കോര്‍പ്പറേറ്റുകള്‍ രാജ്യത്തെ കൊള്ളയടിക്കാന്‍ അനുവദിക്കരുത്

0
13

മോഡിഭരണം റിസര്‍വ്ബാങ്കിന്റെ സ്വയംഭരണം തകര്‍ക്കാന്‍ നിരന്തരമായി ശ്രമിക്കുന്നുവെന്ന ആരോപണം ശക്തിപ്പെടുന്നതിനിടെ, ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്ററി സമിതിമുമ്പാകെ പറഞ്ഞ മൂന്നുകാര്യം പരമപ്രധാനമാണ്. ബാങ്കുകളുടെ വര്‍ധിച്ചുവരുന്ന കിട്ടാക്കടം, റിസര്‍വ്ബാങ്കിന്റെ സ്വയംഭരണം കാക്കേണ്ടതിന്റെ അനിവാര്യത, പണനയം നിശ്ചയിക്കുന്നതിനുള്ള ബാങ്കിന്റെ പ്രത്യേകാധികാരം എന്നിവയാണ് എം വീരപ്പമൊയ്‌ലി അധ്യക്ഷനായ പാര്‍ലമെന്ററി സമിതിമുമ്പാകെ പട്ടേല്‍ ഉന്നയിച്ച പ്രധാന വിഷയങ്ങള്‍. നോട്ടുനിരോധനം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലുണ്ടാക്കിയ പ്രത്യാഘാതവും അദ്ദേഹം സമിതിമുമ്പാകെ വിവരിച്ചു. ഉര്‍ജിത് പട്ടേല്‍ തന്റെ വാദങ്ങള്‍ വരുംദിവസങ്ങളില്‍ സമിതിമുമ്പാകെ രേഖാമൂലം സമര്‍പ്പിക്കുകയും ചെയ്യും.

ബാങ്കുകളുടെ കിട്ടാക്കടം 2018 മാര്‍ച്ചില്‍ മൊത്തം വായ്പയുടെ 11.18 ശതമാനത്തോളമാണ്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുപ്രകാരം പൊതുമേഖലാ ബാങ്കുകളുടെമാത്രം കിട്ടാക്കടം 12 ലക്ഷത്തോളം കോടിരൂപയാണ്. വന്‍കിട കോര്‍പറേറ്റുകള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വരുത്തിയിട്ടുള്ള കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ എങ്ങുമെത്താതെ പോവുകയും സര്‍ക്കാരിന്റെ സമ്മര്‍ദത്തിനു വഴങ്ങി ഈ വായ്പകള്‍ എഴുതിത്തള്ളേണ്ടി വരികയും ചെയ്യുന്നതുമൂലം ബാങ്കുകള്‍ കൂടുതല്‍ പ്രതിസന്ധിയിലാവുകയാണ്. പുതിയ വായ്പകള്‍ അനുവദിക്കാന്‍ കഴിയാത്ത സാഹചര്യം. ഇതിനു പുറമെയാണ് കോര്‍പറേറ്റുകള്‍ക്ക് വീണ്ടുംവീണ്ടും വായ്പ കൊടുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദം. ഈ സാഹചര്യത്തില്‍ കിട്ടാക്കടം വര്‍ധിക്കുന്നതിനെ മുന്‍നിര്‍ത്തി ഉര്‍ജിത് പട്ടേല്‍ പാര്‍ലമെന്ററി സമിതിമുമ്പാകെ പ്രകടിപ്പിച്ച ഉല്‍കണ്ഠ വളരെ പ്രസക്തമാകുന്നു. വന്‍തോതില്‍ വായ്പയെടുത്ത് കിട്ടാക്കടമാക്കിയ വമ്പന്‍മാരുടെ പേരുവിവരമടക്കം പ്രധാനമന്ത്രികാര്യാലയത്തിനും ധനമന്ത്രാലയത്തിനും നല്‍കിയിട്ടും, ഒരു നടപടിയുമുണ്ടായില്ലെന്ന് റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ അടുത്തിടെ പാര്‍ലമെന്ററി സമിതിമുമ്പാകെ വെളിപ്പെടുത്തിയതും ഇതോടൊപ്പം കൂട്ടിവായിക്കാം. സര്‍ക്കാര്‍തന്നെയാണ്, കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തെ ബാങ്കുകള്‍ കൊള്ളയടിക്കാന്‍ അവസരമൊരുക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here