മുള്ളുകാട് നെടീക്കോട്ട് കുളവും പരിസരവും കാട് മൂടി സാമൂഹ്യവിരുദ്ധരുടെ താവളമായി

0
11

ചാത്തന്നൂര്‍: തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുമ്പോള്‍ മുള്ളുകാട് നെടീക്കോട്ട് കുളവും പരിസരവും കാട് മൂടി. ഇഴജന്തുക്കളുടെയും മദ്യപാനികളുടെയും താവളമായ ഇവിടെ ഒരു കുളം ഉണ്ടായിരുന്നു എന്ന് പറയേണ്ട അവസ്ഥയാണ്. കല്ലുവാതുക്കല്‍ പഞ്ചായത്തിലെ പുതിയപാലം വാര്‍ഡിലുള്ള കുളമാണ് സംരക്ഷണമില്ലാതെ നശിക്കുന്നത്. ഇരുപത് സെന്റോളമുണ്ടായിരുന്ന കുളത്തിന്റെ വിസ്തൃതി കൈയേറ്റം മൂലം ഇന്ന് പകുതിയോളമായി. കുളത്തിന് സമീപത്ത് പണികഴിപ്പിച്ച കിണര്‍ ഇടിഞ്ഞുവീണു. എന്നാല്‍ ഇതൊന്നും അധികാരികള്‍ മാത്രം അറിഞ്ഞമട്ടില്ല.
പതിറ്റാണ്ടുകളുടെ ചരിത്രമുള്ള കുളമാണ് ഇന്ന് അവഗണനയുടെ കഥമാത്രം പറയുന്നത്.
കൃഷി ഉണ്ടായിരുന്നപ്പോള്‍ കുളത്തില്‍ നിന്ന് ചാല്‍ കീറി വെള്ളം കൊണ്ടുപോയിരുന്നതും മൂരികളുമായി വയലില്‍ ഉഴുത് കഴിഞ്ഞ് കുളത്തില്‍ അവയെ കുളിപ്പിക്കുന്നതും പതിവ് കാഴ്ചയായിരുന്നതായി പഴമക്കാര്‍ ഓര്‍ക്കുന്നു. എന്നാല്‍ ഇന്ന് അതെല്ലാം പുതിയ തലമുറയ്ക്ക് അന്യമാകുകയാണ്. കുളത്തിന്റെ വശങ്ങള്‍ ഇതു വരെ അതിര്‍ത്തി നിര്‍ണയിച്ച് കെട്ടി തിരിച്ചിട്ടില്ലാത്തതാണ് ഇവിടുത്തെ പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണം. വര്‍ഷങ്ങള്‍ക്ക് മുമ്പേ കുളത്തിലേക്ക് പോകാന്‍ ഉപയോഗിക്കുന്ന നടവഴിയും പില്‍ക്കാലത്ത് കൈയേറ്റം മൂലം നഷ്ടമായി. ഇക്കാര്യം നാട്ടുകാര്‍ പലതവണ പഞ്ചായത്തില്‍ പരാതിപ്പെടുകയും ഗ്രാമസഭയില്‍ ഉന്നയിക്കുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കുളത്തിന്റെ സംരക്ഷണത്തിനായി അധികൃതര്‍ ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here