മുംബൈ: മഹാരാഷ്‌ട്രയിലെ ഗഡ്ചിരോലിയിൽ ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ച 26 പേരിൽ മുതിർന്ന മാവോയിസ്റ്റ് ഭീകരനും.  മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റിയംഗമായ മിലിന്ദ് ബാബുറാവു ടെൽതുംദെയാണ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. മേഖല കേന്ദ്രീകരിച്ച് പുതിയ യൂണിറ്റ് ഉണ്ടാക്കാനും പ്രവർത്തനം ശക്തമാക്കാനുമുളള ദൗത്യത്തിലായിരുന്നു ഇയാൾ.

പുതിയതായി രൂപീകരിച്ച എംഎംസി (മഹാരാഷ്‌ട്ര-മദ്ധ്യപ്രദേശ്-ഛത്തീസ്ഗഢ്) സോണിന്റെ തലവനായിരുന്നു ടെൽതുംദെ. എംഎംസിയുടെ സ്‌പെഷൽ സോൺ സെക്രട്ടറിയായിരുന്നു ഇയാൾ. ജീവ എന്നാണ് ടെൽതുംദെ അറിയപ്പെടുന്നത്.

മാവോയിസ്റ്റ് ഭീകരരുടെ ഗതാഗതം തടസമില്ലാതെ ഉറപ്പാക്കുകയും മുതിർന്ന നേതാക്കൾക്ക് സുരക്ഷിതമായ വാസസ്ഥാനം ഒരുക്കുകയുമായിരുന്നു ഇയാളുടെ പ്രധാന ദൗത്യങ്ങൾ. സംഘടന ശക്തിപ്പെടുത്തുന്നതിനായി പ്രദേശവാസികളെ ഇയാൾ റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നു. ഏതാണ്ട് നൂറോളം പേരെ ഇത്തരത്തിൽ സംഘത്തിൽ ചേർത്തിരുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നത്.

ഗഡ്ചിരോലി എസ്പി അങ്കിത് ഗോയൽ ആണ് ഇയാൾ കൊല്ലപ്പെട്ട ഭീകരരിൽ ഉൾപ്പെട്ടതായി അറിയിച്ചത്. വിവരം ഉറപ്പിക്കാൻ കൂടുതൽ തെളിവുകൾ ശേഖരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബാക്കിയുളളവരെ തിരിച്ചറിയാനുളള ശ്രമം തുടരുകയാണെന്നും എസ്പി വ്യക്തമാക്കി.

സി 60 പോലീസ് കമാൻഡോ സംഘത്തിന്റെ തിരിച്ചിലിനിടെയാണ്  ഏറ്റുമുട്ടൽ ഉണ്ടായത്. കിഴക്കൻ മഹാരാഷ്‌ട്രയിലെ മാർഡിൻതോല വനമേഖലയിലെ കോർച്ചിയിലായിരുന്നു സംഭവം. ശനിയാഴ്ച രാവിലെ മുതൽ ആരംഭിച്ച ഏറ്റുമുട്ടലിൽ വൈകിട്ടോടെയാണ് 26 ഭീകരരെ വധിച്ചതായി പോലീസ് വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here