത്മകുമാര്‍ വ്യക്തമാക്കി.
യുവതീപ്രവേശ വിധിയെ സുപ്രീം കോടതിയില്‍ അനുകൂലിച്ചതിനെച്ചൊല്ലിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ആഴത്തിലുള്ള ഭിന്നിപ്പ് ഉളവായിട്ടുള്ളത്. സര്‍ക്കാരും ദേവസ്വം ബോര്‍ഡ് കമ്മീഷണറും ഒരു വശത്തും പ്രസിഡന്റ് പത്മകുമാര്‍ മറുവശത്തും നിന്നാണ ്‌പോര്‍വിളി നടത്തുന്നത്.
സാവകാശ ഹര്‍ജിയിലൂന്നി യുവതീപ്രവേശം നീട്ടേണ്ടതിനു പകരം വിധിയെ നൂറുശതമാനം അനുകൂലിക്കുകയാണ് ബോര്‍ഡിന്റെ അഭിഭാഷകന്‍ ചെയ്തതെന്നും അതിനോട് തനിക്കു യോജിപ്പില്ലെന്നും പ്രസിഡന്റ് തുറന്നടിച്ചു. കോടതിയിലെ നിലപാട് മാറ്റം തന്നോടാലോചിക്കാതെയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ മറയില്ലാതെ പറയുമ്പോള്‍ കമ്മീഷണറും, സര്‍ക്കാരും ഒത്തു ‘കളിച്ചെന്ന’ സൂചനയാണു നല്‍കുന്നത്. തന്റെ അറിവോടെയല്ല കമ്മീഷണറെ ഡല്‍ഹിക്കയച്ചതെന്നും അവിടെ എന്ത് സംഭവിച്ചുവെന്ന് തനിക്കറിഞ്ഞുകൂടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുമ്പോള്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്ന പ്രതീതിയാണ് ജനിപ്പിക്കുന്നത്. കമ്മീഷണറോട് വിശദീകരണം ചോദിക്കുമെന്നും പ്രസിഡന്റ് പറയുമ്പോള്‍ പിന്നാമ്പുറത്ത് ഗൂഢാലോചനകള്‍ നടന്നുവെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന തോന്നലാണ് പൊതുജനങ്ങള്‍ക്കുണ്ടാകുന്നത്.
‘ഭക്തരുടെ താല്‍പ്പര്യം സാവകാശ ഹര്‍ജിയായിരുന്നു. അതില്‍ തീര്‍പ്പുണ്ടായ ശേഷം കോടതി വിധി നടപ്പാക്കല്‍ സംബന്ധിച്ച് തുടര്‍നടപടികളിലേക്കാണ് പോകേണ്ടത് എന്നാണ് ബോര്‍ഡ് തീരുമാനിച്ചിരുന്നത്.’ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. പത്മകുമാര്‍ വിശദീകരിച്ചതോടെ പൂച്ച പുറത്തു ചാടിയെന്നാണ് ശബരിമല ഭക്തര്‍ പറഞ്ഞത്. അതേ സമയം പത്മകുമാറിന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുകയാണെന്നും, ആശയക്കുഴപ്പമൊന്നും ഇല്ലെന്നും ദേവസ്വം മന്ത്രിയും, സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആണയിടുമ്പോള്‍ ഒരു സംശയം ഉരുത്തിരിയുന്നു. അതായത് സി.പി.എം നേതൃത്വവും, മുഖ്യമന്ത്രിയുടെ ഓഫീസും കമ്മീഷണര്‍ വഴി എന്തോ ഇടപാട് നടത്തിയിട്ടില്ലേ എന്ന സംശയമാണ് സാധാരണക്കാര്‍ക്കിടയില്‍ ഉള്ളത്. സര്‍ക്കാരും കമ്മീഷണറും ചേര്‍ന്നു തന്നെ വഞ്ചിച്ചതായും ദേവസ്വം പ്രസിഡന്റിന് ആക്ഷേപം ഉണ്ട്.
പത്മകുമാറിനെ സമ്മര്‍ദ്ദത്തിലാക്കി പ്രസിഡന്റ് സ്ഥാനത്ത് നിന്നു നീക്കി മുന്‍ പ്രസിഡന്റ് എം. രാജഗോപാലന്‍ നായരെ പ്രസിഡന്റ് ആക്കാനും ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവിനെ വിരമിക്കുമ്പോള്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനാക്കാനും നീക്കമുണ്ടെന്നാണ് പിന്നാമ്പുറത്തെ സംസാരം. പത്മകുമാറിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം സര്‍ക്കാരിന് ഭൂഷണമല്ലെന്നാണ് ശബരിമല വിശ്വാസികള്‍ പറയുന്നത്.
തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് നിര്‍ദ്ദേശപ്രകാരം വരുന്ന ഏപ്രില്‍ മുതല്‍ കേരളത്തിലെ നൂറോളം ഉല്‍പ്പന്നങ്ങളുടെ മേല്‍ ഒരു ശതമാനം പ്രളയനികുതി ചുമത്തേണ്ടതായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുറ്റത്തെത്തിയതോടെ ജനങ്ങളെ കൂടുതല്‍ സാമ്പത്തിക വിഷമ സന്ധിയിലേക്ക് പ്രളയസെസ്സ് എത്തിക്കുമെന്ന് പ്രതിപക്ഷവും എല്‍.ഡി.എഫിലെ ചിലരും അഭിപ്രായപ്പെട്ടതോടെ തോമസ് ഐസക്കിന് വീണ്ടുവിചാരം ഉണ്ടായി. അതോടെ രാഷ്ട്രീയ തിരിച്ചടിയില്‍ നിന്നു രക്ഷപ്പെടാന്‍ പ്രളയസെസ്സ് നടപ്പാക്കുന്നതിനല്‍പ്പം കാലതാമസം വരുത്താന്‍ തീരുമാനിച്ചു. തന്മൂലം സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഏപ്രില്‍ ഒന്നുമുതല്‍ പ്രളയനികുതി ബാധകമാക്കാന്‍ ആവില്ലെന്ന് ധനമന്ത്രി നിയമസഭയില്‍ തന്നെ പ്രഖ്യാപിച്ചു. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനു രണ്ടു ഡസനിലധികം പദ്ധതികള്‍ക്ക് രൂപം കൊടുത്ത ധനമന്ത്രി വിഭവ സമാഹരണത്തിനായി ഒട്ടുമിക്ക ഉപഭോഗവസ്തുക്കള്‍ക്കും ഒരു ശതമാനം അധികനികുതിയെന്ന് ആദ്യം പ്രഖ്യാപിച്ചു. രണ്ടുകൊല്ലം കൊണ്ട് ആയിരം കോടി രൂപയാണ് സമാഹരിക്കാന്‍ ഉദ്ദേശിച്ചത്. ഇടത് സര്‍ക്കാര്‍ നികുതിഭാരം കൊണ്ട് ജനങ്ങളെ വീര്‍പ്പുമുട്ടിക്കുന്നു എന്ന വിമര്‍ശനം പൊതുജനത്തിന്റെ ഇടയില്‍ പൊന്തിവന്നു. പ്രതിപക്ഷം മാത്രമല്ല ഭരണമുന്നണിയിലെ ചില ഘടകകക്ഷികളും രഹസ്യമായി അധികനികുതിയില്‍ ഉള്‍ക്കണ്ഠ രേഖപ്പെടുത്തി. ജി.എസ്.ടിയുടെ പേരില്‍ പ്രളയസെസ്സ് ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് ചതിക്കുഴിയായി മാറിയെന്ന് അവസ്ഥ ഭരണാധികാരികള്‍ തല്‍ക്കാലം തിരിച്ചറിഞ്ഞത് നന്നായെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സെസ്സ് വീണ്ടും തങ്ങളുടെ തലയില്‍ അടിക്കുമെന്ന് കേരളത്തിലെ ജനം തീര്‍ച്ചയായും തിരിച്ചറിയുന്നുണ്ട്. തോമസ് ഐസക്കിന്റെ ബജറ്റ് ഉപ്പു തൊട്ട് കര്‍പ്പൂരം വരെ വിലക്കയറ്റം ഉണ്ടാക്കുമെന്നും തിരഞ്ഞെടുപ്പിന് ശേഷം അത് പ്രാവര്‍ത്തികമാകുമെന്നും കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും തിരിച്ചറിയുന്നുണ്ടാവും.
തിരുവനന്തപുരം, ചേര്‍ത്തല, നാലുവരിപ്പാത, ആലപ്പുഴ ബൈപാസ്, കൊച്ചി മെട്രോ, ഗ്യാസ് പൈപ്പ്‌ലൈന്‍, തിരുവനന്തപുരം – കോഴിക്കോട് ലൈറ്റ് മെട്രോ തുടങ്ങി നിരവധി പദ്ധതികള്‍ സ്വപ്‌നപദ്ധതികളായിത്തന്നെ കിടക്കുന്നു. കേന്ദ്രഫണ്ടിന്റെ ഉപയോഗ വിവരങ്ങള്‍ യഥാസമയം നല്‍കാത്തതിനാല്‍ തുടര്‍പദ്ധതികള്‍ക്ക് ധനസഹായം കിട്ടുന്നില്ല.
സാമ്പത്തിക വര്‍ഷം കഴിയാറായെങ്കിലും പഞ്ചായത്ത് സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് പിരിവ് ഒച്ചിഴയും വേഗത്തിലാണ്. വിചാരിച്ചാല്‍ കാര്യം നടക്കുമെന്നതിന്റെ ഉദാഹരണമാണ് ജി. സുധാകരന്റെ അതിവേഗ റോഡ് നിര്‍മ്മാണം. പ്രളയത്തിനുശേഷം റോഡ് പുനര്‍നിര്‍മ്മാണം വേഗത്തിലായി. മറ്റെല്ലാ വകുപ്പുകളുടേയും പ്രവര്‍ത്തനം തൃപ്തികരമല്ല. ഇതെങ്ങനെ സംഭവിക്കുന്നു? പല വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ട് കാര്യങ്ങളൊക്കെ കുഴയ്ക്കുന്നു എന്ന തോന്നലാണിപ്പോഴുള്ളത്.
അടുത്തുനടക്കാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ചാവിഷയമാകും. എല്‍.ഡി.എഫും, യു.ഡി.എഫും, എന്‍.ഡി.എയും തമ്മിലുള്ള പോരാട്ടത്തില്‍ ഈ പ്രശ്‌നങ്ങളൊക്കെ ഏതു മുന്നണിയെ ബാധിക്കുമെന്നിപ്പോള്‍ പറയാനാകില്ല. പെട്ടി പൊട്ടിച്ചെണ്ണുമ്പോള്‍ മാത്രമേ ജനം ആരോടൊപ്പമെന്ന് മനസ്സിലാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here