വൈത്തിരിയിലെ വെടിവെപ്പും മാവോ തീവ്രവാദികളുടെ വിപ്ലവവും

0
10

നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം കേരളത്തില്‍ വീണ്ടും മാവോ തീവ്രവാദികളുടെ ഭീഷണി ഉയര്‍ന്നു. പഴയ നക്‌സലൈറ്റ് തീവ്രവാദത്തിന്റെ നവീന രൂപമാണ് മാവോ തീവ്രവാദം. സാരാംശത്തില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും രാജ്യത്ത് നിരോധിക്കപ്പെട്ടിട്ടുള്ള മാവോ തീവ്രവാദത്തിന്റെ ആശയ അടിത്തറ തീരെ ആകര്‍ഷകമല്ല. വര്‍ഗ്ഗസമര സിദ്ധാന്തത്തിന്റെ ശക്തമായ പിന്‍ബലം നക്‌സലൈറ്റ് പ്രസ്ഥാനത്തിനു ഉണ്ടായിരുന്നു. ചരിത്രത്തില്‍ ഓര്‍മ്മത്തെറ്റു പോലെ മാഞ്ഞുപോയ നക്‌സലിസത്തിന്റെ പരിസരത്ത് എവിടെനിന്നോ ആണ് മാവോ തീവ്രവാദം മുളച്ചുപൊന്തിയത്. എന്നാല്‍ പ്രവര്‍ത്തനത്തിന്റെ നിഗൂഢത കൊണ്ടും വിധ്വംസക സ്വഭാവം കൊണ്ടും ഇന്നത്തെ സാമൂഹിക ചുറ്റുപാടില്‍ സ്വാധീനം ഉറപ്പിക്കാന്‍ ഈ സംഘടനയ്ക്ക് ഒരുതരത്തിലും കഴിയുന്നില്ല. പക്ഷേ, ഇന്ത്യാ മഹാരാജ്യത്തെ 200 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഇപ്പോള്‍ പാറുന്ന ചെങ്കൊടി ഇവിടത്തെ വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാര്‍ട്ടികളുടേതല്ല. അത് മാവോയിസ്റ്റുകളുടേതാണ്. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് 94 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പരിശോധിക്കട്ടെ.

കേരളത്തിലെ വയനാടന്‍ കാടുകള്‍ ചുവന്ന തത്വശാസ്ത്രത്തിന് എന്നും വേരോട്ടം ലഭിക്കുന്ന പ്രദേശമാണ്. ഒളിസങ്കേതങ്ങള്‍ ധാരാളം ലഭിക്കുമെന്നതിനു പുറമെ വിശ്വസ്തരായ അനുയായികളെ ആദിവാസി സമൂഹത്തില്‍ നിന്ന് ആകര്‍ഷിക്കാന്‍ പറ്റും എന്നതാണ് വയനാടിനെ കമ്യൂണിസ്റ്റ് തീവ്രവാദികളുടെ യനാന്‍ ആക്കിമാറ്റുന്നത്. തിരുനെല്ലിക്കാടുകളിലെ ഒളിസങ്കേതങ്ങളില്‍ ജീവിച്ച് നക്‌സലൈറ്റ് വര്‍ഗ്ഗീസ് സ്‌നേഹിതരോടൊപ്പം ഗ്രാമങ്ങളിലൂടെ നഗരങ്ങളെ വളയാന്‍ ആദിവാസികളെ പഠിപ്പിച്ചത് കേരളം ഒരിക്കല്‍ ശ്വാസമടക്കി വായിച്ച രാഷ്ട്രീയ അപസര്‍പ്പക കഥയാണ്. പൊലീസ് സുസംഘടിതമായി വര്‍ഗീസിനെ കാടു വളഞ്ഞ് വകവരുത്തി. ഏറ്റുമുട്ടലില്‍ വര്‍ഗീസ് കൊല്ലപ്പെട്ടു എന്ന് കേരളത്തെ മുഴുവന്‍ അന്നത്തെ ഗവണ്‍മെന്റും പൊലീസും കൂടി വിശ്വസിപ്പിച്ചെങ്കിലും ആ കൃത്യത്തില്‍ പങ്കെടുത്ത് ഒരു പൊലീസുകാരന്‍ തന്നെ പില്‍ക്കാലത്ത് വസ്തുതകള്‍ ഏറ്റുപറഞ്ഞ് കുറ്റസമ്മതത്തോടെ രംഗത്തുവന്നു. വര്‍ഗ്ഗീസ് ഏറ്റുമുട്ടലില്‍ അല്ല മരിച്ചതെന്നും പൊലീസ് മേധാവികളുടെ ആജ്ഞ പ്രകാരം താന്‍ അയാളെ വെടിവെച്ചു കൊന്നതാണെന്നും ആ കോണ്‍സ്റ്റബിള്‍ കോടതിയില്‍ വെളിപ്പെടുത്തി. വര്‍ഗ്ഗീസിനെ കൊല്ലാന്‍ ആജ്ഞാപിച്ച പൊലീസ് മേധാവിക്ക് പില്‍ക്കാലത്ത് കോടതി തടവുശിക്ഷയും നല്‍കി.

സാധാരണ ജനങ്ങളില്‍ ഭീതിജനകമായ ഒരു ആദരവ് അക്കാലത്തെ നക്‌സല്‍ പ്രസ്ഥാനത്തോട് ഉണ്ടായിരുന്നു. തലവെട്ടു രാഷ്ട്രീയം എന്ന് വിമര്‍ശിക്കപ്പെട്ടെങ്കിലും ഉന്മൂലന സിദ്ധാന്തത്തെ തീവ്രമായ ഒരു രാഷ്ട്രീയ ആശയമായി സാംസ്‌കാരിക പ്രവര്‍ത്തകരും കണ്ടു. നക്‌സല്‍ സിദ്ധാന്തത്തിന് വര്‍ണങ്ങള്‍ തൂകിയ കവിതയും കഥയും സിനിമയും മലയാളത്തില്‍ ഉണ്ടായി. വസന്തത്തിന്റെ ഇടിമുഴക്കം എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട ആ കാലം ഓര്‍മ്മയില്‍ നിന്നു പോലും മാഞ്ഞുപോയിരിക്കുന്നു. മൊസൈക്ക് തരികള്‍ പോലെ ചിതറിപ്പോയ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ അവശിഷ്ടമാണ് മാവോയിസം. ചൈനയിലെ പഴയ നേതാവ് മാവോ സേ തുങ്ങിന്റെ പേര് വഹിക്കുന്ന ഈ പ്രസ്ഥാനത്തിന് ഇന്ത്യയില്‍ എന്താണ് പ്രസക്തി എന്ന് അതുമായി നടക്കുന്നവര്‍ക്ക് മാത്രമേ അറിയൂ. കേരളത്തില്‍ യുവാക്കളേയോ വൃദ്ധരേയോ ഒരുതരത്തിലും അത് ആകര്‍ഷിക്കുന്നില്ല. എന്നുമാത്രമല്ല, മാവോയുടെ പേര് ചൈനയില്‍ ഇന്ന് ആരും ഓര്‍മ്മിക്കുന്നുപോലുമില്ല. നൂറു പൂവുകള്‍ വിരിയുമെന്നാണ് പണ്ട് മാവോ പാടിയത്. ഇന്ത്യയിലും അത് ഏറ്റുപാടാന്‍ അക്കാലത്ത് ചിലര്‍ക്ക് ആവേശമുണ്ടായിരുന്നു. പക്ഷേ, ഇന്നത്തെ മാവോ വാദികള്‍ക്ക് പാട്ടും കഥയും സിനിമയുമൊന്നുമില്ല. സായുധരായി സംഘടിച്ച് പകല്‍ കാട്ടില്‍ കഴിയുക, രാത്രിയില്‍ പുറത്തുവന്ന് പീടികത്തിണ്ണയില്‍ ഉറങ്ങിയിട്ട് രാവിലെ ഒന്നു രണ്ടു പോസ്റ്ററുകള്‍ ഒട്ടിച്ചിട്ട് കാട്ടിലേക്കു മടങ്ങും. പരിസരവാസികളില്‍ ഭീതി പരത്തി കച്ചവടസ്ഥാപനങ്ങളെ സമീപിച്ച് പണം ആവശ്യപ്പെടും. ചിലപ്പോള്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ചെന്ന് ഭക്ഷണം കഴിച്ചശേഷം പണം കൊടുക്കാതെ മടങ്ങും. ഒരു തരം ചട്ടമ്പിത്തരം. അതിനു മാവോയുടെ പേര് ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയ മാന്യത നല്‍കാന്‍ ശ്രമിക്കുന്ന കുന്നായ്മയെ വിപ്ലവപ്രവര്‍ത്തനം എന്ന് വിവരമുള്ളവരാരും വിളിക്കില്ല. വൈത്തിരിയിലെ റിസോര്‍ട്ടില്‍ ബുധനാഴ്ച രാത്രി നടന്നത് ഇത്തരത്തില്‍ ഒരു മാവോ ആക്രമണമാണ്. പൊലീസ് വന്‍ സന്നാഹത്തോടെ വളഞ്ഞ് നാലഞ്ചുപേരുടെ ആക്രമണത്തെ ചെറുക്കാന്‍ പോയതിന് അതിര്‍ത്തിയിലെ യുദ്ധത്തിന്റെ പ്രസക്തിയും പ്രാധാന്യവും നല്‍കുന്നതെന്തിനെന്ന് തോന്നിപ്പോകുന്നു. ഉത്തരേന്ത്യയിലെ കല്‍ക്കരി ഖനന പ്രദേശത്ത് നടക്കുന്ന സംഘടിത മാവോയിസ്റ്റ് പ്രവര്‍ത്തനത്തിന്റെ നൂറിലൊരംശം പോലുമില്ല വയനാട്ടിലെ സംഭവത്തിന്. എങ്കിലും പൊലീസ് വെടിവെയ്പ്പില്‍ ജലീല്‍ എന്നൊരാള്‍ കൊല്ലപ്പെട്ടു. പൊലീസുകാര്‍ അടക്കം ഏതാനും ചിലര്‍ക്കു പരുക്കേറ്റു. മാവോ തീവ്രവാദികളുടെ വിപ്ലവമായി ഈ സംഭവത്തെ ആരും വ്യാഖ്യാനിക്കില്ലെന്ന് പ്രത്യാശിക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here