കുടിവെള്ളവുമില്ല, വൈദ്യുതിയുമില്ല വാടിത്തളര്‍ന്ന് അംഗനവാടി കുട്ടികള്‍

0
8

കണ്ണൂര്‍: കുടിവെള്ളവും വൈദ്യുതിയുമില്ലാതെ കുടുസുമുറിയില്‍ കണ്ണൂരിലെ രണ്ട് അംഗനവാടികള്‍. 39 വര്‍ഷമായി പുഴാതി ഇടച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന മഹിളസമാജം അംഗനവാടിയും 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഇടച്ചേരി പള്ളി അംഗനവാടിയും പരിമിതികളില്‍ വീര്‍പ്പുമുട്ടുകയാണ്. അംഗനവാടികളില്‍ മികച്ച സൗകര്യം ഒരുക്കുന്നതിനായി വര്‍ഷാവര്‍ഷം സര്‍ക്കാര്‍ കോടികള്‍ പൊടിക്കുമ്പോഴും ഇവിടുത്തെ ഗതികേടിന് മാറ്റമെന്നുമില്ല.

1979 ല്‍ പ്രവര്‍ത്തനമാരംഭിച്ച മഹിളാ സമാജം അംഗനവാടിക്ക് കെട്ടിടം ഉണ്ടെങ്കിലും വൈദ്യുതിയും വെള്ളവും ഇന്നും അന്യമാണ്. അയല്‍ വീട്ടുകാര്‍ കനിഞ്ഞില്ലെങ്കില്‍ ഏതു നിമിഷവും കുടിവെള്ളം മുട്ടും. തൊട്ടടുത്ത് ഇലക്ട്രിക് പോസ്റ്റ് ഉണ്ടെങ്കിലും വൈദ്യുതി എത്തിയിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്ത വയറിങ് പൂര്‍ണ്ണമായും ഉപയോഗശൂന്യമായി. അധികൃതര്‍ക്ക് മുന്നില്‍ പല തവണ നിവേദനവുമായി എത്തിയെങ്കിലും ഉടന്‍ ശരിയാക്കാമെന്നുള്ള മറുപടി മാത്രമാണ് ലഭിക്കുന്നതെന്ന് ജീവനക്കാരിയായ ശ്രുതി പറയുന്നു. ചൂടുകാലമായാല്‍ കുട്ടികളെ അംഗനവാടിയില്‍ വിടാന്‍ രക്ഷിതാക്കളും മടിക്കുകയാണ്. ചൂടുകാലത്ത് വിയര്‍ത്തൊലിച്ച് ഏറെ ക്ഷീണിതരായാണ് കുട്ടികള്‍ വീട്ടില്‍ എത്താറെന്ന് രക്ഷിതാക്കള്‍ പറയുന്നു.

ചൂടിനൊപ്പം കൊതുകു ശല്യവും രൂക്ഷമായതിനാല്‍ എപ്പോഴും കുട്ടികള്‍ക്ക് വീശിക്കൊടുക്കേണ്ട അവസ്ഥയാണ് ജീവനക്കാര്‍ക്ക്. വീട്ടില്‍ എല്ലാവിധ സുഖസൗകര്യങ്ങളോടും കൂടി കഴിയുന്ന കുട്ടികള്‍ അംഗനവാടിയിലെ അസൗകര്യങ്ങള്‍ക്കിടയില്‍ ഇരിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും ജീവനക്കാര്‍ പറയുന്നു. മുമ്പ് ഇരുപതോളം കുട്ടികള്‍ ഉണ്ടായിരുന്ന ഈ അംഗനവാടിയില്‍ ഇപ്പോള്‍ എട്ടു കുട്ടികള്‍ മാത്രമാണുള്ളത്. ഇതില്‍ പലരും അംഗനവാടിയിലെ സൗകര്യക്കുറവുമൂലം വരാനും മടിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here