തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദനത്തിനിരയായ യുവാവിന്റെ അമ്മൂമ്മ മരിച്ചു.ജാനമ്മാള്‍(75) ആണ് മരിച്ചത്. ജാനമ്മാളിന് കൂട്ടിരിക്കാനാണ് അരുണ്‍ദേവ് മെഡിക്കല്‍ കോളേജിലെത്തിയതും സുരക്ഷാ ജീവനക്കാരുടെ ക്രൂരമര്‍ദ്ദനത്തിനിരയായതും.

സംഭവത്തില്‍ സ്വകാര്യ സുരക്ഷാ ഏജന്‍സി ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സതീശന്‍ എന്നയാളെ ഇനി പിടികൂടാനുണ്ട്. അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയ അരുണ്‍ദേവിനെ സെക്യൂരിറ്റി ജീവനക്കാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം

മറ്റൊരു ബന്ധു വന്നപ്പോള്‍ വീട്ടില്‍ പോയി വിശ്രമിച്ച ശേഷം തിരികെ മെഡിക്കല്‍ കൊളേജില്‍ എത്തി. അവിടെ കൂട്ടിരുന്ന ആളുടെ കൈയ്യില്‍ നിന്ന് പാസ് വാങ്ങി തിരികെ കയറാന്‍ ശ്രമിക്കുമ്ബോഴായിരിന്നു മര്‍ദ്ദനം. ഗേറ്റിന് മുന്നില്‍ നിന്ന് വലിച്ച്‌ അകത്തേയ്ക്ക് കൊണ്ട് പോയി മര്‍ദ്ദിക്കുകയായിരുന്നു. സെക്യൂരിറ്റി റൂമിന് പിറകില്‍ കൊണ്ട് പോയും മര്‍ദ്ദിച്ചതായി അരുണ്‍ ദേവ് പരാതിയില്‍ പറയുന്നു. അരുണിന്റെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസ് എടുത്തു. മൂന്ന് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് എതിരെയാണ് കേസ് എടുത്തത്.

കയറ്റി വിടണമെന്ന അരുണ്‍ ദേവിന്റെ ആവശ്യം അംഗീകരിക്കാത്തതിനാല്‍ അരുണാണ് അക്രമം തുടങ്ങുകയും, അസഭ്യം വിളിക്കുകയും ചെയ്തതെന്നാണ് സെക്യൂരിറ്റി ജീവനക്കാരുടെ വാദം. മര്‍ദ്ദിച്ചിട്ടില്ലെന്നും അക്രമാസക്തമായ അരുണിനെ പിടിച്ച്‌ ഇരുത്തിയ ശേഷം പൊലീസിനെ ഏല്‍പ്പിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ന്യായീകരണം.

സെക്യൂരിറ്റി ജീവനക്കാരും പൊലീസില്‍ പരാതി നല്‍കി. പക്ഷേ ഇവരുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടില്ല. സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ ആദ്യമായല്ല പരാതി ലഭിക്കുന്നത്. മുന്‍പ് പലതവണ സമാന പരാതി ഉണ്ടായിട്ടുണ്ടെന്നും മെഡിക്കല്‍ കൊളേജ് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here