കൊട്ടക്കമ്പൂര്‍ ഭൂമി വിവാദം: ഇടുക്കി എം.പിക്ക് വീണ്ടും നോട്ടീസ്

0
4

തൊടുപുഴ: കൊട്ടക്കമ്പൂര്‍ ഭൂമി വിവാദത്തില്‍ ജോയ്സ് ജോര്‍ജ് എം.പിക്ക് ദേവികുളം സബ് കളക്ടര്‍ ഡോ. രേണുരാജ് നോട്ടീസ് നല്‍കി.
ഭൂമിയുടെ രേഖകള്‍ സഹിതം മാര്‍ച്ച് ഏഴിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ഹൈക്കോടതിയില്‍നിന്ന് അനുകൂല ഉത്തരവുള്ളതിനാല്‍ ജോയ്സ് ജോര്‍ജ് എം.പി. നേരിട്ട് ഹാജരായേക്കില്ല. അഭിഭാഷകന്‍ മുഖേനയായിരിക്കും രേഖകള്‍ ഹാജരാക്കുക.
കൊട്ടക്കമ്പൂര്‍ ഭൂമി വിവാദത്തില്‍ ജനുവരി പത്തിന് എം.പിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹൈക്കോടതിയില്‍നിന്ന് ഒരുമാസത്തെ സ്റ്റേ വാങ്ങിയിരുന്നു. ഹൈക്കോടതി അനുവദിച്ച സ്റ്റേ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് സബ് കളക്ടര്‍ വീണ്ടും നോട്ടീസ് നല്‍കിയത്.
ഇടുക്കി കൊട്ടക്കമ്പൂരില്‍ ജോയ്സ് ജോര്‍ജ് എം.പി കൈവശം വച്ചിരിക്കുന്ന ഭൂമിയെ സംബന്ധിച്ചാണ് നേരത്തെ വിവാദം ഉടലെടുത്തത്.
ഭൂമിയുടെ രേഖകള്‍ കൃത്യമല്ലെന്ന് കാണിച്ച് മുന്‍ ദേവികുളം സബ് കളക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കിയിരുന്നു. ഇതിനെതിരേ എം.പി. പരാതി നല്‍കുകയും പിന്നീട് ജില്ലാ കളക്ടര്‍ സബ് കളക്ടറുടെ നടപടി മരവിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഭൂമിയുടെ തുടക്കംമുതലുള്ള എല്ലാ രേഖകളുമായി കഴിഞ്ഞ വര്‍ഷം ജൂലായില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി.
ഇതിനെതിരേ ജോയ്സ് ജോര്‍ജ് ലാന്‍ഡ് റവന്യൂ കമ്മിഷണറെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല.
തുടര്‍ന്ന് ജനുവരി പത്തിന് സബ് കളക്ടര്‍ വീണ്ടും നോട്ടീസ് നല്‍കുകയും ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here