ദേശീയപാത വികസനത്തിനായ് ഏറ്റെടുത്ത സ്ഥലത്ത് കോടികള്‍ പാഴാക്കി നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നതായി ആരോപണം

0
4

ചാത്തന്നൂര്‍ : ദേശീയപാത വികസനത്തിനുള്ള നടപടികള്‍ പുരോഗമിക്കവേ കോടികള്‍ പാഴാക്കിയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ ദേശീയ പാതയോരത്ത് നടക്കുന്നതായി ആക്ഷേപം. നാലുവരിപാതയുടെ സ്ഥലമെടുപ്പും കല്ലിടീലും പുരോഗമിയ്ക്കുന്നതിനിടെയാണ് നടപ്പാത നിര്‍മാണത്തിന്റെ പേരില്‍ കോടികള്‍ പാഴാക്കുന്നത്.
ദേശീയപാത നാലുവരിയാക്കുന്നതിനായി അലൈന്‍മെന്റ് നിശ്ചയിച്ച് കല്ലിട്ട് വേര്‍തിരിച്ച സ്ഥലത്തിനുള്ളിലാണ് ഇപ്പോള്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുള്ളത്. കൊല്ലം സബ്ബ് ഡിവിഷന്റെ കീഴില്‍ 12 കോടിയോളം രൂപയാണ് വിവിധ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ ചെലവാക്കുന്നത്.

കരുനാഗപ്പള്ളിയില്‍ മൂന്നു സ്ഥലങ്ങളിലും കൊല്ലത്ത് നീണ്ടകര മുതല്‍ വേട്ടുതറവരെയും ഇത്തിക്കരയില്‍ തിരുമുക്ക് മുതല്‍ ഇത്തിക്കര പാലത്തിനടുത്ത വളവ് വരെ ഒരു കിലോമീറ്ററോളവും ചാത്തന്നൂര്‍ ശീമാട്ടിമുക്ക് മുതല്‍ കുരിശുംമൂട് വരെയുമാണ് പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.
ഇത്തിക്കരയില്‍ റോഡിന്റെ വശത്ത് ആഴത്തില്‍ കുഴിയെടുത്ത് കോണ്‍ക്രീറ്റ് ചെയ്ത് ഓട നിര്‍മ്മിയ്ക്കുന്ന ജോലികളാണ് ആരംഭിച്ചിട്ടുള്ളത്.

അതിന്റെ മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബുകളിട്ട് നടപ്പാതയൊരുക്കും. ഇരുമ്പു പൈപ്പുകള്‍ കൊണ്ട് സംരക്ഷണ വേലിയും നിര്‍മ്മിയ്ക്കും. അലൈന്‍മെന്റ് പ്രകാരം കല്ലിട്ട് വേര്‍തിരിച്ച സ്ഥലത്തിന്റെആറ് മീറ്ററോളം ഉള്ളിലായാണ് കോടികളുടെ നിര്‍മ്മാണം നടക്കുന്നതെന്ന് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തംഗം മൈലക്കാട് സുനില്‍ ചൂണ്ടിക്കാട്ടി. പുതിയ അലൈന്‍മെന്റ് പ്രകാരം ഇത്തിക്കരയില്‍ പുതിയ പാലം വരുന്നതോടെ ഇപ്പോഴത്തെ നിര്‍മ്മാണങ്ങളെല്ലാം വെറുതെയാകും.
കരാറുകാരും ഉദ്യോഗസ്ഥരുമടങ്ങുന്ന മാഫിയയാണ് ധൃതി പിടിച്ചുള്ള ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍. കോടികളുടെ അഴിമതിയാണ് ഇത്തരം കരാറുകളിലൂടെ നടക്കുന്നതെന്ന് ആക്ഷേപമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here