ജയിലിലായിട്ടും ജയിച്ചത് തോപ്പില്‍ ഭാസി

0
89

1953-ല്‍ ഭരണിക്കാവ് നിയമസഭാ മണ്ഡലത്തിലെ വള്ളിക്കുന്നില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി തോപ്പില്‍ഭാസിയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗം പൊടിപൊടിക്കുകയാണ്. സ്ഥാനാര്‍ത്ഥി ജയിലില്‍ ആയതിനാല്‍ അദ്ദേഹത്തിന്റെ പത്‌നി അമ്മിണി അമ്മയാണ് പ്രസംഗിക്കുന്നത്. പ്രസംഗം ഭാസി തന്നെ എഴുതി ഭാര്യയെ ഏല്‍പ്പിച്ചിരുന്നു. ഒരു കയ്യില്‍ പ്രസംഗം എഴുതിയ പേപ്പറും മറുകയ്യില്‍ ഒരു വയസ്സ് തികയാത്ത കുഞ്ഞിനെ പിടിച്ചാണ് പ്രസംഗം. എന്റെ ഭര്‍ത്താവ് തോപ്പില്‍ഭാസി ജയിലിലാണെന്ന എല്ലാവര്‍ക്കും അറിയാമല്ലോ. അദ്ദേഹത്തിന് വേണ്ടിയാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത.് ജനം ഇളകി മറിഞ്ഞു. ഹര്‍ഷാരവങ്ങള്‍ തുടരവേ അമ്മിണിയമ്മ പ്രസംഗം പൂര്‍ത്തിയാക്കി. പ്രവര്‍ത്തകര്‍ ഘോഷയാത്രയായി അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ എത്തിച്ചു. അച്ഛന്‍ പരമേശ്വരന്‍ പിള്ളയും സന്തോഷത്തോടെ അവരെ വീട്ടിലേക്ക് ആനയിച്ചു. 66 വര്‍ഷം മുന്‍പുള്ള നിമിഷങ്ങള്‍ ഇന്നലെ സംഭവിച്ചതുപോലെ അമ്മിണിയമ്മയുടെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു.
പതിനാറാമത്തെ വയസ്സില്‍ ആണ് അമ്മിണിയമ്മ തോപ്പില്‍ഭാസിയുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലുന്നത.് അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചിരുന്ന കാലം. തോപ്പില്‍ ഭാസി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒളിവിലായിരുന്നു.പല്ലന പാണ്ഡവത്ത് വീട്ടില്‍ ഒളിവില്‍ കഴിയുമ്പോഴായിരുന്നു ഇരുവരുടെയും ആദ്യസമാഗമം. എം എന്‍ ഗോവിന്ദന്‍ നായര്‍, എന്‍ ശ്രീധരന്‍, ജി കാര്‍ത്തികേയന്‍, ശങ്കരനാരായണന്‍ തമ്പി തുടങ്ങിയവരെല്ലാം അന്ന് തോപ്പില്‍ ഭാസിയോടൊപ്പപ്പമുണ്ട്. കേരള നിയമസഭയുടെ സ്പീക്കര്‍ ആയിരുന്ന ശങ്കരനാരായണന്‍ തമ്പിയുടെ അനന്തരവളാണ് അമ്മിണിയമ്മ. ഒളിവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം തയ്യാറാക്കുകയും വിളമ്പുകയും എല്ലാം ചെയ്യുന്ന പെണ്‍കുട്ടിയെ എല്ലാവരും ഇഷ്ടപ്പെട്ടു. ഈ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു കൂടെ എന്നൊരു ചോദ്യം സഖാവ് ശ്രീധരന്‍ ചോദിച്ചു. ഉഭയകക്ഷി ബന്ധത്തിന്റെ തുടക്കം അങ്ങനെയാണ.

ഭാസിയുടെ അച്ഛന്‍ പോയി പെണ്ണിനെ കണ്ടതോടെ വിവാഹം ഉറപ്പിച്ചു. അന്നൊരു ചിങ്ങം പത്തിനായിരുന്നു വിവാഹം. ആരോരുമറിയാതെ. വീട്ടില്‍ പുതിയൊരു കിണര്‍ കുഴിച്ചു. വാസ്തുബലി ചടങ്ങ് എന്ന വ്യാജേന ഉഗ്രന്‍ സദ്യവട്ടം ഒരുക്കി.സദ്യ കഴിച്ചവരില്‍ പലരും അതൊരു വിവാഹസദ്യ ആണെന്ന് അറിഞ്ഞില്ല. പത്രങ്ങളില്‍ അതൊരു പ്രധാന വാര്‍ത്തയായപ്പോഴാണ് കളളി വെളിച്ചത്തായത.് വിവാഹം കഴിഞ്ഞ് വീണ്ടും ഒളിവില്‍ പോയി.ഉടയ്ക്ക് ഭാര്യക്ക് ഒരു കത്തയച്ചു. പന്തളം കൊട്ടാരത്തില്‍ എത്തിച്ചേരണമെന്നായിരുന്നു കത്തിലെ ആവശ്യം.പുതിയ ഒളിത്താവളം കൊട്ടാരമാണ്.അമ്മിണിയമ്മ കൊട്ടാരത്തിലെത്തി.ഒളിവില്‍ തന്നെ മധുവിധു ആഘോഷിച്ചു. ഭാസി വളരെക്കാലെ ഒളിവിലും ജയിലിലും കഴിഞ്ഞപ്പോഴും പരിഭവങ്ങളൊന്നുമില്ലാതെ എല്ലാ പിന്തുണയും നല്‍കി. മൂത്തമകന്‍ അജയന്‍ ജനിക്കുമ്പോള്‍ ഭാസി ജയിലിലായിരുന്നു. ശൂരനാട് കലാപം നടക്കുമ്പോള്‍ ഭാസി ഒളിവിലായിരുന്നു. എന്നിട്ടും അദ്ദേഹം കേസില്‍ പ്രതിയായി. അന്ന് അദ്ദേഹത്തിന് തലയ്ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ആയിരം രൂപയായിരുന്നു. ശൂരനാട് കേസില്‍ കോടതി വിട്ടയച്ചതിന് ശേഷമാണ് നാടകരംഗത്തും സിനിമയില്‍ സജീവമായത.് എന്നാല്‍ ‘നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന ചരിത്രപ്രസിദ്ധമായ നാടകം എഴുതിയത് ഒളിവില്‍ കഴിയുമ്പോഴായിരുന്നു. സോമന്‍ എന്ന തൂലികാ നാമത്തില്‍. ആ നാടകം കേരളീയ സമൂഹത്തില്‍ സൃഷ്ടിച്ച കോളിളക്കം പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല. ത്യാഗോജ്വലമായ പ്രക്ഷോഭങ്ങള്‍ മാത്രമല്ല കുറിക്കുകൊള്ളുന്ന സര്‍ഗ രചനകളും ഒരു സമൂഹത്തെ മാറ്റിമറിക്കാന്‍ പര്യാപ്തമാകും എന്ന് ആ നാടകം തെളിയിച്ചു.

കീഴാളവര്‍ഗ മോചനത്തിനുവേണ്ടി ആയിരുന്നു ഭാസിയുടെ രചനകളൊക്കെയും.കെപിഎസിക്ക് വേണ്ടി 19 നാടകങ്ങളാണ് അദ്ദേഹം രചിച്ചത.് സര്‍വ്വേകല്ല,് വിശക്കുന്ന കരിങ്കാളി മുടിയനായ പുത്രന്‍ പുതിയ ആകാശം പുതിയ ഭൂമി മൂലധനം, കൂട്ടുകുടുംബം, തുടങ്ങിയവ.മുടിയനായ പുത്രന് ചലചിത്രഭാഷ്യം നല്‍കിക്കൊണ്ടാണ് സിനിമയില്‍ രംഗപ്രവേശം ചെയ്തത്.അധികം വൈകാതെ തന്നെ മലയാളത്തിലെ ഏറ്റവും തിരക്കുള്ള തിരക്കഥാകൃത്തായി. 125 സിനിമകള്‍ക്ക് തിരക്കഥ രചിച്ച ഭാസിയുടെ റെക്കോര്‍ഡ് ആരും ഇതുവരെ മറി കടന്നിട്ടില്ല. 14 സിനിമകള്‍ സംവിധാനം ചെയ്തു. നാടകത്തില്‍ ഒഎന്‍വി- ദേവരാജന്‍ കൂട്ടുകെട്ടിനൊപ്പം ആയിരുന്നെങ്കില്‍ സിനിമയില്‍ അധികവും വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ടിനൊപ്പം ആയിരുന്നു. തോപ്പില്‍ ഭാസി ക്ക് ശേഷം ജീവിതഗന്ധിയായ രചനകള്‍ നാടകത്തിനും സിനിമയ്ക്കും കാര്യമായിട്ടൊന്നും ലഭിച്ചിട്ടില്ലെന്ന് കാണാം. നിരന്തര പുകവലിമൂലം ഭാസിക്ക് ഒരു കാല്‍ നഷ്ടപ്പെടേണ്ടിവന്നു. ജീവിതത്തിലെ ഏറ്റവും വിഷമസന്ധിയും ഇതുതന്നെയായിരുന്നു. മദ്രാസ് യാത്ര ഇതോടെ ഇല്ലാതായി. പക്ഷേ അപ്പോഴും ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ ഉള്ള തിരക്കിന് കുറവൊന്നും ഉണ്ടായില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള കൂറും തന്റെ കൃതികളിലെ കഥാപാത്രങ്ങളോട് ഉള്ള ആഭിമുഖ്യവും ഭാസിക്ക് മറ്റെന്തിനേക്കാളും പ്രാമുഖ്യമുള്ളതായിരുന്നു. ആദ്യത്തെ പുത്രന് അജയന്‍ എന്ന പേരിട്ടത് അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അജയഘോഷിനോടുളള ആദര സൂചനയായിരുന്നു.പെരുന്തച്ചനിലൂടെ പ്രശസ്തനായ സംവിധായകനാണ് അജയന്‍. രണ്ടാമത്തെ മകന് സോമനെന്ന് പേരിട്ടു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം എഴുതിയത് സോമനെന്ന തൂലികാ നാമത്തിലായിരുന്നു. ആ നാടകത്തിലെ നായികയാണ് മാല. ആ പേര് തന്റെ ഏക മകള്‍ക്ക് നല്‍കി. പക്ഷേ പേര് മകള്‍ക്ക് ഇഷ്ടമായില്ല. ഇന്ന് എനിക്കേറ്റവും അഭിമാനം തേന്നുന്നത് അച്ഛനിട്ട് ഈ പേരിലാണെന്ന് മാല പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here