അനന്തപുരി ആര്‍ത്തിരമ്പുന്നു; മൂന്നുപേരും ഒന്നിനൊന്ന് കേമന്മാര്‍

0
23

എല്‍.ആര്‍.വിനയചന്ദ്രന്‍
അനന്തപുരിയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി സി. ദിവാകരന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നേറിക്കഴിഞ്ഞു. മണ്ഡലം നിലനിര്‍ത്താന്‍ ശശി തരൂര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ബി.ജെ.പി. ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന വിശ്വാസത്തിലാണ് കുമ്മനം. വ്യക്തി പ്രഭാവത്തില്‍ മൂന്നു പേരും ഒന്നിനൊന്ന് കേമന്‍മാര്‍. മത്സരിച്ച ഒരു സ്ഥലത്തും പരാജയമെന്നത് അറിയാത്ത സി. ദിവാകരന്‍ ആത്മവിശ്വാസത്തിലാണ്. താന്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറും എന്ന വിശ്വാസം തരൂരും കൈവെടിയുന്നില്ല. വിശ്വാസികളുടെ വോട്ട് ഇത്തവണ തനിക്ക് തുണയാകുമെന്നാണ് കുമ്മനത്തിന്റെ ധാരണ. നരേന്ദ്രമോദിയുടെ ഭരണത്തിന്റെ നേട്ടവും തനിക്ക് മുതല്‍ കൂട്ടാകുമെന്നാണ് കുമ്മനത്തിന്റെ സ്വപ്‌നം.തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണത്തിനെതിരെ എല്‍.ഡി.എഫ്. നടത്തുന്ന സമര പരിപാടികള്‍ അവര്‍ക്ക് വോട്ടായി മാറുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. സമുദായ വോട്ടുകള്‍ ഭിന്നിക്കുകയാണെങ്കില്‍ അതും ഇടതിന് സഹായകരമാകും. സവര്‍ണ്ണ വോട്ടുകള്‍ ബി.ജെ.പി.ക്ക് അനുകൂലമായാല്‍ ന്യൂനപക്ഷ വോട്ടുകള്‍ തങ്ങളുടെ പെട്ടിയില്‍ വീഴ്ത്താന്‍ യു.ഡി.എഫും ശ്രമിക്കും. അത്തരത്തിലൊരു നീക്കം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നാം കണ്ടതാണ്. വിശ്വാസികളുടെ വോട്ടിനായി ബി.ജെി.പി.യും യു.ഡി.എഫും. വിയര്‍പ്പൊഴുക്കുന്നു. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം, പാറശ്ശാല, കോവളം, നെയ്യാറ്റിന്‍കര എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊളളുന്നതാണ് തിരുവനന്തപുരം ലോകസഭാ മണ്ഡലം. പന്ന്യന്‍ രവീന്ദ്രന് ശേഷം ശശി തരൂര്‍ രണ്ട് തവണ തുടര്‍ച്ചയായി വിജയിച്ചു. യു.ഡി.എഫി. നെയും, എല്‍.ഡി.എഫിനെയും മാറി മാറി പരീക്ഷിക്കുന്ന തിരുവനന്തപുരത്തുകാര്‍ ഇത്തവണ ആരെയാണാവോ വിജയിപ്പിക്കുക. എം. എന്‍. ഗോവിന്ദന്‍ നായരെയും, കെ.കരുണാകരനെയും, പി.കെ. വാസുദേവന്‍ നായരെയുമൊക്കെ വിജയിപ്പിച്ച ചരിത്രമാണ് തലസ്ഥാന നഗരത്തിനുളളത്. കഴിഞ്ഞ രണ്ടു തവണയും മണ്ഡലം കോണ്‍ഗ്രസിനൊപ്പം നിന്നു. ഒരു ഹാട്രിക് വിജയത്തിനായി തരൂര്‍ കച്ച മുറുക്കുമ്പോള്‍ മത്സരം തീപാറുമെന്നതില്‍ ഏതാണ്ട് ഉറപ്പാണ്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് തളളപ്പെട്ട സി.പി.ഐ. ഇപ്പോള്‍ നിര്‍ത്തിയിരിക്കുന്നത് കരുത്തനായ സ്ഥാനാര്‍ത്ഥിയെയാണ്. മുന്‍ മന്ത്രിയും ഇപ്പോള്‍ എം. എല്‍.എ.യും ആയ സി. ദിവാകരന് ഈ മണ്ഡലത്തിലെ വോട്ടര്‍ എന്ന പ്രത്യേകതയും ഉണ്ട്. 2014 – ലെ തിരഞ്ഞെടുപ്പില്‍ തുടക്കം മുതല്‍ ഒടുക്കം വരെ നാല് മണ്ഡലങ്ങളിലെ ലീഡ് ബി.ജെ.പി.ക്ക് ആയിരുന്നു. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം എന്നീ മണ്ഡലങ്ങളിലാണ് ബി.ജെ.പി. ലീഡ് നേടിയത്. 2004 – ലെ തിരഞ്ഞെടുപ്പില്‍ 4 -ാം സ്ഥാനത്തായിരുന്നു ബി.ജെ.പി. കഴിഞ്ഞ തവണ 2 -ാം സ്ഥാനത്തെത്തിയിരുന്നു. 21.05 ശതമാനം വോട്ട് വര്‍ദ്ധനയാണ് ഉണ്ടായത്. മൂന്ന് മണ്ഡലങ്ങളില്‍ മാത്രം ലീഡ് ചെയ്ത യു.ഡി.എഫ്. ഒടുവില്‍ വിജയത്തിലെത്തുകയായിരുന്നു. 2009 – ല്‍ കഴക്കൂട്ടം 10702 ഉം, വട്ടിയൂര്‍ക്കാവ് 22614 ഉം, തിരുവനന്തപുരം 17150 ഉം, നേമം 6825 ഉം, പാറശ്ശാല 11934 ഉം, കോവളം 14197 ഉം, നെയ്യാറ്റിന്‍കര 16623 ഉം ലീഡ് നേടി എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ്. മികച്ച നേട്ടം കൊയ്തു. 2014 – ല്‍ കോവളം 9289, നെയ്യാറ്റിന്‍കര 8203, പാറശ്ശാല 10607 എന്നിങ്ങനെയായിരുന്നു യു.ഡി.എഫി ന്റ ലീഡ്. കണക്കുകളിലെ അന്തരം ഒരുപക്ഷേ യു.ഡി.എഫി. നെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ടാകാം. കഴക്കൂട്ടം 7609, തിരുവനന്തപുരം 1808, വട്ടിയൂര്‍ക്കാവ് 2926, നേമം 18046 എന്നിങ്ങനെയായിരുന്നു 2014 – ല്‍ ബി.ജെ.പി.യുടെ ലീഡ് നില. ഇത് ബി.ജെ.പി.ക്ക് പ്രതീക്ഷ നല്‍കുന്നു.കുമ്മനം രാജശേഖരനെ കളത്തിലിറക്കിയാല്‍ മാത്രമേ കഴിഞ്ഞ തവണ ഒ. രാജഗോപാല്‍ നേടിയ 282336 വോട്ടുകള്‍ മറി കടക്കാന്‍ കഴിയു എന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. കുമ്മനത്തിനും കേരളത്തില്‍ പ്രവര്‍ത്തിക്കാനാണ് താല്പര്യം.സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിളള, സുരേഷ് ഗോപി എന്നിവരുടെ പേരുകളും ഉയര്‍ന്ന് വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here