കല്ലാച്ചിയില്‍ ജ്വല്ലറിയുടെ ചുമര്‍ കുത്തി തുരന്ന് വന്‍ കവര്‍ച്ച

0
11
കവര്‍ച്ച നടന്ന ജ്വല്ലറിയുടെ പിന്‍ ഭാഗത്തെ ചുമര്‍ റൂറല്‍ എസ് പി ജി.ജയദേവ് പരിശോധിക്കുന്നു ഡി വൈ എസ് പി ഇ.സുനില്‍ കുമാര്‍ സമീപം.

നാദാപുരം: ജ്വല്ലറിയുടെ ചുമര്‍ കുത്തി തുരന്ന് ലോക്കറില്‍ സൂക്ഷിച്ച ഒന്നേ മുക്കാല്‍ കിലോ സ്വര്‍ണ്ണവും, റ് കിലോ വെള്ളിയും മൂന്നര ലക്ഷം രൂപയും കവര്‍ന്നു. കല്ലാച്ചി -വളയം റോഡില്‍ സിറാജുല്‍ ഹുദാ ജുമാ മസ്ജിദിന് പിന്‍ വശത്തെ കല്ലാച്ചി വിഷ്ണുമംഗലം സ്വദേശി പനങ്കൂട്ടത്തില്‍ എ.കെ.കേളുവിന്റെ ഉടമസ്ഥതയിലുള്ള റിന്‍സി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്.പള്ളിയോട് ചേര്‍ന്ന കടയുടെ പിന്‍ഭാഗത്തെ ചുമര്‍ കുത്തി തുരന്ന് കല്ലുകള്‍ ഇളക്കി മാറ്റി അകത്ത് കടന്ന മോഷ്ടാക്കള്‍ ലോക്കര്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയത്.കെട്ടിടത്തിന്റെ ചുമരില്‍ മൂന്ന് വരികളിലായി പത്തോളം കല്ലുകള്‍ നീക്കം ചെയ്തിട്ടുണ്ട്.കടക്കുള്ളിലെ ചുമരുകളില്‍ പതിച്ച ഗ്ലാസുകളും.ഫൈബറിന്റെ വാതിലും അടിച്ച് തകര്‍ക്കുകയും ആഭരണങ്ങള്‍ സൂക്ഷിച്ച ട്രേകള്‍ മുറിയില്‍ വാരി വലിച്ചിട്ട് അലങ്കോലമാക്കി.തിങ്കളാഴ്ച്ച രാത്രി എട്ട് മണിയോടെ കട പൂട്ടി പോയതായിരുന്നു ചൊവ്വാഴ്ച്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്.സംഭവമറിഞ്ഞ് ജില്ലാ പോലീസ് മേധാവി ജി.ജയദേവ് ഐ പി എസ്,നാദാപുരം സബ് ഡിവിഷണല്‍ ഡി വൈ എസ് പി ഇ.സുനില്‍ കുമാര്‍,എസ്‌ഐ എന്‍.പ്രജീഷ്,ജൂനിയര്‍ എസ് ഐ എസ്.നിഖില്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി.ചുമരിന് സമീപത്ത് നിന്നും ചുമര് തുരക്കാനുപയോഗിച്ച ഇരുമ്പായുധം പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.ബാലുശ്ശേരിയില്‍ നിന്നെത്തിയ ട്രാക്കര്‍ ഡോഗ് റിമോ കെട്ടിടത്തിന്റെ ചുമരില്‍ മണം പിടിച്ച ശേഷം പള്ളിയുടെ മുന്‍ വശത്ത് തൊഴിലാളികള്‍ താമസിക്കുന്ന മുറിയിലെത്തി നിന്നു.പിന്നീട് വീണ്ടും ജ്വല്ലറിയുടെ ചുമരിനടുത്ത് തന്നെ വന്നു നില്‍ക്കുകയായിരുന്നു.പള്ളി കെട്ടിടത്തിലെ വാട്ടര്‍ പൈപ്പിന് സമീപത്തും പോലീസ് നായ ഏറെ നേരം ചിലവളിച്ചു.മോഷണത്തിന് ശേഷം ഇവിടെ നിന്ന് കൈകള്‍ കഴുകിയിരിക്കാമെന്നാണ് പോലീസ് നല്‍കുന്ന സൂചന.ചൊവ്വാഴ്ച്ച അര്‍ദ്ധ രാത്രി പന്ത്രണ്ടരയോടെ ടൗണില്‍ നിന്ന് സംശായസ്പദമായി രീതിയിലുള്ള ശബ്ദം കേട്ടതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.വടകര നിന്നും വിരലടയാള വിദഗ്ദന്‍ ജിജേഷ് പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ജ്വല്ലറിയിലെത്തി മുറിക്കുള്ളില്‍ നിന്ന് വിരലടയാളങ്ങള്‍ ശേഖരിച്ചു.കവര്‍ച്ചയ്ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നതായാണ് പോലീസ് നല്‍കുന്ന സൂചന.പ്രതികളെ കണ്ടെത്തുന്നതിനായി റൂറല്‍ എസ് പി യുടെ കീഴില്‍ നാദാപുരം എസ് ഐ യുടെ നേതൃത്വത്തില്‍ സ്‌പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ചതായി എസ് പി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here