പാക് വിമാനങ്ങളുടെ കടന്നുകയറ്റം: ഡല്‍ഹിയില്‍ നിര്‍ണായക കൂടിയാലോചനകള്‍ തുടരുന്നു

0
2

ന്യൂഡല്‍ഹി : പാകിസ്ഥാന്റെ മൂന്ന് പോര്‍ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചതിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിര്‍ണായക കൂടിയാലോചനകള്‍ തുടരുകയാണ്. അര്‍ധസൈനിക വിഭാഗങ്ങളുടെ മേധാവിമാരെ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ചു. കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ രാവിലെ സൈനിക മേധാവിമാരുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ, നാവിക സേന മേധാവി വൈസ് അഡ്മിറല്‍ സുനില്‍ ലാംബ, റോ, ഇന്റലിജന്‍സ് മേധാവിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

അതിര്‍ത്തിയില്‍ ജാഗ്രത പുലര്‍ത്താന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാകിസ്ഥാന്‍ തിരിച്ചടിക്കാനുള്ള സാധ്യത പരിഗണിച്ച് ഇന്ത്യ വ്യോമപ്രതിരോധ സംവിധാനം സേന ഒരുക്കിയിട്ടുണ്ട്. അതിര്‍ത്തിയിലെ ഗ്രാമീണരെയും സൈന്യം ഒഴിപ്പിച്ചിട്ടുണ്ട്. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കശ്മീരിലെ നാലു വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. ശ്രീനഗര്‍, ജമ്മു, ലേ, പത്താന്‍കോട്ട് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലെ സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്.

ഇതുകൂടാതെ ചണ്ഡീഗഡ്, അമൃത് സര്‍ വിമാനത്താവളങ്ങളും സര്‍വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്. ഇവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിട്ടിട്ടുണ്ട്. പാകിസ്ഥാന്‍ തിരിച്ചടിക്കാന്‍ ശ്രമം നടത്തിയേക്കുമെന്ന മുന്നറിയിപ്പുകളുടെ സാഹചര്യത്തിലാണ് മുന്‍കരുതലായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുള്ളത്. പഞ്ചാബിലും ഹിമാചല്‍പ്രദേശിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here