ചണ്ഡീഗഡ്: അഴിമതി കേസിൽ പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ല അറസ്റ്റിൽ. ആന്റി കറപ്ഷൻ ബ്യൂറോയാണ് മന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഴിമതി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് സിംഗ്ലയെ മന്ത്രിസഭയിൽ നിന്നും മുഖ്യമന്ത്രി ഭഗവന്ത് മൻ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി അറസ്റ്റിലായത്.

ടെണ്ടറുകൾക്ക് ഒരു ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടെന്നാണ് സിംഗ്ലയ്‌ക്ക് എതിരായ അഴിമതി ആരോപണം. സംഭവത്തിൽ സിംഗ്ലയ്‌ക്കെതിരെ കേസ് എടുക്കാൻ മുഖ്യമന്ത്രി പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിംഗ്ലയ്‌ക്കെതിരെ കേസ് എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. സിംഗ്ല കുറ്റങ്ങൾ സമ്മതിച്ചതായും ഭഗവന്ത് മൻ പറഞ്ഞിരുന്നു.

സിംഗ്ലയ്‌ക്കെതിരായ ശക്തമായ നടപടിയെന്നോണമാണ് മന്ത്രിസഭയിൽ നിന്നും പുറത്താക്കിയത്. പണ്ട് പഞ്ചാബ് ഭരിച്ചിരുന്നവർ അഴിമതിക്കാർ ആയിരുന്നുവെന്ന് ഭഗവന്ത് മൻ പറഞ്ഞു. എന്നാൽ ഇപ്പോൾ ഇത്തരം പ്രവർത്തികൾ പഞ്ചാബിന് കഴിയില്ല. മന്ത്രിയ്‌ക്കെതിരായ അഴിമതി ആരോപണം ഗൗരവതരമായി കാണുന്നു. വേണമെങ്കിൽ തനിക്കിത് മറച്ചുവയ്‌ക്കാം. എന്നാൽ തന്നെ വിശ്വസിക്കുന്ന ആളുകളുടെ വിശ്വാസം തകർക്കാൻ ആകില്ലെന്നും ഭഗവന്ത് മൻ വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here