പത്തനംതിട്ട: കെ.ടി ജലീലിൻ്റെ ദേശവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ പരാതി നൽകി ആർഎസ്എസ്. രാഷ്‌ട്രീയ സ്വയംസേവക് സംഘം ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹനാണ് പത്തനംതിട്ട പോലീസിൽ  പരാതി നൽകിയത്.ഭാരതീയന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ് ജലീൽ നടത്തിയ പരാമർശങ്ങൾ എന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഇദ്ദേഹം പരാതി നൽകിയിട്ടുണ്ട്.

മലയാളി സംഘടനകളുടെ യോഗത്തിൽ പങ്കെടുക്കാൻ അമൃത്‌സറിൽ എത്തിയ ജലീൽ കശ്മീരും സന്ദർശിച്ചിരുന്നു. ഇതിന്റെ അനുഭവം വിവരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് എംഎൽഎയുടെ ​ദേശവിരുദ്ധ പ്രസ്താവന. ഭാരതത്തിന്റെ അഭിവാജ്യ ഘടകമായ കശ്മീരിനെ ഇന്ത്യാ അധീന കാശ്മീർ എന്നും പാകിസ്താൻ വക്താക്കൾ ഉപയോഗിക്കുന്ന വിശേഷണമായ ആസാദ് കാശ്മീർ എന്നുമാണ് ജലീൽ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിശേഷിപ്പിച്ചത്.

ഇന്ത്യാ അധീന കശ്മീർ, ആസാദ് കശ്മീർ എന്നിങ്ങനെയുള്ള പരാമർശങ്ങൾ ഗൗരവകരമായി കാണേണ്ടതുണ്ട്. ഇന്ത്യാ വിഭജന സമയത്ത് കാശ്മീരിനെ രണ്ടായി മുറിച്ചിരുന്നു എന്ന വാസ്തവ വിരുദ്ധമായ പരാമർശവും ജലീൽ നടത്തിയെന്ന് പരാതിയിൽ പറയുന്നു.

ജലീലിന്റെ പരാമർശങ്ങൾ പൊതുമണ്ഡലത്തിൽ വലിയ എതിർപ്പുകൾ ഇടയാക്കുമെന്നതിനാൽ ദേശവിരുദ്ധ പരാമർശത്തെ പ്രസ്തുത നിയമത്തിൻ കീഴിൽ നൽകാൻ സാധിക്കുന്ന പരമാവധി ശിക്ഷ വാങ്ങി നൽകേണ്ടത് ജനാധിപത്യ, നീതിന്യായ സംവിധാനങ്ങളുടെവിശ്വാസ്യത വർദ്ധിപ്പിക്കാൻ അനിവാര്യമാണെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here