സ്‌കൂള്‍ ഗ്രൗണ്ടിലേയ്ക്ക് ഗുരുവായൂര്‍ പൊലീസ് സ്റ്റേഷന്‍ മാറ്റാന്‍ നീക്കം; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും നാട്ടുകാരും

0
12

ഗുരുവായൂര്‍: പോലീസ് സ്‌റ്റേഷന്‍ ഗ്രൗണ്ടിലേയ്ക്ക് മാറ്റാനുള്ള നീക്കത്തിനെത്തിരെ പ്രതിഷേധം വ്യാപകമാകുന്നു. സന്തോഷ് ട്രോഫിയടക്കം നിരവധി കായിക താരങ്ങളെ വാര്‍ത്തെടുത്ത ഗ്രൗണ്ട് ഇല്ലാതാകുന്നതിലുള്ള ആശങ്കയിലാണ് പ്രദേശവാസികള്‍.
കണ്ടാണശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഗുരുവായൂര്‍ പോലീസ് സ്‌റ്റേഷനു വേണ്ടിയാണ് മറ്റം ഗേള്‍സ് ഹൈസ്‌കൂളിന്റെ അധീനതയിലുള്ള ഗ്രൗണ്ട് ഏറ്റെടുക്കാന്‍ റവന്യൂ വകുപ്പ് നീക്കം നടത്തുന്നത്. ഏഴു പതിറ്റാണ്ടിലേറെ കാലമായി കണ്ടാണശ്ശേരി പഞ്ചായത്തിലെ പൊതു കളിയിടമാണ് ഈ സ്‌കൂള്‍ ഗ്രൗണ്ട്.
ഇവിടെ നാട്ടില്‍ പന്ത് തട്ടി തുടങ്ങിയവരില്‍ സന്തോഷ് ട്രോഫി മത്സരങ്ങളില്‍ വരെ ബൂട്ട് കെട്ടിയവരുണ്ട്. മറ്റം സ്വദേശിയായ കുഞ്ഞികൃഷ്ണന്‍ 1976 ല്‍ നടന്ന സന്തോഷ് ട്രോഫിയില്‍ ഗുജറാത്തിനായി ബൂട്ട് കെട്ടിയ താരമാണ്.
താന്‍ ഉള്‍പ്പെടെയുള്ള തലമുറ ഈ ഗ്രൗണ്ടിലാണ് പന്ത് തട്ടി കളി തുടങ്ങിയതെന്ന് കുഞ്ഞികൃഷ്ണന്‍ ഓര്‍മ്മിക്കുന്നു. കുട്ടികള്‍ക്ക് കളിച്ച് വളരാന്‍ ഗ്രൗണ്ട് അത്യാവശ്യമാണെന്നും പോലീസ് സ്‌റ്റേഷന്‍ നിര്‍മ്മിക്കാന്‍ മറ്റ് സ്ഥലം കണ്ടെത്താന്‍ അധികാരികള്‍ തയ്യാറകണമെന്നും കുഞ്ഞികൃഷ്ണന്‍ ആവശ്യപ്പെട്ടു.
കായിക ആവശ്യങ്ങള്‍ക്ക് മാത്രമല്ല മറ്റം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.സി.സി. കേഡറ്റുകളുടെ പരിശീലനം നടത്തുന്നതും ഈ ഗ്രൗണ്ടിലാണ്. മറ്റം പള്ളിക്ക് കീഴില്‍ വരുന്ന സെന്റ് ഫ്രാന്‍സിസ് ഗേള്‍സ് ഹൈസ്‌കൂളിന്റെ ഗ്രൗണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാര്‍ളി കുടുംബം വഴിയാണ് സ്‌കൂളിന് ലഭ്യമായതെന്ന് പറയുന്നു.
വടക്കുംമ്പാട്ട് മനയും കാര്‍ളി മനയും തമ്മില്‍ നടന്ന ഭൂമി കൈമാറ്റത്തിലൂടെ കാര്‍ളിക്കാര്‍ക്ക് സിദ്ധിച്ച സ്ഥലമാണ് പിന്നീട് സ്‌കൂള്‍ ഗ്രൗണ്ടിനായി കൈമാറിയത്. സ്ഥലം ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ വിദ്യാലയങ്ങളില്‍ കഴിഞ്ഞ ദിവസം അധ്യാപക രക്ഷകര്‍ത്തൃ സംഘടനയുടെ നേതൃത്വത്തില്‍ യോഗം ചേരുകയും പ്രതിഷേധം രേഖപ്പെടുത്തി ഒപ്പ് ശേഖരണം നടത്തുകയും ചെയ്തിരുന്നു.
പോലീസ് സ്‌റ്റേഷന് വേണ്ടി റവന്യൂ ഭൂമിയുള്ളപ്പോഴും സ്‌റ്റേഷന്‌വേണ്ടി സ്വകാര്യ വ്യക്തികള്‍ ഭൂമി നല്‍കാന്‍ തയ്യാറായി മുന്നോട്ട് വരുകയും ചെയ്യുന്ന അവസരത്തില്‍ ഒരു നാടിന്റെ കായിക സ്വപ്‌നം തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമൊണന്ന് നാട്ടുകാരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here