കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസില്‍ ടെക്ഫെസ്റ്റിനിടെയുണ്ടായ അപകടത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. വിസിയോടും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോടും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ കളമശ്ശേരി പൊലീസ് കേസെടുത്തു. പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ അടക്കം മൊഴികള്‍ ഇന്ന് രേഖപ്പെടുത്തും.

ടെക്ഫെസ്റ്റിനിടെയുണ്ടായ തിക്കും തിരക്കും കാരണം ഉണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം രാവിലെ പൂർത്തിയായി തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികളുടേയും മൃതദേഹം കുസാറ്റില്‍പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്.

 

മരിച്ച നാല് പേരില്‍ ക്യാമ്പസിലെ വിദ്യാര്‍ഥികളായ മൂന്ന് പേരുടെ മൃതദേഹമാണ് കുസാറ്റില്‍ പൊതുദര്‍ശനത്തിനെത്തിച്ചത്. സഹപാഠികളും അധ്യാപകരുമടക്കം നിരവധി പേരാണ് വിദ്യാർഥികൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി കുസാറ്റിലെത്തിയിരിക്കുന്നത്. മന്ത്രിമാരായ പി രാജീവ്, ആർ ബിന്ദു, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, തോമസ് ഐസക്, ഹൈബി ഈഡൻ എംപി, എ എ റഹിം എംപി എന്നിവർ ക്യാമ്പസിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

അതുല്‍ തമ്പി, ആന്‍ റുഫ്ത, സാറാ തോമസ് എന്നിവരുടെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സഹപാഠികള്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനായി ക്യാമ്പസിലെത്തിച്ചത്. പൊതുദര്‍ശനത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

പൊതുദർശനത്തിന് ശേഷം വിദ്യാർഥികളുടെ മൃതദേഹം വീടുകളിലേക്ക് കൊണ്ടു പോകും. ആൻ റിഫ്റ്റയുടെ സംസ്കാരം അമ്മ ഇറ്റലിയിൽ നിന്നും തിരിച്ചെത്തിയ ശേഷമാകും നടക്കുക.പൊതുദർശനത്തിന് ശേഷം മൃതദേഹം പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. അപകടത്തിൽ മരിച്ച പാലക്കാട് സ്വദേശി ആൽവിന്റെ മൃതദേഹം പാലക്കാട്ടേക്ക് കൊണ്ടുപോയി.

 അപകടത്തില്‍ 51 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.

സ്കൂള്‍ ഓഫ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ സംഘടപിച്ച ടെക്ഫെസ്റ്റിന്റെ ഭാഗമായി കാമ്പസിനകത്തുള്ള ആംഫി തീയ്യേറ്ററില്‍ സംഘടിപ്പിച്ച സംഗീത നിശയില്‍ പങ്കെടുക്കാനെത്തിയവരാണ് അപടകത്തില്‍ പെട്ടത്. വൈകിട്ട് ഏഴേകാലോടെയായിരുന്നു സംഭവം. വിദ്യാര്‍ത്ഥികള്‍ കയറി നിറഞ്ഞ ആംഫീ തീയറ്ററിലേക്ക് റോഡരികില്‍ നിന്നവര്‍ മഴവന്നപ്പോള്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് അപകടകാരണം.

തീയറ്ററിലേക്ക് കയറാനും ഇറങ്ങാനും ഒരു ഗേറ്റ് മാത്രമാണുള്ളത്. ഗേറ്റ് കഴിഞ്ഞുള്ള പടിക്കെട്ടില്‍ നിന്നവര്‍ തിക്കിലും തിരക്കിലും താഴോട്ട് വീഴുകയായിരുന്നു, അവരുടെ മുകളിലേക്ക് കൂടുതല്‍ ആളുകകള്‍ വീണു. ചവിട്ടേറ്റും ശ്വാസം മുട്ടിയുമാണ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here