ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ അനാരോഗ്യ പ്രവണത

0
17

കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് നിരക്ക് വീണ്ടും കുഴഞ്ഞുമറിയുകയാണ്. വിദ്യാര്‍ത്ഥികളുടെ താല്പര്യത്തിനും പ്രതീക്ഷകള്‍ക്കും വിരുദ്ധമായി 2017-18 വര്‍ഷത്തിലെ സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവായി. 21 കോളേജ് മാനേജ്‌മെന്റുകള്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഫീസ് നിരക്ക് ഉയര്‍ത്തണമെന്ന ആവശ്യത്തിന് അനുകൂലമായി കോടതി വിധി ഉണ്ടായിരിക്കുന്നത്.
നാലര ലക്ഷം മുതല്‍ 5.5 ലക്ഷം രൂപ വരെ വാര്‍ഷിക ഫീസ് നിശ്ചയിച്ചുകൊണ്ട് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ സമര്‍പ്പിച്ച നിര്‍ദ്ദേശം ഹൈക്കോടതി ഉത്തരവോടു കൂടി നിരാകരിക്കപ്പെട്ടിരിക്കുന്നു. 11 ലക്ഷം രൂപ വാര്‍ഷിക ഫീസ് ഈടാക്കാനനുവദിക്കണമെന്നാണ് സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകളുടെ ആവശ്യം. ഇത് അപ്പടി നടപ്പായാല്‍ ഇപ്പോള്‍ സ്വാശ്രയ കോളേജില്‍ ചേര്‍ന്നിരിക്കുന്ന നാലായിരത്തോളം വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക ബാദ്ധ്യത ഇരട്ടിയിലേറെയാവും. സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ത്ഥിപ്രവേശനവും ഫീസും സംബന്ധിച്ച് കൃത്യമായ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാരിന് കഴിയാത്തതാണ് വര്‍ഷം തോറുമുള്ള അനിശ്ചിതത്വം ഉപയോഗിച്ച് കോളേജ് മാനേജ്‌മെന്റുകള്‍ വിദ്യാര്‍ത്ഥികളെ പിഴിയാന്‍ കാരണം. ജ്യൂഡീഷ്യല്‍ സ്വഭാവമുള്ള ഒരു കമ്മീഷന്‍ വിവിധ വശങ്ങള്‍ പരിഗണിച്ച് നിശ്ചയിച്ച ഫീസ് പോലും സ്വീകാര്യമല്ലെന്ന നിലയിലാണ് മാനേജ്‌മെന്റുകള്‍ വീണ്ടും കോടതിയെ സമീപിച്ചത്. നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പൊടുന്നനെ ഇരട്ടി സാമ്പത്തിക ബാദ്ധ്യത താങ്ങേണ്ടിവരുന്നത് ഓര്‍ക്കാപ്പുറത്തേറ്റ കനത്ത പ്രഹരമാണ്. സ്വാശ്രയകോളേജുകളുടെ ഫീസ് നിശ്ചയിക്കുന്നത് ആദ്യമായിട്ടല്ല. എം.ബി.ബി.എസ് കോഴ്‌സ് നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിനും അധ്യാപകരെ നിയമിക്കുന്നതിനും ആശുപത്രി നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിനും മറ്റും വേണ്ട ചെലവുകള്‍ കണക്കാക്കിയാണ് വര്‍ഷാവര്‍ഷം ഫീസ് നിശ്ചയിക്കുന്നത്. അതിന് നിയതമായ ഒരു വ്യവസ്ഥ ഉണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നെങ്കില്‍ അനിശ്ചിതമായ അവ്യക്തത ഇക്കാര്യത്തില്‍ ഓരോ കൊല്ലവും തുടരില്ലായിരുന്നു. രാജേന്ദ്രബാബു കമ്മീഷന്‍ സര്‍ക്കാര്‍ നിയമിച്ചതാണ്. കമ്മീഷന്റെ ശുപാര്‍ശ മാനേജ്‌മെന്റിന്റെ ന്യായമായ ആവശ്യങ്ങള്‍ കണക്കിലെടുത്തും വിദ്യാര്‍ത്ഥികളുടെ ഭാഗം വിലയിരുത്തിയും നിശ്ചയിച്ചിട്ടുള്ളതാണ്. അതില്‍ പോരായ്മ ഉണ്ടെങ്കില്‍ ന്യായയുക്തമായി മാനേജ്‌മെന്റിന് കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്താമായിരുന്നു. കോഴ്‌സ് ആരംഭിച്ച് ഒരു കൊല്ലം കഴിഞ്ഞതിനു ശേഷം ഉണ്ടായിരിക്കുന്ന ഈ വിധി നടപ്പാക്കാന് സര്‍ക്കാര്‍ അനുവദിക്കുമോ? അതോ ഹൈക്കോടതി വിധിയിന്മേല്‍ അപ്പീല്‍ പോകുമോ? അതൊക്കെ അറിയാനിരിക്കുന്ന കാര്യങ്ങളാണ്.
കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളെല്ലാം സ്ത്യുത്യര്‍ഹമാം വിധം നടത്തപ്പെടുന്നവയാണെന്ന് ഒരാളും പറയില്ല. മെച്ചപ്പെട്ട സൗകര്യങ്ങളുള്ള വൈദ്യപഠന ശാലകള്‍ കേരളത്തില്‍ കുറച്ചേ ഉള്ളൂ. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലെ പകുതി പോലും സൗകര്യങ്ങള്‍ ഇല്ലാത്തവയാണ് മിക്ക സ്വാശ്രയ കോളേജുകളും. അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള വിലയിരുത്തല്‍ നടത്തേണ്ടത് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലാണ്. വര്‍ഷം തോറും അവര്‍ എല്ലാ മെഡിക്കല്‍ കോളേജുകളും വിദഗ്ദ്ധരായ പ്രതിനിധികളെ അയച്ച് പരിശോധിക്കാറുണ്ട്. കേരളത്തില്‍ അടിസ്ഥാനസൗകര്യമില്ലാത്ത കോളേജുകള്‍ക്ക് അനുമതി നിഷേധിച്ചിട്ടുള്ള ചരിത്രം നിലനില്‍ക്കുന്നു. അനുമതി ലഭിച്ചവയുടെ കാര്യം അത്ര മെച്ചമാണെന്നൊന്നും പറഞ്ഞുകൂടാ. മെഡിക്കല്‍ കൗണ്‍സിലിന്റെ പ്രതിനിധികള്‍ പരിശോധനയ്ക്ക് എത്തുന്ന ദിവസം അധ്യാപകരേയും രോഗികളേയും വരെ കൃത്രിമമായി ഒരുക്കിനിര്‍ത്തി ഇല്ലാത്ത സൗകര്യം ഉണ്ടെന്നു വരുത്തുന്ന സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ നിരവധിയാണ്. അവര്‍ക്കും വസ്തുതകള്‍ അറിയാതെ എം.സി.ഐ അനുമതി നല്‍കാറുണ്ട്. അവിടെ പഠിച്ച് പുറത്തുവരുന്നവര്‍ എന്തുതരം ഡോക്ടര്‍മാരായിരിക്കുമെന്ന് പറയാതിരിക്കുകയാണ് ഭേദം.

11 ലക്ഷം രൂപ വാര്‍ഷിക ഫീസ് കൊടുത്ത് വൈദ്യബിരുദം നേടാനും നാട്ടില്‍ ആളുകള്‍ ഉണ്ടാകാം. പക്ഷേ, പഠനനിലവാരം കൊണ്ടും യോഗ്യത കൊണ്ടും മികച്ച ചികിത്സകരായി അവര്‍ എത്തുമെന്ന് എന്താണ് ഉറപ്പ്? ന്യായമായ ഫീസ് നിശ്ചയിക്കാന്‍ നിരവധി മെഡിക്കല്‍ കോളേജുകള്‍ നടത്തുന്ന സര്‍ക്കാരിന് കവിയില്ലെന്ന് പറയാനാവുമോ? സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസ് മാനേജ്‌മെന്റിന് കൂടി സ്വീകര്യമാവുന്ന തരത്തില്‍ ന്യായയുക്തമായാല്‍ വര്‍ഷംതോരും ഇക്കാര്യത്തിലുള്ള കോടതിവ്യവഹാരവും തര്‍ക്കവും അനിശ്ചിതത്വവും ഒഴിവാക്കാനാവും. അതിന് എന്താണ് തടസ്സം? സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് കോടതിയെ സമീപിച്ച് ഫീസ് വര്‍ദ്ധിപ്പിക്കുവാനുള്ള നിയമപരമായ പഴുത് നിലനിര്‍ത്തിക്കൊണ്ട് കോളേജുകള്‍ നടത്താന്‍ അനുമതി നല്‍കുന്ന വ്യവസ്ഥ ശുദ്ധമല്ല. അഴിമതി പലതലങ്ങളില്‍ നിലനില്‍ക്കുന്ന ഈ സംവിധാനം ഉടച്ചുവാര്‍ത്തില്ലെങ്കില്‍ നമ്മുടെ ആരോഗ്യ വിദ്യാഭ്യാസ രംഗം ഇങ്ങനെ രോഗാതുരമായി തുടരും. അതാഗ്രഹിക്കുന്നവര്‍ ധാരാളമുണ്ടാകാം. പക്ഷേ, സമൂഹം അതിനു വലിയ വില നല്‍കേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here