ജയ്പൂർ: രാജസ്ഥാനിൽ അടുത്ത മന്ത്രിസഭ അധികാരമേറ്റു. കോൺഗ്രസിനുളളിലെ പ്രശ്‌നങ്ങളെ തുടർന്ന് നിലവിലെ മന്ത്രിസഭ രാജിവെച്ച ശേഷം പുതിയ ആളുകളെ ഉൾപ്പെടുത്തുകയായിരുന്നു. മന്ത്രിമാരിൽ 12 പേർ പുതുമുഖങ്ങളാണ്. ഇതിൽ അഞ്ച് പേർ സച്ചിൻ പൈലറ്റിന്റെ വിശ്വസ്തരാണ്

11 ക്യാബിനറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. മഹേന്ദ്രജീത് സിംഗ് മാൽവിയ, രാംലാൽ ജാട്ട്, മഹേഷ് ജോഷി, വിശ്വവേന്ദ്ര സിംഗ്, ഗോവിന്ദ് റാം മേഘ് വാൾ, ശകുന്തള റാവത്ത്, രമേശ് മീണ, മംമ്ത ഭൂപേഷ് ഭൈർവ, ഭജൻലാൽ ജതാവ്, ടീക്കാറാം ജൂലി തുടങ്ങിയവരാണ് ക്യാബിനറ്റ് മന്ത്രിമാർ. ബ്രിജേന്ദ്ര സിംഗ് ഓല, മുറാരി ലാൽ മീണ, രാജേന്ദ്ര ഗുഡ്ഡ, സഹീദ ഖാൻ തുടങ്ങിയവർ സഹമന്ത്രിമാരായി അധികാരമേറ്റു.

ജയ്പൂരിൽ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ കൽരാജ് മിശ്രയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സോണിയാഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വിറ്ററിൽ പറഞ്ഞു. 2023 ലെ തെരഞ്ഞെടുപ്പിലും കോൺഗ്രസ് അധികാരത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിസഭാ പുനസംഘടന എല്ലാവരുടെയും പ്രതീക്ഷകൾ നിറവേറ്റുന്നതാണെന്ന് രാജസ്ഥാൻ കോൺഗ്രസ് അദ്ധ്യക്ഷൻ ഗോവിന്ദ് സിംഗ് ദൊത്താശ്ര പറഞ്ഞു. സംസ്ഥാനത്തെ പാർട്ടി ഘടകത്തിലെ പ്രശ്‌നങ്ങൾ തീർക്കാൻ തുടർന്നും നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രവർത്തകരുടെ പരാതികൾ പരിഹരിക്കാൻ പാർട്ടി ആസ്ഥാനത്ത് പ്രത്യേക പരിപാടി സംഘടിപ്പിക്കും. ലഭിക്കുന്ന പരാതികൾ ഹൈക്കമാൻഡിനും മുഖ്യമന്ത്രിക്കും നൽകുമെന്നും ദൊത്താശ്ര കൂട്ടിച്ചേർത്തു

LEAVE A REPLY

Please enter your comment!
Please enter your name here