തൃശൂർ: പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ദേവകി നിലയങ്ങോട് (95) അന്തരിച്ചു. വ്യഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തൃശൂരിലെ  വീട്ടിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളാൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

നിലയങ്ങോട് മനയ്ക്കൽ പരേതനായ രവി നമ്പൂതിരിപ്പാടാണ്‌ ഭർത്താവ്‌. അച്ഛൻ കൃഷ്‌ണൻ സോമയാജിപ്പാട്‌. അമ്മ കാറൽമണ്ണ നരിപ്പറ്റ മനക്കൽ ദേവകി അന്തർജനം.പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ ചിത്രൻ നമ്പൂതിരിപ്പാടിന്റെ സഹോദരിയാണ്. കഴിഞ്ഞയാഴ്ചയാണ് ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചത്.

75ാം വയസിലാണ്‌ ദേവകി നിലയങ്ങോട് എഴുത്ത്‌ ആരംഭിച്ചത്‌. 70 വർഷം മുമ്പുള്ള സമുദായ ജീവിതത്തിലെ കൗതുകങ്ങളും വൈചിത്ര്യങ്ങളും  ആചാരങ്ങളും പകർത്തി എഴുതി.  അനുഭവങ്ങളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പ്രതിപാദിക്കുന്ന പുസ്‌തകങ്ങൾ ശ്രദ്ധ നേടിയിരുന്നു.   “നഷ്ടബോധങ്ങളില്ലാതെ’, “യാത്ര കാട്ടിലും നാട്ടിലും’,  വാതിൽ പുറപ്പാട്  എന്നിവയാണ് പ്രധാന കൃതികൾ. ഇവ  ഒറ്റപ്പുസ്‌തകമാക്കി “കാലപ്പകർച്ച’ എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസ് “കാലപ്പകർച്ച’ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി.

മക്കൾ: സതീശൻ (എരുമപ്പെട്ടി) ചന്ദ്രിക (റിട്ട. അധ്യാപിക, തൃശൂർ), കൃഷ്‌ണൻ (മുംബൈ), ഗംഗാധരൻ (കേരള സർവകലാശാല, തിരുവനന്തപുരം), ഹരിദാസ്. (എയർപോർട്ട്, തിരുവനന്തപുരം), ഗീത (ബംഗളൂരു). മരുമക്കൾ: അജിത (സംഗീത അധ്യാപിക, ഗവ. ഹൈസ്‌കൂൾ, അവണൂർ), പരേതനായ രവീന്ദ്രൻ (ചിന്ത രവി-ചലച്ചിത്ര സംവിധായകൻ), മായ (അധ്യാപിക, മുംബൈ), ഗീത (എൽഐസി, തിരുവനന്തപുരം), ഹേമലത (പാസ്‌പോർട്ട് ഓഫീസ്, തിരുവനന്തപുരം), വാസുദേവൻ (എൻജിനിയർ, ബംഗളൂരു.സംസ്കാരം നാളെ തൃശൂരിൽ.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here