എറണാകുളം : ദീർഘനാളുകളായുള്ള ഏലൂർ നഗരസഭയിലെ കുടിവെള്ള പ്രശ്നത്തിന് സമയബന്ധിതമായി ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി പി. രാജീവ് പബ്ളിക് സ്ക്വയറിൽ പറഞ്ഞു. ഏലൂർ നഗരസഭാ ഓഫീസിൽ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി നടത്തിയ ആശയവിനിമയ പരിപാടി പബ്ളിക് സ്ക്വയറിൽ വ്യവസായ മന്ത്രി പി.രാജീവ് ജനപ്രതിനിധികളുമായും പൊതുജനങ്ങളുമായും സംവദിച്ചു. ഒരുമിച്ചു പ്രവർത്തിച്ചാൽ മാത്രമേ വികസനം യാഥാർഥ്യമാകൂ എന്നും മൂന്ന് മാസം കഴിയുമ്പോൾ പബ്ലിക് സ്ക്വയറിൽ ഉന്നയിച്ച പ്രശ്നങ്ങളുടെ സ്ഥിതിഗതികൾ വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു. കളമശ്ശേരി നിയോജക മണ്ഡലത്തിൽ മികവ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനും സ്കൂളുകളുടെ നിലവാരം ഉയർത്തുന്നതിനും ആകാശമിഠായി എന്ന പേരിൽ പദ്ധതി ആവിഷ്കരിക്കും. കൂടാതെ സംസ്ഥാന സർക്കാർ വീടിനകത്തും പൊതുയിടത്തും ജോലി ചെയ്യാനുള്ള സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി സ്കില്ലിങ് കളമശേരി യൂത്ത് (സ്കൈ) നൈപുണ്യ പരിശീലന പദ്ധതിയും ആരംഭിക്കും. ഇതിന് പുറമെ വിദ്യാലയങ്ങളിൽ ഡിജിറ്റൽ ലൈബ്രറി വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു .

പബ്ളിക് സ്ക്വയറിൽ കളമശേരി നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്നതും നടപ്പിലാക്കേണ്ടതുമായ പരിപാടികളും ചർച്ചചെയ്തു. പിഡബ്ല്യുഡി , വാട്ടർ അതോറിറ്റി, കൃഷി , റവന്യൂ, ഇറിഗേഷൻ തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു .

ഏലൂർ നഗരസഭയിൽ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തണം. വായുമലിനീകരണ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം . ലൈഫ് ഭവനസമുച്ചയം പദ്ധതി പൂർത്തീകരിക്കണം. ചേരാനല്ലൂർ – മഞ്ഞുമ്മൽ പാലം നിർമ്മിക്കണം. പാതാളം സ്കൂൾ വികസനത്തിന് വേണ്ട സ്ഥലം ടിസിസിയിൽ നിന്നും ഏറ്റെടുക്കണം. സെക്കൻഡ് ഗ്രേഡ് നഗരസഭയായ ഏലൂരിന് ആസ്ഥാനമന്ദിരം നിർമ്മിക്കണം. വ്യവസായ സ്ഥാപനങ്ങളിൽ കൃഷി നടത്തുന്നതിന് സബ്സിഡി അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും പബ്ലിക് സ്ക്വയിൽ വിവിധ ജനപ്രതിനിധികളും പൊതുജനങ്ങളും ആവശ്യമുന്നയിച്ചു .

ഏലൂർ നഗരസഭാധ്യക്ഷൻ എ. ഡി സുജിൽ പബ്ലിക് സ്ക്വയറിയ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ലീല ബാബു സെക്രട്ടറി പി കെ സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here