എറണാകുളം: ജില്ലയിലെ മുഴുവന്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കി ജില്ലാ പട്ടികവര്‍ഗ്ഗ വകുപ്പ്. കോവിഡ്-19 രോഗവ്യാപനം വിദ്യാഭ്യാസമേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്യണമെന്ന പട്ടികവര്‍ഗ്ഗ വകുപ്പ് ഉദ്യോഗസ്ഥരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഉള്‍വനങ്ങളിലെ തടസ്സങ്ങള്‍പോലും വഴിമാറി. വൈദ്യുതിയോ മൊബൈല്‍ കണക്ടിവിറ്റിയോ ഇല്ലാത്തതും എത്തിച്ചേരാന്‍ ദുര്‍ഘടമായ കാട്ടുപാതകള്‍ മാത്രമുള്ള വനങ്ങളിലെ കോളനികളില്‍ കുട്ടികള്‍ക്ക് പഠന സൗകര്യമൊരുക്കാന്‍ വിവിധ സംഘടനകളുടെയും സുമനസ്സുകളുടെയും സഹായത്തോടെ ജില്ലാ പട്ടികവര്‍ഗ്ഗ വകുപ്പിന് സാധിച്ചു.

വനമേഖലയിലെ വിദൂര കോളനികളില്‍ സോളാര്‍ ഇന്‍വര്‍ട്ടര്‍, സ്മാര്‍ട്ട് ടി.വി, ഡി.റ്റി.എച്ച് എന്നിവ ലഭ്യമാക്കിയാണ് പഠനസൗകര്യം ഒരുക്കിയത്. 60000 രൂപ ചെലവ് വരുന്ന ഇത്തരത്തിലുള്ള എട്ട് യൂണിറ്റുകള്‍ വിദൂരകോളനികളിലെ കുട്ടികള്‍ക്കായി ഒരുക്കി നല്‍കി. മുഴുവന്‍ പട്ടകവര്‍ഗ്ഗ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കുന്നതിനായുള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് ഉള്‍പ്രദേശങ്ങളിലെ കുട്ടികള്‍ക്കും പഠനസൗകര്യം ഒരുങ്ങിയത്.

എടയ്ക്കാട്ടുവയല്‍ പഞ്ചായത്തിലെ ടി.ആര്‍.ഡി.എം കോളനിയിലെ കുട്ടികള്‍ക്കായി എടയ്ക്കാട്ടുവയല്‍ അപ്പര്‍പ്രൈമറി സ്‌കൂള്‍ അദ്ധ്യാപിക സവിത ടെലിവിഷനും ഡി.റ്റി.എച്ചും നല്‍കിയാണ് ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ആലുവ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയിലുള്ള കുട്ടികള്‍ക്കും വനമേഖലയിലുള്ള പൊങ്ങിന്‍ചുവട്, വെള്ളാരംകുത്ത്, മേട്‌നാംപാറ തുടങ്ങിയ കോളനികളിലും വിവിധ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ പഠനസൗകര്യങ്ങള്‍ ഒരുക്കുകയായിരുന്നു. കോളനികളിലെ വിദ്യാഭ്യാസമുള്ള മുതിര്‍ന്നവര്‍ക്ക് പഠനസംവിധാനത്തിന്റെ ചുമതലയും നല്‍കി

ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ ജി. അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് വകുപ്പ് അഭിമാനകരമായ നേട്ടം കൈവരിച്ചത്. പട്ടികവര്‍ഗ്ഗവിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഒന്നാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ ശേഖരിച്ചായിരുന്നു പദ്ധതിയുടെ തുടക്കം. ഇതിനായി പ്രത്യേക ഉത്തരവുകള്‍ക്കോ നിര്‍ദ്ദേശങ്ങള്‍ക്കോ കാത്തുനില്‍ക്കാതെ പട്ടികവര്‍ഗ്ഗ വികസനവകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ തങ്ങളുടെ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വിവിധ സര്‍വ്വീസ് സംഘനടകള്‍, വിദ്യാര്‍ത്ഥി യുവജനസംഘടനകള്‍, സന്നദ്ധ സംഘടനകള്‍, പൂർവവിദ്യാർത്ഥി കൂട്ടായ്മ, വിവിധ സ്ഥാപനങ്ങള്‍ എന്നിവരുടെ സഹായത്തോടെയാണ് 500ല്‍ അധികം കുട്ടികള്‍ക്ക് പഠനസൗകര്യം ഒരുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here