മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ച ഉളിയന്നൂർഹെൽത്ത് കെയർ വെൽനെസ് സെൻററിൽ സംഘടിപ്പിച്ച ചടങ്ങിൽ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് മുട്ടത്തിൽ സംസാരിക്കുന്നു.

കൊച്ചി:ആരോഗ്യരംഗത്തെ പ്രതിസന്ധികളെ അതിജീവിക്കാൻ കേരളത്തിന് കരുത്തു നൽകുന്നത് ആർദ്രം മിഷൻ വഴി നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇടപ്പള്ളിയിലെ റീജിയണൽ വാക്സിൻ സ്റ്റോറിൻ്റെയും ജില്ലയിലെ മങ്ങാട്ടുമുക്ക്‌, കടവന്ത്ര നഗരപ്രാഥമികാരോഗ്യകേന്ദ്രങ്ങളെ നഗര കുടുംബാരോഗ്യകേന്ദ്രങ്ങളായും തൈക്കാവ്‌, പിണർമുണ്ട, ഉളിയന്നൂർ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളെ ഹെൽത്ത്‌ ആന്റ്‌ വെൽനെസ്‌ സെന്ററുകളായും ഉയർത്തുന്നതിന്റെയും
ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരള കേരളത്തിൻ്റെ ആരോഗ്യരംഗത്ത് സമഗ്ര പുരോഗതി കൈവരിക്കാൻ ആർദ്രം മിഷൻ വഴി സാധിച്ചു. ലോകമെമ്പാടുമുള്ള മലയാളികൾക്ക് അഭിമാനമാണ് കേരളത്തിലെ ആരോഗ്യ മേഖല. ആരോഗ്യരംഗത്തെ പ്രതിസന്ധികളെ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ നേരിടാൻ നമുക്ക് ഈ പുരോഗമന പ്രവർത്തനങ്ങളാണ്.

സർക്കാരിൻ്റെ 100 ദിന കർമ്മപദ്ധതികളുടെ ഭാഗമായി 25 കോടി രൂപ ചെലവിൽ സംസ്ഥാനത്തെ 50 ആരോഗ്യ സ്ഥാപനങ്ങളിലെ വിവിധ പദ്ധതികളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് 856 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താനാണ് പദ്ധതി തയ്യാറാക്കിയത്. അതിൽ 474 എണ്ണം പൂർത്തീകരിച്ചു. ബാക്കിയുള്ളവയിൽ ആറ് സ്ഥാപനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആയി ഇപ്പോൾ ഉയർത്തുന്നത്. വിദഗ്ധ ചികിത്സയും മികച്ച അടിസ്ഥാന സൗകര്യങ്ങളും ആണ് ഈ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്. 2.5 കോടി രൂപ ചെലവിൽ വിവിധ സബ് സെൻററുകൾ ഹെൽത്ത്കെയർ വെൽനെസ് സെൻററുകൾ ആക്കി മാറ്റുകയാണ്. ഇത്തരത്തിൽ 28 സെൻററുകൾ ആണ് സംസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ചികിത്സയ്ക്കൊപ്പം കോവിഡ് ഇതര രോഗചികിത്സയ്ക്കും മുൻഗണന നൽകിയാണ് ആരോഗ്യവകുപ്പ് പ്രവർത്തിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനുള്ള പദ്ധതികളും അതിവേഗം നടപ്പാക്കുകയാണ്.

റീജിയണൽ വാക്സിൻ സ്റ്റോർ, കടവന്ത്ര, മങ്ങാട്ടുമുക്ക് നഗരകുടുംബാരോഗ്യകേന്ദ്രങ്ങൾ, തൈക്കാവ്‌, പിണർമുണ്ട, ഉളിയന്നൂർ ഹെൽത്ത്‌ ആൻ വെൽനെസ്സ്‌ സെന്ററുകൾ എന്നിവയാണ് ജില്ലയിൽ ഉദ്ഘാടനം നിർവഹിക്കപ്പെട്ട പദ്ധതികൾ.

ഇടപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിനോട്‌ ചേർന്നാണ്‌ എറണാകുളം ജില്ല കേന്ദ്രീകരിച്ചുള്ള റീജിയണൽ വാക്സിൻ സ്റ്റോറിന്റെ നിർമ്മാണം പൂർത്തിയായിരിക്കുന്നത്‌. 499 സ്ക്വയർ മീറ്ററുള്ള സ്റ്റോറിന്റെ നിർമ്മാണത്തിനായി 3.66 കോടി രൂപയാണ്‌ അടങ്കൽ തുക. എറണാകുളം ജില്ലക്ക്‌ പുറമെ, തൃശൂർ, പാലക്കാട്‌, ഇടുക്കി, കോട്ടയം ജില്ലകളിലേക്ക്‌ കൂടിയുള്ള വാക്സിനുകൾ ഇടപ്പള്ളിയിലെ റീജിയണൽ വാക്സിൻ സ്റ്റോറിലാണ്‌ സൂക്ഷിക്കുക. ഇവിടെനിന്നും ജില്ലാ വാക്സിൻ സ്റ്റോറിലേക്കും അവിടെ നിന്നും താഴെത്തട്ടിലേക്കും വിതരണം ചെയ്യും.

സംസ്ഥാനത്തുതന്നെ എറ്റവും വലിയ റീജിയണൽ വാക്സിൻ സ്റ്റോറാണ്‌ ഇടപ്പള്ളിയിലുള്ളത്‌. വാക്കിംഗ്‌ കൂളർ, വാക്കിംഗ്‌ ഫ്രീസർ, ലോജിസ്റ്റിക്‌, കോൾഡ്‌ ചെയിൻ വർക്ക്ഷോപ്പ്‌ എന്നിവക്കുള്ള സൗകര്യങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌. ഹൈറ്റ്സാണ്‌ നിർമ്മാണപ്രവൃത്തികൾ പൂർത്തിയാക്കിയത്‌.

തൈക്കാവ്‌, പിണർമുണ്ട, ഉളിയന്നൂർ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളെ ഹെൽത്ത്‌ ആന്റ്‌ വെൽനെസ്‌ സെന്ററുകളാക്കി ഉയർത്തുന്നതിന് ഓരോ കേന്ദ്രങ്ങൾക്കും ശരാശരി ദേശീയ ആരോഗ്യദൗത്യം മുഖേന 7 ലക്ഷം രൂപ വീതം ചെലവഴിച്ചാണ്‌ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്‌. കടവന്ത്ര, മങ്ങാട്ടുമുക്ക്‌ ആരോഗ്യകേന്ദ്രങ്ങളെയാണ് നഗര കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയർത്തിയിരിക്കുന്നത്.

കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ ഹെൽത്ത്‌ ആന്റ്‌ വെൽനെസ്സ്‌ സെന്ററുകളായി മാറുന്നതോടെ ഇവിടങ്ങളിൽ പോഷകാഹാരക്ലിനിക്‌, പ്രായമായവർക്കുള്ള ആരോഗ്യസേവനങ്ങൾ, കുഞ്ഞുങ്ങളുടെ വളർച്ചാ പരിശോധന, പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലീരോഗ പരിശോധന, ഗർഭിണികൾക്കു പരിശോധനകൾ, കൗമാരക്കാർക്കുള്ള പരിശോധനകൾ തുടങ്ങിയ സേവനങ്ങൾ കൂടി ലഭ്യമാകും. ഇതിനായി നിലവിലുള്ള ഒരു ജെ പി എച്ച്‌ എൻ, ജെ എച്ച്‌ ഐ എന്നിവർക്ക്‌ പുറമെ ഒരു സ്റ്റാഫ്‌ നേഴ്സിനെ കൂടി നിയമിച്ചിട്ടുണ്ട്‌.

ഹെൽത്ത്‌ ആന്റ്‌ വെൽനെസ്‌ സെന്ററിൽ കാത്തിരിപ്പ്‌ മുറി, ക്ലിനിക്ക്‌, പ്രതിരോധകുത്തിവെയ്പ്‌ മുറി, ഭക്ഷണം നൽകാനുള്ള മുറി, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. സിൽക്കാണ്‌ നിർമ്മാണപ്രവൃത്തികൾ പൂർത്തിയാക്കിയത്‌.

രോഗീസൗഹൃദമായ മെച്ചപ്പെട്ട സൗകര്യങ്ങൾ ഈ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്‌. ലാബ്‌, ഫാർമസി, കാത്തിരിപ്പ്‌ സൗകര്യങ്ങൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്‌. കടവന്ത്ര നഗരകുടുംബാരോഗ്യകേന്ദ്രത്തിന്‌ 11.43 ലക്ഷം രൂപയും മങ്ങാട്ടുമുക്ക്‌ നഗരകുടുംബാരോഗ്യകേന്ദ്രത്തിന്‌ 11.53 ലക്ഷം രൂപയുമാണ്‌ പ്രവൃത്തികൾക്കായി ചെലവഴിച്ചത്‌. കോസ്റ്റ്‌ ഫോർഡാണ്‌ പ്രവൃത്തികൾ നടത്തിയത്‌.

ഓൺലൈൻ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഇടപ്പള്ളി റീജിയണൽ വാക്സിൻ സെൻററിൽ സംഘടിപ്പിച്ച ചടങ്ങിൽ കൊച്ചി മേയർ അഡ്വ എം. അനിൽകുമാർ, ഹൈബി ഈഡൻ എംപി, പി ടി തോമസ് എംഎൽഎ എന്നിവർ ചേർന്ന് നാട മുറിക്കലും ശിലാഫലകം അനാച്ഛാദനവും നിർവഹിച്ചു. വാർഡ് കൗൺസിലർ ദീപ വർമ്മ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ. കട്ടപ്പൻ, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നമ്പേലി, അഡീഷണൽ ഡി എം ഒ ഡോ. എസ്. ശ്രീദേവി, വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ. എം.ജി. ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here