കൊച്ചി:യൂറോപ്യന്‍ റോവര്‍ ചലഞ്ച് ഫൈനലിലേക്ക് യോഗ്യത നേടിയ കുസാറ്റ് വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനങ്ങളുമായി എറണാകുളം ജില്ലാ കളക്ടർ.

കൊച്ചി സര്‍വകലാശാലയിലെ എന്‍ജിനീയറിംഗ് ബിരുദ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ടീം ഹൊറൈസണ്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി നടത്തുന്ന റോബോട്ടിക് ആന്‍ഡ് സ്‌പേസ് മത്സരമായ യൂറോപ്യന്‍ റോവര്‍ ചലഞ്ച് 2023 ന്റെ ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടി. പോളണ്ടില്‍ എല്ലാ വര്‍ഷവും നടക്കുന്ന യൂറോപ്യന്‍ റോവര്‍ ചലഞ്ച് യൂറോപ്പിലെ ഏറ്റവും വലിയ റോബോട്ടിക്‌സ് ആന്റ് സ്‌പേസ് മത്സരമാണ്. ഇന്ത്യയില്‍ നിന്നുള്ള മൂന്ന് ടീമുകളില്‍ ഒന്നും സൗത്ത് ഇന്ത്യയില്‍ നിന്നുള്ള ഏക ടീമുമാണ് കുസാറ്റില്‍ നിന്നുള്ള ഹൊറൈസണ്‍. ഈ വര്‍ഷം ആഗോള തലത്തില്‍ 21 ാം റാങ്ക് നേടിയാണ് ഇവര്‍ ഫൈനല്‍ മത്സരത്തിന് യോഗ്യത നേടിയിരിക്കുന്നത്. പ്രൊജക്ടിനായി കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ലാബുകളാണ് വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്നത്.

ലോകത്തെ മുന്‍നിര സര്‍വകലാശാലകളില്‍ നിന്നുള്ള ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ഓരോ ടീമുകളും മാഴ്‌സ് റോവറിന്റെ ഡിസൈന്‍ തയാറാക്കി നിര്‍മ്മിച്ച് സംഘാടകര്‍ നിര്‍ദേശിക്കുന്ന ടാസ്‌കുകള്‍ റോവറിനെ ഉപയോഗിച്ച് ചെയ്യിപ്പിക്കണം. സംഘാടകര്‍ തയാറാക്കിയിട്ടുള്ള മാഴ്‌സിന്റെ പ്രതലത്തിലാണ് റോവര്‍ സഞ്ചരിക്കേണ്ടത്.

ഇതിനായി റോവര്‍ നിര്‍മ്മിക്കുന്നതിനടക്കമുള്ള ചെലവ് കണ്ടെത്തുന്നതിന് സാമ്പത്തിക സഹായം ഈ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമാണ്. റോവര്‍ നിര്‍മ്മിക്കുന്നതിനും പോളണ്ടില്‍ പോയി മത്സരത്തില്‍ പങ്കെടുക്കുന്നതിനുളള ചെലവുമടക്കം 15 ലക്ഷം രൂപയോളം ചെലവ് വരും. രാജ്യത്തിന് തന്നെ അഭിമാനമായി മാറിയേക്കാവുന്ന ഈ ഉദ്യമത്തില്‍ ഈ വിദ്യാര്‍ഥികളെ സഹായിക്കുവാൻ കഴിയുന്നവര്‍ മുന്‍പോട്ട് വരണമെന്നും കളക്ടർ അഭ്യര്‍ഥിച്ചു.. ബന്ധപ്പെടേണ്ട നമ്പര്‍ – 90615 18888

LEAVE A REPLY

Please enter your comment!
Please enter your name here