FILE PHOTO

ആലുവ: മാസ്ക്ക് പിഴ ക്വാട്ട തികയ്ക്കാൻ നഗരവാസികളെ പിങ്ക് പോലീസ് പിഴിയുന്നതായി പരാതി. വീട്ടിൽ നിന്നും വാഹനത്തിൽ നിന്നും ആകസ്മികമായി പുറത്തേക്കിറങ്ങുന്നവരെയാണ് പോലീസ് പിടികൂടുന്നത്. നാട്ടുകാരുടെ ഒരു നിമിഷത്തെ മറവി മുതലാക്കി ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തുകയാണ് വനിതാ പോലീസ് ചെയ്യുന്നത്. കൈയിലിരിക്കുന്ന മാസ്ക്ക് ഇടാനും പോലീസ് സമ്മതിക്കില്ല. അതിന് മുമ്പേ പടമെടുപ്പ് പൂർത്തിയാക്കി പിഴ മേടിച്ചിരിക്കും.

സ്വന്തം വീടിനു മുന്നിൽ ഒറ്റയ്ക്ക് നിൽക്കുന്നവരെയും ഓഫീസിൻറെ കോംബൗണ്ടിൽ നിൽക്കുന്നവരെയുമാണ് പിങ്ക് പോലീസ് എളുപ്പത്തിൽ പിടികൂടുന്നത്. കയ്യിലുള്ള മാസ്ക്ക് ഇടാനോ വാഹനത്തിൽ നിന്ന് എടുക്കാനോ ഇവർ സമ്മതിക്കില്ലെന്നാണ് ആക്ഷേപം. ഇവർ മോശമായി പെരുമാറുന്നതായും ആരോപണമുണ്ട്. ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന ടാർഗറ്റ് പൂർത്തീകരിക്കാൻ കണ്ണിൽ കണ്ടവരെ ചാർജ് ചെയ്യാതെ നിവർത്തിയില്ലെന്ന് പോലീസുകാർ രഹസ്യമായി സമ്മതിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ചായകുടിക്കുന്നവരെ പിഴയിടുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയതായും പരാതിയുയർന്നിരുന്നു. മാസ്ക്ക് മാറ്റാതെ എങ്ങിനെ ചായകുടിക്കുമെന്ന് ചോദിച്ചപ്പോൾ സ്ഥലം വിടുകയായിരുന്നു. തുമ്മാനുള്ള സൗകര്യത്തിനായി മാസ്ക്ക് മാറ്റിയ ആളിന്റെ മുന്നിലേക്ക് ഇതേ സംഘം ചാടിവീണതും നാട്ടുകാർക്കിടയിൽ പാട്ടാണ്. പൈപ്പ് ലൈൻ റോഡിലെ വീട്ടുകാരനാണ്  കുടുക്കിൽ പെട്ടത്. ആൾക്കൂട്ടത്തിൽ മാസ്ക്ക് ഇടാതെ നിൽക്കുന്നതാണ് കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നതെന്ന് വ്യക്തമായിരിക്കെ കയ്യിൽ മാസ്ക്ക് പിടിച്ചുനില്ക്കുന്നുന്നവരെ അത് ധരിക്കുന്നതിനു മുൻപ് ഫോട്ടോ എടുത്ത് ഭീഷണിപ്പെട്ടുത്തുന്നതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

മാസ്ക്കിടാതെ കൂട്ടം കൂടി നിൽക്കുന്നവരെ പിടിക്കേണ്ടതിന് പകരം കാത്തുനിന്നു സ്വകാര്യ കാറുകളിൽ നിന്ന് ഇറങ്ങുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നത് കോവിഡ് പ്രോട്ടോക്കോൾ നടപ്പിലാക്കാനുള്ള മുൻകരുതലല്ല പകരം ടാർഗറ്റ് ഒപ്പിക്കലാണെന്നാണ് ആരോപണം. തിരക്കേറിയ മേഖലകളിൽ ഈ ജാഗ്രത പോലീസ് സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. അതിനിടയിൽ
വനിതകളെ ഡ്രൈവിംഗ് പഠിപ്പിക്കാൻ പോലീസ് വണ്ടി ഉപയോഗിക്കുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here