ന്യൂഡല്‍ഹി:  ടോക്കിയോ ഒളിംപിക്‌സ് ഹോക്കിയില്‍ വെങ്കലം നേടിയ മലയാളി ഗോള്‍കീപ്പര്‍ പി ആര്‍  ശ്രീജേഷിന് രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന. അത്ലറ്റിക്‌സിലെ സ്വര്‍ണജേതാവ് നീരജ് ചോപ്ര, പി ആര്‍ ശ്രീജേഷ് ഉള്‍പ്പെടെ 12 പേരാണ് ഇത്തവണ ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹത നേടിയത്.

രവികുമാര്‍( ഗുസ്തി), ലവ്‌ലിന ബോര്‍ഹോഗെയ്ന്‍ ( ബോക്‌സിങ്), ക്രിക്കറ്റ് താരം മിതാലി രാജ്, ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി തുടങ്ങിയവര്‍ക്കും അംഗീകാരം ലഭിച്ചു. ഈ മാസം 13ന് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

മേജർ ധ്യാൻ ചന്ദ് അവാർഡ് ഫോർ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം നേടിയവരുടെ പട്ടികയിൽ മലയാളിയായ ബോക്സിങ് താരം കെസി ലേഖയും ദ്രോണാചാര്യ പുരസ്കാരം നേടിയവരുടെ പട്ടികയിൽ മലയാളികളായ രാധാകൃഷ്ണൻ നായർ, ടിപി ഔസേപ്പ് എന്നിവരും ഇടം പിടിച്ചു.

ഖേല്‍രത്‌ന ലഭിക്കുന്ന മൂന്നാമത്തെ മലയാളിയാണ് പി ആര്‍ ശ്രീജേഷ്. 2002- 2003 വര്‍ഷത്തില്‍ ഓട്ടക്കാരി കെ എം ബീനാമോളാണ് പുരസ്‌കാരം ആദ്യമായി കേരളത്തിലെത്തിച്ചത്. അടുത്തവര്‍ഷം ലോങ്ജമ്പ് താരം അഞ്ജു ബോബി ജോര്‍ജ്ജും ഈ പുരസ്‌കാരത്തിന് അര്‍ഹയായി.

LEAVE A REPLY

Please enter your comment!
Please enter your name here