തൃശൂർ: പോലീസ് തോക്കുകളും, ഡോഗ് സ്ക്വാഡിന്റെ പ്രകടനങ്ങളും വിസ്മയത്തോടെ നോക്കി നടന്നു നീങ്ങിയ ഭിന്നശേഷി കുട്ടികൾ, ആശ്ചര്യത്തോടെ തലയാട്ടി. പോലീസുകാരുടെ സ്നേഹത്തിൽ മതിമറന്നു. നെടുവീർപ്പിട്ടും, ഭയപ്പാടകന്നും, സന്തോഷാധിക്യത്താൽ തുള്ളിച്ചാടിയും 80 ഭിന്നശേഷി കുട്ടികൾ. ബുധനാഴ്ച വൈകീട്ട് 3 മണിയ്ക്ക് കേരളപോലീസ് അക്കാദമി സന്ദർശിയ്ക്കാനെത്തിയ മലപ്പുറം വളാഞ്ചേരി വി.കെ.എം സെപ്ഷൽ സ്ക്കൂളിലെ ഭിന്നശേഷി കുട്ടികളാണ് ആകാംക്ഷയും അമ്പരപ്പും തീർത്തത്. ഹൃദ്യമായ സ്വീകരണമൊരുക്കിയാണ് അക്കാദമിയും, സേനാംഗങ്ങളും ഇവരെ കാത്തിരുന്നത്. മലപ്പുറം സ്വദേശിയായ ആർച്ചയും, വിശ്വജ്യോതിയും, ഇർഷാദും, അസ്നയും, ഷെബിനും വീൽ ചെയറിലിരുന്ന് കൌതുകത്തോടെ എകെ 47 തോക്കും, പിസ്റ്റളും, എൽ.എം.ജിയും തൊട്ടുനോക്കി, വെടിയുണ്ട കയ്യിലെടുത്തു. സാറേ, വിമാനം വെടിവെയ്ക്കാൻ കഴിയുമോ ? ആർച്ചനയുടെ ചോദ്യത്തിൽ ഹവിൽദാർ അജീഷ് കുമാർ കെ.കെ വ്യക്തമായി പറഞ്ഞു കൊടുത്തു. ട്രൈപോഡിൽ എൽ.എം.ജി തോക്ക് വെച്ചുള്ള മോഡലാണിത്. ഇത് വെച്ച് വിമാനം വേണമെങ്കിൽ വെടിവെച്ചിടാം. കുട്ടികൾക്ക് ആകാംക്ഷ കൂടി. ഈ സമയത്താണ് ഒരു വിമാനം ആകാശത്തിലൂടെ പോയത്. കുട്ടികളുടെ പുഞ്ചിരി കൂട്ട ചിരിയായി.
തുടർന്ന് കെ നയൻ ഡോഗ് സ്ക്വാഡ് പ്രകടനം കാണാനെത്തി. അച്ചടക്കത്തോടെ ഡോഗുകൾ ചാടുന്നതും, നീങ്ങുന്നതും, സല്യൂട്ട് ചെയ്യുന്നതുമെല്ലാം കുട്ടികളിൽ അത്ഭുതമേകി. തീപന്തത്തിലൂടെ കൂസലില്ലാതെ ചാടിയോടിയ ഡോഗിന് കയ്യടിയോടെ അഭിനന്ദിച്ചു. 25 ബെൽജിയം മൽനോയിസ് ഡോഗുകളാണ് പ്രകടനം നടത്തിയത്. പരേഡ് ഗ്രൌണ്ടിലെത്തി തോക്കേന്തിയ വനിതാ പോലീസ് ബറ്റാലിയൻ മാർച്ചും, പരേഡും തുടർന്ന് നേരിൽ കണ്ടു. മാനസിക വൈകല്യവും, ശാരീരിക വൈകല്യവുമുള്ള കുട്ടികൾ നൃത്തം ചെയ്തും, മാപ്പിളപ്പാട്ട് പാടിയും, ഒപ്പന കളിച്ചും പോലീസ് ഉദ്യോഗസ്ഥരുടെ കണ്ണീരണിയിച്ച നിമിഷങ്ങളായിരുന്നു പിന്നീട് നടന്നത്. 6മണിയോടെ അക്കാദമി തിങ്ക് ഓഡിറ്റോറിയത്തിലായിരുന്നു ഭിന്നശേഷി കുട്ടികളുടെയും, പോലീസ് പരിശീലനാർത്ഥികളുടെയും കലാവിരുന്ന്. കേക്ക് മുറിച്ചും, വിഭവസമൃദ്ധമായ ഭക്ഷണം നൽകിയും അക്കാദമി അതിഥികളെ സ്വീകരിച്ചു. തിങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പൊതുചടങ്ങ് ഐ.ജിയും കേരളപോലീസ് അക്കാദമി ഡയറക്ടറുമായ പി.വിജയൻ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടർ പി.എ മുഹമ്മദ് ആരിഫ് അധ്യക്ഷനായി. ചടങ്ങിൽ അക്കാദമിയുടെ ഉപഹാരം സ്ക്കൂളിന് കൈമാറി. വി.കെ.എൻ സ്ക്കൂൾ ഭാരവാഹികളായ ഡോ. അയിഷ അഷറഫ്, സിനിൽ, ഷിഖിൽ കേരളപോലീസ് അക്കാദമി അസിസ്റ്റൻറ് ഡയറക്ടർമാരായ ടി.കെ സുബ്രഹ്മണ്യൻ, എൽ. സോളമൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here