പനമരം പഞ്ചായത്തില്‍ പ്രതിരോധ കുത്തിവെപ്പില്‍ പാളിച്ച; കുളമ്പ് രോഗം പടരുന്നു

0
32
കുളമ്പ് രോഗം ബാധിച്ച് നുരയും പതയും ഒലിപ്പിച്ച് നില്‍ക്കുന്ന നടവയല്‍ ചീരവയല്‍ പുതുപറമ്പില്‍ ദേവസ്യയുടെ പശു.

കല്‍പ്പറ്റ: പ്രതിരോധ കുത്തിവെപ്പിലുണ്ടായ വീഴ്ച മൂലം പനമരം പഞ്ചായത്ത് പരിധിയില്‍ കന്നുകാലികളില്‍ കുളമ്പ് രോഗം പടരുന്നു. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും പ്രതിരോധ കുത്തിവെപ്പ് നടത്താത്തതാണ് രോഗം പടരാന്‍ കാരണം. നിലവില്‍ പനമരം പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് കുളമ്പ് രോഗം പടര്‍ന്നുകൊണ്ടിരിക്കുന്നത്. ഇവിടെയുള്ള അഞ്ചു പശുക്കള്‍ക്ക് കുളമ്പ് രോഗം ബാധിച്ചിട്ടുണ്ട്. ഈ വാര്‍ഡിലെ പല പ്രദേശങ്ങളിലും ഇതുവരെ പ്രതിരോധ കുത്തിവെപ്പ് നടത്തിയിട്ടില്ല. എന്നാല്‍ കുത്തിവെപ്പ് നടത്തിയെന്നാണ് അധികൃതരുടെ അവകാശവാദം. ഏഴാം വാര്‍ഡിലെ നിരവധി വീട്ടുകാരുടെ കന്നുകാലികള്‍ക്ക് വര്‍ഷങ്ങളായി പ്രതിരോധ കുത്തിവെപ്പ് നടത്തിയിട്ടില്ല. ക്ഷീര കര്‍ഷകര്‍ ഏറെയുള്ള പ്രദേശമാണ് പനമരം പഞ്ചായത്ത് ഏഴാം വാര്‍ഡ്.
ഏഴാം വാര്‍ഡിലെ ആലുങ്കല്‍ താഴെ പ്രദേശത്ത് പ്രതിരോധ കുത്തിവെപ്പ് നടത്തിയിട്ടുണ്ട്. തൊട്ടടുത്തുള്ള ചിരവയല്‍ പ്രദേശം അധികൃതര്‍ ഒഴിവാക്കി. ചീരവയല്‍ കുന്നിലുള്ള ഒരു വീട്ടിലും പ്രതിരോധ കുത്തിവെപ്പിന് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്‍ എത്തിയിട്ടില്ല.
പനമരം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയെന്നാണ് ഈ വാര്‍ഡില്‍ കുത്തിവെപ്പിന് നിയോഗിക്കപ്പെട്ട നിഖില്‍ എന്നയാള്‍ മേലധികാരികള്‍ക്ക് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. ഏഴാം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ കുത്തിവെപ്പ് നടത്തിയതെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ഈ സാഹചര്യത്തില്‍ കുത്തിവെപ്പില്‍ ഉണ്ടായ പാളിച്ച സംബന്ധിച്ച് അന്വേഷിക്കാന്‍ ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കുമെന്ന് ക്ഷീര കര്‍ഷകര്‍ പറഞ്ഞു.
ചീരവയല്‍ കുന്നിലെ പുതുപറമ്പില്‍ ദേവസ്യയുടെ രണ്ടു പശുക്കള്‍ക്ക് കുളമ്പ് രോഗം ബാധിച്ചിട്ട് നാലു ദിവസമായി. മൃഗാശുപത്രിയില്‍ വിവരം അറിയിച്ചപ്പോള്‍ ഗുളിക നല്‍കിയതല്ലാതെ ഈ പ്രദേശത്ത് രോഗം വരാതിരിക്കാനുള്ള യാതൊരു നടപടികളും അധികൃതര്‍ സ്വീകരിച്ചിട്ടില്ല.
ചീരവയല്‍കുന്നിന് സമീപമുള്ള നടവയല്‍ ഇരട്ട മുണ്ടക്കല്‍ ജില്‍സന്റെ മൂന്ന് പശുക്കള്‍ക്ക് കുളമ്പ് രോഗം ബാധിച്ചിട്ട് ദിവസങ്ങളായി. ഈ പ്രദേശത്തും പ്രതിരോധ കുത്തിവെപ്പ് നടത്തിയിരുന്നില്ല. ജില്‍സണ്‍ വിവരം അധികൃതരെ അറിയിച്ചിട്ടും വേണ്ടത്ര ഗൗരവത്തില്‍ എടുത്തിട്ടില്ല. തന്‍മൂലം തൊട്ടടുത്ത പ്രദേശങ്ങളിലേക്കെല്ലാം രോഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
ഇവിടെയുള്ള പല കര്‍ഷകരുടെയും ഉപജീവന മാര്‍ഗം കന്നുകാലി വളര്‍ത്തലാണ്. പ്രതിരോധ നടപടികള്‍ സ്വീകരിക്കാനായിഫെബ്രുവരി 17, 18 തീയതികളില്‍ തുടര്‍ച്ചയായി ക്ഷീരകര്‍ഷകര്‍ അധികൃതരെ ബന്ധപ്പെട്ടുവെങ്കിലും നടപടിയുണ്ടായില്ല. ഇന്നലെ അവശ്യ സര്‍വീസുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഹര്‍ത്താലിന്റെ പേര് പറഞ്ഞ് അധികൃതര്‍ നടപടി സ്വീകരിച്ചില്ല
കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പില്‍ നിന്ന് പല പ്രദേശങ്ങളെയും ഒഴിവാക്കിയത് സംബന്ധിച്ച് അന്വേഷിച്ച് നടപടി എടുക്കണമെന്ന് ക്ഷീര കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
ഞായറാഴ്ച രാവിലെ മുതല്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറെ അടക്കം കര്‍ഷകര്‍ ബന്ധപ്പെട്ടിട്ടും നോക്കാം എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ചെയ്തതെന്ന് പരാതിയുണ്ട്. സംഭവത്തെതെക്കുറിച്ച് ഉന്നതാധികാാരികള്‍ക്ക് പരാതി നല്‍കുമെന്ന് കര്‍ഷകര്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here