ലക്ഷ്യത്തിലേത്തേണ്ട വൈദ്യുത ബസ്

0
14

കെ.എസ്.ആര്‍.ടി.സി കഴിഞ്ഞ ദിവസം പരീക്ഷണാര്‍ത്ഥം ഓടിച്ചുതുടങ്ങിയ ദീര്‍ഘദൂര ഇലക്ട്രിക് ബസ് സര്‍വ്വീസുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാതെ വൈകി യാത്ര മുടങ്ങിപ്പോയ സംഭവം പൊതുജനങ്ങള്‍ ശ്രദ്ധിച്ചതാണ്. ഡീസലിനു പകരം വൈദ്യുതി ഉപയോഗിച്ച് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതു മൂലം ഉണ്ടാകുന്ന പലതരം നേട്ടങ്ങള്‍ മനസ്സിലാക്കിയാണ് കെ.എസ്.ആര്‍.ടി.സി ഈ പരീക്ഷണം ഏറ്റെടുത്തത്. ശബരിമല മണ്ഡലോത്സവ കാലത്ത് നിലയ്ക്കല്‍-പമ്പ റൂട്ടില്‍ പരീക്ഷിച്ച് വിജയിച്ചതുകൊണ്ടാണ് ദീര്‍ഘദൂര ഇലക്ട്രിക് ബസ് ഓടിച്ചുതുടങ്ങാന്‍ കോര്‍പ്പറേഷന്‍ മുതിര്‍ന്നത്. ആസൂത്രണത്തിന്റെ വൈകല്യം കൊണ്ടും ദീര്‍ഘവീക്ഷണമില്ലാത്തതുകൊണ്ടും തല്‍ക്കാലം ആ പരീക്ഷണം പാളിപ്പോയി. എന്നുകരുതി ധീരമായ ആ ഉദ്യമത്തില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ഒരു കാരണവശാലും പിന്മാറരുത്. മാത്രമല്ല, പടിപടിയായി കോര്‍പ്പറേഷന്റെ എല്ലാ ബസ്സുകളും വൈദ്യുതി ഇന്ധനമായി ഉപയോഗിക്കുന്ന തലത്തിലേക്ക് ഉയര്‍ന്നാല്‍ അത് ഈ നാടിന്റെ പുണ്യമായിരിക്കും.
ബദല്‍ ഊര്‍ജ്ജ സാധ്യത ലോകത്തിന്റെ ഏറ്റവും ഗൗരവതരമായ അന്വേഷണവിഷയമാണ്. ഹൈഡ്രോകാര്‍ബണ്‍ അഥവാ ഫോസില്‍ ഇന്ധനം പ്രകൃതിയില്‍ കുറഞ്ഞുവരുകയാണ്. പെട്രോളും ഡീസലും അസംസ്‌കൃത എണ്ണയില്‍ നിന്ന് വേര്‍തിരിച്ചെടുക്കാനുള്ള ചെലവ് കണക്കിലെടുക്കുമ്പോള്‍ ഇതര മാര്‍ഗ്ഗങ്ങളിലേക്ക് തിരിയുന്നത് സ്വാഭാവികമാണ്. അതേസമയം ഈ ഇന്ധനം കത്തിയെരിയുന്നതുവഴി അന്തരീക്ഷ വായുവിലുണ്ടാകുന്ന മാരകമായ മാലിന്യം ജീവജാലങ്ങളുടെ നിലനില്‍പ്പിന് വന്‍ ഭീഷണിയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഡീസല്‍ വാഹനങ്ങള്‍ ഓടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എണ്ണ, പ്രകൃതിവാതകം എന്നിവ ആവശ്യത്തിന്റെ 20% മാത്രമേ ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്നുള്ളൂ. 80%വും ഇറക്കുമതി ചെയ്യേണ്ടിവരുന്നു. ഇതിനായി വിദേശനാണയനിരക്കില്‍ രാജ്യം നല്‍കുന്ന വില നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും വന്‍ നികുതി ചുമത്തിയാണ് പെട്രോളും ഡീസലും ഇന്ത്യയില്‍ വില്‍ക്കുന്നത്. 45% നികുതി ചുമത്തപ്പെടുന്ന ഇന്ധനത്തിന് ബദല്‍ കണ്ടുപിടിക്കേണ്ടത് പൊതു ആവശ്യം കൂടിയാണ്. ഉപയോഗം പരിമിതപ്പെടുത്താന്‍ വേണ്ടിയാകാം ഇന്ധനനികുതി ഇത്രത്തോളം ഉയര്‍ത്തിവെച്ചിരിക്കുന്നത്. വൈദ്യുതി ഇന്ധനമായി ഉപയോഗിച്ചാല്‍ ചെലവ് പത്തിലൊന്നായി കുറയും. കെ.എസ്.ആര്‍.ടി.സിയുടെ ദൈനംദിന ചെലവിലെ ഏറ്റവും ഭീമമായ ഭാഗം ഇന്ധനചെലവാണ്. വൈദ്യുതി വഴി അത് പത്തിലൊന്നായി കുറയുമെങ്കില്‍ കോര്‍പ്പറേഷന് അതിനേക്കാള്‍ വലിയൊരു അനുഗ്രഹം ഇപ്പോള്‍ കിട്ടാനില്ല. അത്രത്തോളം പ്രാധാന്യമുള്ള ഒരു വിഷയത്തിലാണ് കെ.എസ്.ആര്‍.ടി.സി കഴിഞ്ഞ ദിവസം തികച്ചും ഉദാസീനമായ നിലപാട് എടുത്തത്. എട്ട് ദീര്‍ഘദൂര ബസ്സുകള്‍ തിങ്കളാഴ്ച കോര്‍പ്പറേഷന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചു. അതില്‍ രണ്ടെണ്ണം എറണാകുളത്തേക്കുള്ളവയായിരുന്നു. ഒന്ന് ചേര്‍ത്തലയിലെത്തി അവസാനിച്ചു. മറ്റൊന്ന് വൈറ്റിലയിലും. ഇടവേളയില്‍ വൈദ്യുതി ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യം ഒരുക്കാതിരുന്നതാണ് പ്രധാന കാരണം. ഒരിക്കല്‍ ചാര്‍ജ്ജ് ചെയ്താല്‍ 200-300 കിലോമീറ്റര്‍ ഓടാന്‍ കഴിയും. തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ 252 കിലോമീറ്റര്‍ ഓടണം. 4-5 തിരക്കേറിയ പട്ടണങ്ങള്‍ കടന്നുവേണം ഈ ദൂരം താണ്ടാന്‍. പകല്‍നേരങ്ങളില്‍ തിരക്കേറിയ മാര്‍ഗ്ഗത്തിലും സാവകാശം ഓടുമ്പോള്‍ ബാറ്ററി ചാര്‍ജ്ജ് വേഗം തീരും. അത് കണക്കുകൂട്ടി ഇടയ്ക്ക് ഒന്നുരണ്ടു സ്ഥലങ്ങളില്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. ഇക്കാര്യം മുന്‍കൂട്ടി കണ്ട് ചെയ്യാന്‍ അതിബുദ്ധിയൊന്നും ആവശ്യമില്ല. ഐ.ടി.ഐ പാസ്സായ ഒരു സാധാരണക്കാരന്റെ ബുദ്ധിയില്‍ ഉദിക്കേണ്ട കാര്യമാണിത്. കെ.എസ്.ആര്‍.ടി.സി ഭരിക്കുന്നവര്‍ക്ക് സാമാന്യജ്ഞാനം പോലും ഇല്ലെന്നു വന്നാല്‍ ഇത്തരം പാളിച്ചകള്‍ ഇനിയും ഉണ്ടാകും.
കെ.എസ്.ആര്‍.ടി.സിയെ നഷ്ടത്തിലേക്ക് തള്ളുന്നതില്‍ ഇന്ധനച്ചെലവ് പ്രധാനഘടകമാണെന്ന് പറഞ്ഞുവല്ലോ. ഡീസല്‍ ചോര്‍ത്തുന്ന അഴിമതി കോര്‍പ്പറേഷനിലെ പരസ്യമായ രഹസ്യമാണ്. വൈദ്യുതി ബസ് സാര്‍വ്വത്രികമായായല്‍ ഡീസല്‍ മോഷ്ടാക്കള്‍ക്ക് നിലനില്‍പ്പുണ്ടാവില്ല. വേണ്ടത്ര സൗകര്യവും മുന്നൊരുക്കങ്ങളുമില്ലാതെ വൈദ്യുതി ബസുകളെ ദീര്‍ഘയാത്രയ്ക്ക് വിട്ട് ജനങ്ങളുടെ അവജ്ഞ ഉണ്ടാകട്ടെ എന്ന് കരുതിയത് മനഃപ്പൂര്‍വ്വമാകുമോ? ഇത്രയും നിസ്സാരമായ ഒരു കാര്യത്തില്‍ സംഭവിച്ച വീഴ്ച കാണുമ്പോള്‍ ഇങ്ങനൊക്കെ സംശയിക്കാന്‍ ആരും പ്രേരിതരാകും. ബദല്‍ ഇന്ധനം എന്ന വലിയ ഒരാശയത്തെ സ്ഥാപിതതാല്‍പര്യക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ തടയേണ്ടത് കോര്‍പ്പറേഷന്റ ഭരണതലപ്പത്തിരിക്കുന്നവരാണ്. ഒന്നോ രണ്ടോ തവണ ബസ് ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്നുകരുതി കോര്‍പ്പറേഷന്‍ വൈദ്യുതി ബസ്സുകള്‍ പാടേ ഉപേക്ഷിക്കരുത്. കൂടുതല്‍ റൂട്ടിലേക്ക് സംസ്ഥാനവ്യാപകമായി ഈ പദ്ധതി ഫലപ്രദമായി നടപ്പാക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here