കേരളത്തിലും സുരക്ഷ ശക്തമാക്കി; തീരത്ത് നിതാന്ത ജാഗ്രത

0
2

ജിബി സദാശിവന്‍

കൊച്ചി: പാകിസ്ഥാന്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും സുരക്ഷ ശക്തമാക്കി. തീര പ്രദേശങ്ങളില്‍ സേനാവിഭാഗങ്ങള്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി പ്രതിരോധ വകുപ്പ് വക്താവ് കമാണ്ടര്‍ ശ്രീധര്‍ വാര്യര്‍ കേരള പ്രണാമത്തോട് പറഞ്ഞു. നാവികസേനയും തീര സംരക്ഷണ സേനയും സംയുക്തമായാണ് നിരീക്ഷണം ശക്തിപ്പെടുത്തിയത്. പാകിസ്ഥാന്‍ തിരിച്ചടിക്കായി ലക്ഷ്യം വെയ്ക്കുന്നത് ദക്ഷിണേന്ത്യയിലെ ചില സ്ഥലങ്ങള്‍ ആണെന്ന സംശയവും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനുണ്ട്. ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ഒരേ സമയത്ത് ആക്രമം നടത്താന്‍ ഭീകരര്‍ ലക്ഷ്യമിടുന്നുണ്ടെന്നു നേരത്തെ തന്നെ ചില സൂചനകള്‍ കേന്ദ്ര ആഭ്യന്തര സുരക്ഷാ വിഭാഗത്തിന് ലഭിച്ചിരുന്നു. ദക്ഷിണേന്ത്യയിലെ വിദേശ രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങള്‍, കര, വ്യോമ, നാവിക സേനാ കേന്ദ്രങ്ങള്‍, തുറമുഖങ്ങള്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങള്‍ ലക്ഷ്യമാക്കിയാണ് പാക്ക് ഭീകര സംഘടനകള്‍ പദ്ധതി ആസൂത്രണം ചെയ്യുന്നത്. ചെന്നൈയില്‍ പിടിയിലായ ഐ.എസ്.ഐ ഏജന്റ് സാക്കിര്‍ ഹുസൈന്‍, അരുണ്‍ സെല്‍വരാജ് തുടങ്ങിയവര്‍ ദക്ഷിണേന്ത്യയിലെ തന്ത്രപ്രധാന മേഖലകളുടെ ചിത്രങ്ങള്‍ ശ്രീലങ്കയിലെ പാക്ക് ഹൈക്കമ്മിഷനു കൈമാറിയതായും കണ്ടെത്തിയിരുന്നു.
കൂടുതല്‍ യുദ്ധക്കപ്പലുകളും വിമാനങ്ങളും ഉള്‍ക്കടലിലും തീരദേശത്തും പട്രോളിംഗിന് നിയോഗിച്ചിട്ടുണ്ട്. 590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേരളത്തിന്റെ കടലോര മേഖലയുടെ സമുദ്രാതിര്‍ത്തി തീര സംരക്ഷണ സേനയുടെയും ദക്ഷിണമേഖല നാവികസേനയുടെയും കര്‍ശന നിരീക്ഷണത്തിലാണ്. പൂര്‍ണ സജ്ജീകരണങ്ങളുമായി നാവികസേനയുടെ യുദ്ധക്കപ്പലുകളെ പട്രോളിംഗിന് ചുമതലപ്പെടുത്തി. ഇവയ്ക്ക് പിന്തുണയുമായി ഡോര്‍ണിയര്‍ വിമാനങ്ങളും ചേതക് ഹെലികോപ്റ്ററുകളും ഉണ്ടാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം വഴി സമുദ്രത്തില്‍ 50 കിലോമീറ്റര്‍ വരെ അകലത്തിലുള്ള കപ്പലുകളെ നിരീക്ഷിക്കുന്നുണ്ട്.
ഏത് തരത്തിലുള്ള ആക്രമണങ്ങളെയും നേരിടുന്നതിന് മുന്നോടിയായി ദക്ഷിണ വ്യോമ കമാന്‍ഡിലും പാങ്ങോട് സൈനിക കേന്ദ്രത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്തും സുരക്ഷാ ശക്തിപ്പെടുത്തി. തിരുവനന്തപുരത്തു നിന്ന് 357 കിലോമീറ്റര്‍ മാത്രം അകലെയാണ് കൊളംബോ വിമാനത്താവളം. ശ്രീലങ്ക കേന്ദ്രമാക്കി പാക്ക് സഹായത്തോടെ ഭീകരര്‍ പരിശീലനം നടത്തുന്നതായി രഹസ്യാന്വേഷണ സംഘങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു.
ഈ പശ്ചാത്തലത്തില്‍ തിരുവനന്തപുരം വിമാനത്താവളം, പത്മനാഭസ്വാമി ക്ഷേത്രം, ദക്ഷിണ വ്യോമ ആസ്ഥാനം, ഐ.എസ്.ആര്‍.ഒ എന്നിവിടങ്ങളില്‍ സുരക്ഷാ ശക്തിപ്പെടുത്തിയിട്ടുണ്ട്.
പാകിസ്ഥാനുമായി അടുപ്പമുള്ള മാലി ദ്വീപിലേക്ക് മുക്കാല്‍ മണിക്കൂര്‍ വ്യോമദൂരമാണ് തിരുവനന്തപുരത്ത് നിന്നുള്ളത്. വ്യോമാക്രമണ ഭീഷണി പ്രതിരോധിക്കാന്‍ ദക്ഷിണ വ്യോമ കമാന്‍ഡില്‍ എയ്റോസാറ്റ് റഡാര്‍ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. രാത്രിയിലും അതിസൂക്ഷ്മ നിരീക്ഷണം സാദ്ധ്യമായ അത്യാധുനിക സംവിധാനങ്ങള്‍, ദൂരപരിധി കൂടിയ ബുള്ളറ്റ് ക്യാമറകള്‍, ബൂം ബാരിയറുകള്‍, ട്രോളിവീല്‍ റോഡ് ബാരിയറുകള്‍ എന്നിവയടങ്ങിയ സുരക്ഷാ കവചമാണ് ദക്ഷിണവ്യോമ കമാന്‍ഡില്‍ തയാറാക്കിയിട്ടുള്ളത്. നൈറ്റ് വിഷന്‍ സൗകര്യങ്ങളുള്ള 700 ടെലിവിഷന്‍ ലെന്‍സ് (ടിവിഎല്‍) ശേഷിയുള്ള ക്യാമറാ സംവിധാനമാണ് വ്യോമ താവളത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.
മുംബൈ ഭീകരാക്രമണത്തിന് തീവ്രവാദികള്‍ പാകിസ്ഥാനില്‍ നിന്ന് എത്തിയത് കടല്‍മാര്‍ഗമായതിനാല്‍ കേരളം ഉള്‍പ്പെടെ കടലോര സംസ്ഥാനങ്ങളില്‍ കേന്ദ്രം അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കി. തിരുവനന്തപുരം വിമാനത്താവളത്തിന് പതിമ്മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ സായുധ സുരക്ഷാ ഏര്‍പ്പെടുത്തി കഴിഞ്ഞു. ഏഴിമല നാവിക അക്കാദമിയിലും സുരക്ഷാ ശക്തിപെടുത്തിയിട്ടുണ്ട്. വിമാന റാഞ്ചല്‍ ഭീഷണിസാദ്ധ്യത പരിഗണിച്ച് സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ സി.ഐ.എസ്.എഫ് കമാന്‍ഡോകളെയും ദ്രുതകര്‍മ്മ സേനയെയും നിയോഗിച്ചിട്ടുണ്ട്. യാത്രക്കാരെ എക്‌സ്‌റേ പരിശോധനയ്ക്ക് പുറമെ നാല് തലങ്ങളിലുള്ള പരിശോധനയ്ക്കും വിധേയരാക്കും. വിമാനത്താവളത്തില്‍ നിലവിലുള്ള റഡാറിന് പുറമെ ഉപഗ്രഹാധിഷ്ഠിത ഓട്ടോമാറ്റിക് ഡിപ്പന്റന്‍ഡ് സര്‍വൈലന്‍സ് ബ്രോഡ്കാസ്റ്റ് സംവിധാനവും ഏര്‍പ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here