പ്രണയം നിരസിച്ച യുവതിയെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു

0
19

തൃശൂര്‍: പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ബിടെക് വിദ്യാര്‍ത്ഥി ചിയാരം സ്വദേശിനി നീതു( 22) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരാണ് നിതീഷിനെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്.

ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ ബിടെക് വിദ്യാര്‍ത്ഥിനിയായിരുന്ന നീതുവിന്റെ സീനിയറായി പഠിച്ച വ്യക്തിയാണ് നിതീഷ്. മുന്‍പ് പലതവണയായി നിതീഷ് തന്നെ ശല്യം ചെയ്യുന്ന കാര്യം നീതു വീട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ വീട്ടുകാര്‍ അന്നത് കാര്യമാക്കാതെ വിടുകയായിരുന്നു. ബൈക്കിലാണ് നീതുവിന്റെ വീട്ടിലേക്ക് നിതീഷ് എത്തിയത്. വീടിനു താഴെ റോഡില്‍ ബൈക്ക് വെച്ച ശേഷം വീടിന്റെ അടുക്കള വശത്തുകൂടിയാണ് അകത്തു കടന്നത്.

അകത്തുകയറിയ നിതീഷും നീതുവുമായി വാക്കുതര്‍ക്കമുണ്ടാവുകയും ഇതേത്തുടര്‍ന്ന് നിതീഷ് കത്തിയുപയോഗിച്ച് നീതുവിന്റെ കഴുത്തില്‍ കുത്തുകയുമായിരുന്നു. കുത്തുകൊണ്ടു പിടഞ്ഞ പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയും ചെയ്തു. രക്ഷപ്പെടാന്‍ നീതു ശ്രമിച്ചെങ്കിലും വീണുപോയതിനാല്‍ അതിനു സാധിച്ചില്ല. ശുചിമുറിയില്‍ കിടക്കുന്ന രീതിയിലാണ് നീതുവിന്റെ മൃതദേഹം നാട്ടുകാര്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ക്രൂരകൃത്യം നടത്തി സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച നിതീഷിനെ നാട്ടുകാര്‍ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

മൂന്നാം വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ട കുട്ടിയാണ് നീതു. ഇതിനു പിന്നാലെ അച്ഛന്‍ ഉപേക്ഷിച്ചുപോയി. തീര്‍ത്തും അനാഥയായ കുട്ടിയെ പിന്നീട് അമ്മൂമ്മയും അമ്മാവനും ചേര്‍ന്നാണ് ഏറ്റെടുത്തത്. ഇവരുടെ സംരക്ഷണയിലാണ് നീതു വളര്‍ന്നത്.

നീതുവും നിതീഷും തമ്മില്‍ മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രണയ ബന്ധത്തെ കുറിച്ച് ഇരുവരുടെയും വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. വിവാഹം ഉറപ്പിക്കാനും ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനിടെ നീതു മറ്റൊരു യുവാവുമായി അടുത്തതാണ് നിധീഷിനെ പ്രകോപിപ്പിച്ചത്. വിവാഹത്തിന് താത്പര്യം കാട്ടാതെ വന്നതോടെ വിദ്വേഷം വര്‍ധിച്ചു. ഇത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here