പാലാ: ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തി പദ്ധതിയുടെ ഭാഗമായി പാലാ ജനറല്‍ ആശുപത്രിയില്‍ ആധുനിക നിലവാരത്തില്‍ ലഹരി വിമോചന കേന്ദ്രവും മാതൃകാ കൗണ്‍സലിങ് സെന്ററും ആരംഭിച്ചു. ഒരു മെഡിക്കല്‍ ഓഫീസര്‍, ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, മൂന്ന് സ്റ്റാഫ് നേഴ്‌സ്, ഒരു സൈക്യാട്രിസ്റ്റ്, ഒരു സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ എന്നിവരുടെ സേവനം ഇവിടെ ലഭ്യമാകും. സുരക്ഷാ ജീവനക്കാര്‍, ക്ലീനിങ് സ്റ്റാഫ് തുടങ്ങിയവരെയും നിയമിക്കാന്‍ ഉത്തരവായിട്ടുണ്ട്.
ജനറല്‍ ആശുപത്രിയോടനുബന്ധിച്ചുള്ള കെട്ടിടത്തിലാണ് ഇവ പ്രവര്‍ത്തിക്കുക. വിമുക്തി ലഹരി വര്‍ജ്ജന മിഷന്റെ ബാനറില്‍ എക്‌സൈസ് വകുപ്പും ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മെന്റല്‍ ഹെല്‍ത്ത് ആക്ടിലെ നിബന്ധന പ്രകാരമുള്ള സൗകര്യങ്ങളാണ് ഇവിടെ സജീകരിച്ചിട്ടുള്ളത്. വര്‍ദ്ധിച്ചു വരുന്ന മദ്യം, മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലിന്റെ ഭാഗമായാണ് വിമോചന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഓരോ ജില്ലയിലും ലഹരിയ്ക്ക് അടിമപ്പെട്ടു പോയിട്ടുള്ളവരുടെ ശാരീരികവും മാനസികവുമായ ചികിത്സയ്ക്കും പുനരധിവാസത്തിനുമുള്ള വിദഗ്ധ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് സെന്ററിന്റെ ലക്ഷ്യം. ലഹരിമോചന ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ജീവന്‍ രക്ഷാ മരുന്നുകളും ഉപകരണങ്ങളും സെന്ററില്‍ ലഭിക്കും. മരുന്നിന് പുറമേ കൗണ്‍സലിങ്ങ്, സൈക്കോ സോഷ്യല്‍ ഇടപെടലുകള്‍, യോഗ തെറാപ്പി, മ്യൂസിക് തെറാപ്പി തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. ചികിത്സ പൂര്‍ത്തിയായവര്‍ വീണ്ടും ലഹരിയിലേക്ക് കടക്കാതിരിക്കാന്‍ ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ തുടര്‍ ചികിത്സ നല്‍കും.
2000 ചതുരശ്ര അടിയിലുള്ള വിഭാഗത്തിന്റെ പണി അവസാനഘട്ടത്തിലാണ്. ആദ്യഘട്ടമായി 12 ബെഡില്‍ കുറയാത്ത ചികിത്സാ വിഭാഗമായാണ് ആരംഭിക്കുന്നത്. കിടത്തി ചികിത്സ ഉള്‍പ്പെടെ 24 മണിക്കൂര്‍ സേവനം ഇവിടെ ലഭ്യമാക്കാനും ആലോചനയുണ്ടെന്ന് സൂപ്രണ്ട് ഡോ. ബിന്‍സി ടി.കെ പറഞ്ഞു. മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കുന്നത് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനാണ്. ജനറല്‍ ആശുപത്രി വാര്‍ഡുകള്‍ പുനഃക്രമീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് 10 ലക്ഷം രൂപയാണ് അനുവദിച്ചത്. രേഖകള്‍ സൂക്ഷിക്കുന്നതിനും കമ്പ്യൂട്ടര്‍ അനുബന്ധ സാമഗ്രികള്‍ക്കുമായി 3 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വാര്‍ഡുകളിലേക്കാവശ്യമായ ഉപകരണങ്ങള്‍,ഫര്‍ണീച്ചറുകള്‍, മരുന്ന് തുടങ്ങിയവയ്ക്കായി വിമുക്തിയുടെ കീഴിലാണ് ഫണ്ട് അനുവദിക്കുന്നത്.
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ.അബ്ദുള്‍ കലാമാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here