ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഏഴ് രാജ്യങ്ങളിലെ ദേശീയ സുരക്ഷാ കൗൺസിൽ തലവന്മാർ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പങ്കെടുത്ത ശേഷമാണ് ഇവർ പ്രധാനമന്ത്രിയെ കാണാനെത്തിയത്. ഇറാൻ, കസാഖ്സ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, താജിക്കിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇന്ന് ഡൽഹിയിലെ നിർണായക യോഗത്തിൽ പങ്കെടുത്തത്.

മഹാമാരി ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും ഡൽഹി സുരക്ഷാ സംവാദത്തിൽ ഉന്നത പ്രതിനിധികൾ പങ്കെടുത്തതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട നാല് കാര്യങ്ങൾ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഗവൺമെന്റിന്റെ ആവശ്യകത, അഫ്ഗാൻ പ്രദേശം ഭീകരവാദ ഗ്രൂപ്പുകൾ ഉപയോഗിക്കുന്നതിനോട് സഹിഷ്ണുതയില്ലാത്ത നിലപാട്, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മയക്കുമരുന്നുകളുടെയും ആയുധങ്ങളുടെയും കടത്ത് തടയാനുള്ള തന്ത്രം, അഫ്ഗാനിസ്ഥാനിലെ വർദ്ധിച്ചുവരുന്ന നിർണായകമായ മാനുഷിക പ്രതിസന്ധി എന്നിവയിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

മധ്യേഷ്യയുടെ മിതത്വത്തിന്റെയും പുരോഗമന സംസ്‌കാരത്തിന്റെയും പാരമ്പര്യങ്ങളെ പുനരുജ്ജീവിപ്പിക്കാനും തീവ്രവാദ പ്രവണതകളെ ചെറുക്കാനും പ്രാദേശിക സുരക്ഷാ സംവാദം വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അഫ്ഗാൻ വിഷയത്തിൽ സംഭാഷണം സംഘടിപ്പിക്കുന്നതിനും ലോകരാജ്യങ്ങളുമായി ആശയ വിനിമയം നടത്തുന്നതിനും ഇന്ത്യ മുൻകൈയ്യെടുത്തതിനെ സുരക്ഷാ തലവൻമാർ അഭിനന്ദിച്ചു. അഫ്ഗാൻ സാഹചര്യത്തെക്കുറിച്ചുള്ള തങ്ങളുടെ രാജ്യങ്ങളുടെ കാഴ്ചപ്പാടുകളും അവർ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here