ചെര്‍പ്പുളശ്ശേരി: ടൂറിസം മേഖലയില്‍ വലിയ പ്രതീക്ഷയര്‍പ്പിച്ച തൃക്കടീരി പഞ്ചായത്തിലെഅനങ്ങന്‍മല ഇക്കോ ടൂറിസം നാശത്തിന്റെ വക്കില്‍. 2011ല്‍ അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിയ അനങ്ങന്‍മല ഇക്കോ ടൂറിസം പദ്ധതിയില്‍ തുടര്‍ന്ന് യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ടൂറിസത്തിന്റെ ഭാഗമായി ഒറ്റപ്പാലം മുതല്‍ കിഴൂര്‍ റോഡ് വരെ നന്നാക്കിയ പതിനൊന്ന് കിലോമീറ്റര്‍ റോഡും തകര്‍ന്നു തുടങ്ങിയിട്ടുണ്ട്.

ഒഴിവു ദിവസങ്ങളില്‍ ആയിരത്തിലധികം സന്ദര്‍ശകരെത്തുന്ന പ്രദേശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സംവിധാനമൊരുക്കാത്തത് പ്രദേശത്തെ ഗതാഗത സതംഭനത്തിനും അതുവഴി വാക്കുതര്‍ക്കത്തിനും ഇടയാകുന്നത് പതിവ് കാഴ്ചയാണ്. അയല്‍ജില്ലകളിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് ഇവിടേക്ക് വിനോദയാത്ര എത്താറുണ്ട്. എന്നാല്‍ മലമുകളില്‍ വെയിലോ മഴയോ ഏല്‍ക്കാതെ അല്‍പ്പനേരം വിശ്രമിക്കാന്‍ സംവിധാനമില്ലാത്തത് സന്ദര്‍ശകരെ നിരാശപ്പെടുത്താറുണ്ട്.

വിവിധ വിദ്യാലയങ്ങളിലെ എന്‍.സി.സി, സ്റ്റുഡന്റ്സ് പൊലീസ് എന്നിവര്‍ ഇവിടം സന്ദര്‍ശിക്കുക പതിവാണ്. ചെറിയ തോതിലുള്ളഇരിപ്പിടവും കുട്ടികളുടെ പാര്‍ക്കും മാത്രമാണ് നിര്‍മ്മിച്ചിട്ടുള്ളത്. നിലവില്‍സ്ഥിരമായി രണ്ടു ജീവനക്കാര്‍ മാത്രമുള്ള ഇവിടെ തിരക്കേറിയ ദിവസങ്ങളില്‍ വനംവകുപ്പ് ജീവനക്കാരും പൊലീസും സഹായത്തിനായിഎത്താറുണ്ട്.മലമുകളില്‍ കാറ്റാടി യന്ത്രമോ സോളാര്‍ സംവിധാനമോ ഘടിപ്പിച്ച് വഴിവിളക്കുകളും അലങ്കാര ലൈറ്റുകളും സ്ഥാപിച്ചാല്‍ കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ സാധ്യമാകും.പ്രധാനറോഡില്‍ നിന്നും സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാന്‍ സ്ഥാപിച്ച ഇരുമ്പുപാലവും വെള്ളച്ചാട്ടത്തിന്റെ കൈവരികളിലെ ഇരുമ്പു ഗേറ്റുകളും തുരുമ്പെടുക്കാന്‍ തുടങ്ങിയിട്ടും യാതൊരു അറ്റകുറ്റപണിയും നടത്താത്തത് അവഗണയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു.

നിലവില്‍ മണ്ഡലത്തിലെ ജനപ്രതിനിധി ഇവിടം സന്ദര്‍ശിക്കുകയും കുറവുകള്‍ ബോധ്യപ്പെടുകയും ചെയ്തതാണ്. പക്ഷേ കാര്യമായ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. രണ്ടു മലകളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള റോപ്പ്േ നിര്‍മ്മാണവും കടലാസിലൊതുങ്ങിയ നിലയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here