റഫാല്‍ ഇടപാടിലെ പുതിയ വെളിപ്പെടുത്തല്‍

0
20

റഫാല്‍ യുദ്ധവിമാന ഇടപാട് കേന്ദ്രത്തിലെ മോദി ഗവണ്‍മെന്റിന് കൂടുതല്‍ കുരുക്കാകുകയാണ്. പ്രതിരോധ മന്ത്രാലയവും ഫ്രഞ്ച് കമ്പനിയും തമ്മിലുള്ള വിമാനക്കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടിടപെട്ടു എന്നാണ് നേരത്തെ തന്നെ കോണ്‍ഗ്രസ് ഉന്നയിച്ചിരിക്കുന്ന ആരോപണം. മുന്‍ ഫ്രഞ്ച് പ്രധാനമന്ത്രിയുടെ ഒരു അഭിമുഖ സംഭാഷണം ഉദ്ധരിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും നടത്തിവന്ന ആരോപണത്തിന് അനുകൂലമായ ഒരു തെളിവ് ഇപ്പോള്‍ ഇവിടെത്തന്നെ പുറത്തുവന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെതിരെ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് സെക്രട്ടറി ജി. മോഹന്‍ കുമാര്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത് ഇന്നലെ ‘ദ ഹിന്ദു’ പത്രം പ്രസിദ്ധീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും ഇതോടെ പ്രതിരോധത്തിലായി.

മുന്‍ പ്രതിരോധ സെക്രട്ടറിയുടെ കത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് വിമാന ഇടപാടില്‍ സമാന്തര ചര്‍ച്ച നടത്തിയതിന് തെളിവായി പ്രതിപക്ഷം ഇന്നലെ ലോക്‌സഭയില്‍ ഉയര്‍ത്തിക്കാട്ടി. എന്നാല്‍ ആ കത്തിന് അന്നത്തെ പ്രതിരോധ വകുപ്പു മന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമായി മറുപടി നല്‍കിയിരുന്നു. ഫ്രഞ്ച് കമ്പനിയുമായി നടത്തുന്ന ഇടപാടുകള്‍ സുതാര്യമാക്കാന്‍ വേണ്ടിയുള്ള ഇടപെടലുകളാണ് പി.എം.ഒ നടത്തുന്നതെന്ന് അന്നത്തെ പ്രതിരോധ മന്ത്രി സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ വ്യാഖ്യാനം. ആരോപണകര്‍ത്താക്കള്‍ ആരും ഈ വ്യാഖ്യാനമോ വിശദീകരണമോ വിശ്വസിക്കുമെന്നു തോന്നുന്നില്ല. പ്രധാനമന്ത്രി മോദി പ്രതിരോധ ഇടപാടില്‍ കൈകടത്തുക വഴി റിലയന്‍സ് കമ്പനിയുടെ ഉടമകള്‍ക്ക് ഈ വ്യാപാരത്തില്‍ പങ്കാളിത്തം ലഭിച്ചു. അങ്ങനെ സാമാന്യേന ന്യായവിലയ്ക്ക് ലഭിക്കേണ്ടിയിരുന്ന വിമാനങ്ങള്‍ പതിന്മടങ്ങ് വിലകൂട്ടി വാങ്ങാന്‍ ഇന്ത്യ കരാറുറപ്പിച്ചു. അതുവഴി 30,000 കോടി രൂപയുടെ ലാഭം റിലയന്‍സ് കമ്പനിക്ക് മെയ്യനങ്ങാതെ ലഭിച്ചു എന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവര്‍ത്തിക്കുന്ന ആരോപണം. മുന്‍ പ്രതിരോധ സെക്രട്ടറിയുടെ കത്ത് കൂടി തെളിവായി വന്നതോടെ റഫാല്‍ വിമാന ഇടപാടിനെപ്പറ്റി മോദി സര്‍ക്കാര്‍ എത്ര തന്നെ ശക്തിയായി ന്യായീകരിച്ചാലും സാമാന്യ ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയില്ല.

കോണ്‍ഗ്രസിന്റെ ഭരണകാലത്ത് ആരംഭിച്ചതാണ് റഫാല്‍ കരാറിനുള്ള ശ്രമങ്ങള്‍. വിമാനങ്ങളുടെ വിലയും വാങ്ങിയശേഷമുള്ള സേവനങ്ങളും സംബന്ധിച്ച വിശദീകരണം അന്തിമഘട്ടത്തില്‍ എത്തും മുമ്പ് യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നൊഴിഞ്ഞു. ബെംഗളൂരുവിലെ എച്ച്.എ.എല്‍ കമ്പനി വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നിര്‍വ്വഹിക്കും എന്നായിരുന്നു തുടക്കത്തില്‍ ഉള്ള ധാരണ. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എച്ച്.എ.എല്‍ കമ്പനിയുടെ പങ്ക് രംഗത്തുനിന്നു പോയി. പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനു പകരം സ്വകാര്യ കമ്പനിയായ റിലയന്‍സ് വന്നു. പാരീസില്‍ നടന്ന അനന്തര ചര്‍ച്ചകളിലെല്ലാം സര്‍ക്കാര്‍ പ്രതിനിധികള്‍ക്കൊപ്പം റിലയന്‍സിന്റെ ഉടമ പങ്കെടുത്തു.

ഇത് ന്യായവും സുതാര്യവും അല്ലെന്നാണ് വിമര്‍ശകരുടെ അഭിപ്രായം. ഓരോ വിമാനത്തിന്റേയും വില പതിന്മടങ്ങായി വര്‍ദ്ധിപ്പിക്കാന്‍ റഫാല്‍ കമ്പനിക്കു മേല്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തി എന്ന് മുന്‍ ഫ്രഞ്ചു പ്രസിഡന്റ് പറഞ്ഞതോടെ ഇടപാടിന്റെ പിന്നിലെ കള്ളക്കളികള്‍ ഏറെക്കുറെ വെളിച്ചത്തുവരികയായിരുന്നു. ഇപ്പോള്‍ പ്രതിരോധ മന്ത്രി ഇടപെട്ട് പി.എം.ഒയെ തടയാന്‍ ശ്രമിച്ചതിന്റെ തെളിവും കത്ത് രൂപത്തില്‍ വെളിയില്‍ വന്നിരിക്കുന്നു. മോദി സര്‍ക്കാരിന് ന്യായയുക്തമായി മറുപടി പറയാന്‍ പറ്റാത്ത ഗുരുതരമായ ഒരു സ്ഥിതി വിശേഷത്തിലാണ് ഈ പ്രതിരോധ ഇടപാടിന്റെ പിന്നിലെ രഹസ്യങ്ങള്‍ ചുരുളഴിയുന്നത്. ദേശീയ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും റഫാല്‍ ഇടപാട് തിരിച്ചടിയാകാതിരിക്കാന്‍ തരമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here