ആലുവ തോട്ടക്കാട്ടുകര സീ സാൾട്ട് സ്പായിലെ ജീവനക്കാരിയെ കെട്ടിയിട്ട് മർദ്ദിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. തോട്ടക്കാട്ടുകര ഓലിപ്പറമ്പിൽ സോളമൻ (29) ആണ് ആലുവ പോലിസിന്‍റെ പിടിയിലായത്. ഓഗസ്റ്റിലാണ് സംഭവം നടന്നത്. മലപ്പുറം സ്വദേശി റിൻഷാദ് നടത്തുന്ന സ്പായിൽ ഗുണ്ടാപ്പിരിവ് ചോദിച്ചെത്തിയ സംഘം പണം കിട്ടാത്തതിനെ തുടർന്ന് ജീവനക്കാരിയെ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ സോളമനെ പ്രത്യേക അന്വേഷണ സംഘം ബംഗലുരുവിലെ മടിവാളയിൽ നിന്നുമാണ് പിടികൂടിയത്. അറസ്റ്റ്‌ ചെയ്യാന്‍ എത്തിയപ്പോള്‍ ആയുധവുമായി പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായി കീഴടക്കുകയായിരുന്നു. പത്തോളം കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഏപ്രിലിൽ കാപ്പ ചുമത്തിയിരുന്നു. ആഴ്ചയിലൊരു ദിവസം സ്റ്റേഷനിൽ ഹാജരാവുക, കേസുകളിൽ ഉൾപ്പെടാതിരിക്കുക എന്നിങ്ങനെയായിരുന്നു കാപ്പ വ്യവസ്ഥകൾ. ഇത് ലംഘിച്ചാണ് സ്പായിൽ ആക്രമണം നടത്തിയത്. കാപ്പ വ്യവസ്ഥകൾ ലംഘിച്ചതിനും സോളമനെതിരെ കേസ് എടുത്തിട്ടുണ്ട്. ആലുവ എസ്.എച്ച്.ഒ സി.എൽ.സുധീർ, എസ്.ഐമാരായ ആർ.വിനോദ്, കെ.വി ജോയി, സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, പി.എസ്.ജീമോൻ, ഷാനിഫ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here