തിരൂര്‍ നഗരത്തില്‍ പാലങ്ങള്‍ മൂന്ന്; തൂണുകള്‍ മാത്രം; അപ്രോച്ച് റോഡുമില്ല; കുരുക്കിലായി ജനം

0
74

തിരൂര്‍: നഗരമധ്യത്തില്‍ മൂന്ന് പാലങ്ങളും തൂണില്‍ തൂങ്ങി നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മൂന്നിനും ഇത് വരെ അപ്രോച്ച് റോഡൊരുക്കുവാനായിട്ടില്ല. താഴെപ്പാലം പാലം, റയില്‍വേ ഓവര്‍ ബ്രിഡ്ജ്, പോലീസ് ലൈനിലെ പൊന്മുണ്ടം ബൈപ്പാസ് പാലം എന്നിവയാണ് വര്‍ഷങ്ങളായിട്ടും ജനത്തിന് ഉപയോഗിക്കാനാകാതെ കിടക്കുന്നത് .താഴെപ്പാലത്തിന്റെ കഥയാണ് വിചിത്രം.
അപ്രോച്ച് റോഡിനായി സ്വകാര്യ വ്യക്തി വാക്കാല്‍ കരാറില്‍ സ്ഥലം വിട്ടു നല്‍കാമെന്നറിയിച്ചതിനെ തുടര്‍ന്നാണ് പാലം പണി തുടങ്ങിയത്. എന്നാല്‍ പാലം പൂര്‍ത്തിയായതോടെ സ്ഥലം ഉടമ ഇടഞ്ഞു. കൂടുതല്‍ തുക ആവശ്യപ്പെട്ട് ഇയാള്‍ സ്ഥലം വിട്ടു നല്‍കാതെ അപ്രോച്ച് നിര്‍മ്മാണം തടഞ്ഞ് കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങി തടസ്സമിട്ടിരിക്കുകയാണ്. ഒത്തുതീര്‍പ്പിലൂടെ അനുനയിപ്പിക്കുവാന്‍ ഫയലിപ്പോള്‍ ജില്ലാ കളക്ടറുടെ മുന്നിലായിട്ട് മാസങ്ങളായി. പാലം എന്ന് തുറന്ന് കിട്ടുമെന്ന് ആര്‍ക്കും ധാരണയില്ല . സിറ്റി ജംഗ്ഷനിലെ റെയില്‍വേ ഓവര്‍ ബ്രിഡ്ജും പണി പൂര്‍ത്തിയാക്കി റയില്‍വേ കൈമാറിയിട്ടും തൂണില്‍ തുടരാനാണ് വിധി. അപ്രോച്ച് റോഡിന്റെ പാര്‍ശ്വഭിത്തിക്ക് ബലം പോരെന്നാണ് ഇപ്പോള്‍ പൊതുമരാമത്തിന്റെ കണ്ടെത്തല്‍. ഹോളോ സാങ്കേതിക വിദ്യ സംസ്ഥാനത്ത് ആദ്യമായി പരീക്ഷിച്ച് പ്രശ്‌നം പരിഹരിക്കാനാണ് നീക്കം. ഇതെല്ലാം കഴിഞ്ഞ് പ്ലാനും ടെണ്ടറുമായി പണി പൂര്‍ത്തിയാക്കാന്‍ ഒന്നര വര്‍ഷമെങ്കിലും കഴിഞ്ഞേ ജനത്തിന് ഈ പാലം കടക്കാന്‍ പറ്റൂ. പൊന്മുണ്ടം മുതല്‍ പൊലീസ് ലൈന്‍ വരെ ബൈപ്പാസ് പൂര്‍ത്തിയായെങ്കിലും പോലീസ് ലൈനിലെ റയില്‍വേ മേല്‍പ്പാലം പതിറ്റാണ്ടായി രണ്ടറ്റവും മുട്ടാതെ കിടക്കുന്നതിനാല്‍ തുറക്കാനായിട്ടില്ല .ഇതോടെ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ് നഗരം. താഴെപ്പാലത്തെ പഴയപാലും അത്യന്തം അപകടാവസ്ഥയിലാണ്. പുതിയ പാലം ഉടന്‍ തുറന്നില്ലെങ്കില്‍ വലിയൊരു ദുരന്തത്തിനാകും സാക്ഷ്യം വഹിക്കേണ്ടിയും വരിക.

LEAVE A REPLY

Please enter your comment!
Please enter your name here