മുഖ്യശത്രു ബിജെപി, സിപിഎമ്മിനെതിരെ ഒന്നും പറയില്ല: രാഹുല്‍ ഗാന്ധി

0
30

കല്‍പ്പറ്റ : തന്റെ പ്രചരണത്തിനിടെ സിപിഎമ്മിനെതിരെ ഒന്നും പറയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പോരാട്ടം സി.പി.എമ്മിന് എതിരെയല്ല. സി.പി.എമ്മിലെ എന്റെ സഹോദരങ്ങള്‍ തനിക്കെതിരെ സംസാരിക്കുകയും കടന്നാക്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ എന്റെ പ്രചാരണത്തിലൊരിടക്കം സി.പി.എമ്മിനെതിരെ ഒരു വാക്കുപോലും പറയില്ല. താന്‍ ഒരിടത്തും ഒളിച്ചോടിയിട്ടില്ല, അമേത്തിയിലും ഞാന്‍ മത്സരിക്കുന്നു. ഇവിടെയും മത്സരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് താന്‍ വയനാട്ടില്‍ മല്‍സരിക്കുന്നത്. മോദി ഭരണത്തില്‍ ദക്ഷിണേന്ത്യന്‍ ജനത ആശങ്കയിലാണ്. ദക്ഷിണേന്ത്യന്‍ ഭാഷകളും സംസ്‌കാരവും തകര്‍ക്കാന്‍ മോദിയും ആര്‍എസ്എസും ശ്രമിക്കുന്നു. വയനാട്ടിലെ തന്റെ സ്ഥാനാര്‍ത്ഥിത്വം ഈ നീക്കങ്ങള്‍ക്കുള്ള മറുപടി കൂടിയാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.

കേരളത്തില്‍ സിപിഎം- കോണ്‍ഗ്രസ് മുന്നണികള്‍ തമ്മിലാണ് മല്‍സരമെന്ന് അറിയാം. ഈ പോരാട്ടം തുടര്‍ന്നും മുന്നോട്ട് പോകും. ഇപ്പോള്‍ ദക്ഷിണേന്ത്യയെക്കുറിച്ച് മാത്രമാണ് തനിക്ക് പറയാനുള്ളത്. ബിജെപിയാണ് കോണ്‍ഗ്രസിന്റെ മുഖ്യശത്രുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ രാഹുല്‍ ഗാന്ധി എന്തു സന്ദേശമാണ് നല്‍കുന്നതെന്ന സി.പി.എമ്മിന്റെ വിമര്‍ശനത്തിനുള്ള മറുപടി കൂടിയാണ് രാഹുല്‍ നല്‍കിയത്

ഇന്നലെ രാത്രി കോഴിക്കോട്ടെത്തിയ രാഹുല്‍ഗാന്ധി ഇന്ന് രാവിലെ ഹെലികോപ്റ്റര്‍ മാര്‍ഗമാണ് കല്‍പ്പറ്റയിലെത്തിയത്. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ കളക്ടറേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇതിന് ശേഷം രാഹുലും പ്രിയങ്കയും ചേര്‍ന്ന് ഏതാനും ദൂരം റോഡ് ഷോയും നടത്തി.

രാഹുലിന് അഭിവാദ്യം അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് കോണ്‍ഗ്രസ്-യുഡിഎഫ് പ്രവര്‍ത്തകരാണ് കല്‍പ്പറ്റയിലെത്തിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ രാഹുല്‍ വാഹനത്തില്‍ നിന്നിറങ്ങി പ്രവര്‍ത്തകര്‍ക്ക് ഹസ്തദാനം ചെയ്തത് ആവേശം വാനോളമുയര്‍ത്തി. ഉന്ന് ഉച്ചയ്ക്ക് ശേഷം രാഹുല്‍ നാഗ്പൂരിലേക്ക് മടങ്ങും. പ്രിയങ്ക ഡല്‍ഹിക്കും തിരിച്ചുപോകും.

LEAVE A REPLY

Please enter your comment!
Please enter your name here