മാലിന്യം പേറാന്‍ അഷ്ടമുടിക്കായലും കൊല്ലം തോടും

0
10

പി. ഉദയകുമാര്‍.
കൊല്ലം: നഗരപ്രദേശങ്ങളിലേയും പ്രമുഖ ആശുപത്രികളിലേയും മലിനജലവും കക്കൂസുമാലിന്യങ്ങളും നിത്യേന ഒഴുക്കിവിടുന്നസ്ഥലങ്ങളായി കൊല്ലംതോടും അഷ്ടമുടിക്കായലും മാറിയിട്ട് കാലങ്ങളേറെയായി. കൊല്ലം നിവാസികളുടെ ദുരിതങ്ങള്‍ക്കു അറുതി വരുത്താന്‍ അധികാരികള്‍ക്കിനിയും കഴിയുന്നില്ല. കൊല്ലം ജില്ലാ ആശുപത്രിയിലെ ചികില്‍സാ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുകയും സാധാരണക്കാര്‍ ആശ്രയിക്കുകയും ചെയ്യുന്ന ഈ ധര്‍മ്മ സ്ഥാപനത്തിലെ മാലിന്യങ്ങള്‍ നഗരവാസികള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നു. ആശുപത്രിയില്‍ നിന്നു കൊല്ലം തോട്ടിലേക്കും അഷ്ടമുടികായലിലേക്കും മാലിന്യം തള്ളുന്നത് അവസാനിപ്പിക്കാന്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ജില്ലാ ആശുപത്രിയിലെ മാലിന്യസംസ്‌കരണത്തിനു മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ ഇതു തുടരുകയാണ്. രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രിജീവനക്കാരും തുടങ്ങി ആയിരക്കണക്കിനു പേരാണ് ദിനംപ്രതി ആശുപത്രിയിലെത്തുന്നത്. ഇതുമൂലമുണ്ടാകുന്ന മാലിന്യം മുഴുവനായും കൊല്ലം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷനു സമീപമൂള്ള ഓടവഴി അഷ്ടമുടിക്കായലിലേക്കാണ് ഒഴുക്കിവിടുന്നത്. അഷ്ടമുടിക്കായലില്‍ നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോല്‍സവത്തിന്റെ സമയത്തു മാത്രമാണ് അധികാരികള്‍ ജില്ലാ ആശുപത്രിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ഉറക്കെ പറയാറുള്ളത്. എന്നാല്‍ കൊല്ലം നിവാസികളുടെ നിരന്തരമായ ഇടപെടലുകളുടെ ഫലമായി 2.24 കോടി മുതല്‍ മുടക്കില്‍ പ്ലാന്റ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. 52 ലക്ഷം രൂപ ജില്ലാ പഞ്ചായത്തും ബാക്കിതുക ശുചിത്വമിഷനും പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡൂം ചേര്‍ന്നുനല്‍കും.ഇതിനുള്ള സാങ്കേതിക അനുമതി ശുചിത്വമിഷന്‍ നല്‍കിയതായി അറിയുന്നു.
ജില്ലാ ആശുപത്രിയിലേയും വിക്ടോറിയയിലേയും ചേര്‍ത്ത് ദിവസേന 400 കിലോ ലിറ്റര്‍ സംഭരണശേഷിയുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ചാല്‍ അഷ്ടമുടിക്കായലിലെ മലിനീകരണം ഒരു പരിധിവരെ ഒഴിവാക്കാം. കടപ്പാക്കടയില്‍ നിന്നും അഷ്ടമുടിക്കായലിലേക്ക് ഓടവഴി വരുന്ന മലിനജലവും കക്കൂസു മാലിന്യങ്ങളും അഷ്ടമുടിക്കായലിന്റെ മലിനീകരണത്തിനു പ്രധാനപങ്കുവഹിക്കുന്നു. കൂടാതെ ചില സ്വകാര്യ ആശുപത്രികളിലെ കക്കൂസ് മാലിന്യങ്ങളുള്‍പ്പെടെ ടാങ്കര്‍ലോറികളില്‍ എത്തിച്ച് രാത്രിയുടെ മറവില്‍ അഷ്ടമുടിക്കായലിലേക്ക് തള്ളുന്നത് നിത്യസംഭവമായി മാറുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here