താരമായി ഉറുമ്പ് ചമ്മന്തിയും കല്ലിപ്പുട്ടും ; കാട്ടുരുചികള്‍ തേടി ജനപ്രവാഹം

0
77
കാലിക്കടവില്‍ നടന്നുവരുന്ന ഗദ്ദികയിലെ ഭക്ഷ്യമേളയില്‍ നിന്ന്.

കാസര്‍ഗോഡ്: ഉറുമ്പിനെ അരച്ചുണ്ടാക്കുന്ന ചമ്മന്തി! വല്ല ചൈനീസ് വിഭവവുമാണെന്നു കരുതിയവര്‍ക്കു തെറ്റി. ഗോത്രവിഭാഗമായ മാവിലരുടെ ഇഷ്ടവിഭവമാണിത്.
കാടിന്റെ മക്കളുടെ പരമ്പരാഗത തനത് ഭക്ഷണ രീതി പൊതുജനത്തിന് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഗദ്ദികയിലൊരുക്കിയ ഭക്ഷ്യമേളയിലാണ് ഈ വിഭവം പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. കാട്ടില്‍ നിന്നും ശേഖരിക്കുന്ന പ്രത്യേകതരം ഉറുമ്പിനെ വൃത്തിയായി കഴുകി വറുത്തതിന് ശേഷം തേങ്ങയും മുളകും പുളിയും ഉപ്പും ചേര്‍ത്ത് അരക്കല്ലില്‍ ഇട്ട് അരച്ചെടുത്താണ് ഈ ചമ്മന്തി തയ്യാറാക്കുന്നത്. ഉറുമ്പിനെ ഉപയോഗിച്ചുണ്ടാക്കുന്ന ഈ ഉറുക്കി ചമ്മന്തിയാണ് മേളയിലെ താരം. ഉറുക്കി ചമ്മന്തി ദഹനത്തിനും വയറിന്റെ അസ്വസ്ഥതകള്‍ക്കും ഉള്ള ഉത്തമ ഔഷധം കൂടിയാണിതെന്ന് മാവിലര്‍ സാക്ഷ്യപ്പെടുത്തുന്നു. കാച്ചില്‍ പുഴുങ്ങിയത്, കപ്പ പുഴുങ്ങിയത് എന്നിവക്കൊപ്പമുള്ള ഉപവിഭവമായി ഇതിനെ ഉപയോഗിക്കാം.

കുറുമ വിഭാഗക്കാരുടെ കല്യാണ വീട്ടിലെ പ്രധാന വിഭവമായ കല്ലിപ്പുട്ടാണ് മേളയിലെ മറ്റൊരു ഡിമാന്റുള്ള വിഭവം. ഗന്ധകശാല അരി അരച്ച് പ്രത്യേകം കൂട്ട് തയ്യാറാക്കിയാണ് ഈ വിഭവം തയ്യാറാക്കുന്നത്. ഉണ്ണിയപ്പത്തിന് സമാനമായ കാരക്കുണ്ട് അപ്പം, റാഗി പഴം പൊരി, റാഗി വട, റാഗി പത്തിരി, എന്നിവയ്ക്കും മേളയില്‍ ആവശ്യക്കാരേറെയാണ്. പോഷക സമൃദ്ധമായ നര പുഴുങ്ങിയത്, കാച്ചില്‍ പുഴുങ്ങിയത്, ചേമ്പ് പുഴുങ്ങിയത് തുടങ്ങിയവയ്ക്കും വന്‍ ഡിമാന്റുണ്ട്. മുളയരിപ്പായസം, ചേന പായസം തുടങ്ങിയവയാണ് മേളയിലെ മധുര വിഭവങ്ങള്‍.

ഇരുപത്തിനാലോളം ഔഷധകൂട്ടുകള്‍ അടങ്ങിയ മരുന്ന ്കാപ്പിയും മേളയിലെ ചൂടുള്ള വിഭവമാണ്. ചുമ, കഫക്കെട്ട്, ശ്വാസ സംബന്ധമായ ബുദ്ധിമുട്ട് എന്നിവയ്ക്കുള്ള ഔഷധം കൂടിയായ ഈ പാനീയത്തെ പ്രായഭേദമന്യേ എല്ലാരും ഇഷ്ടപ്പെടുന്നു. വനത്തില്‍ കാണുന്ന കാരപ്പ് ഇല ശേഖരിച്ച് കൊണ്ടുവന്ന് ഉണക്കച്ചെമ്മീന്‍ ഇട്ട് വറുത്ത് ഉണ്ടാക്കുന്ന കാരപ്പ തോരനും മേളയിലെ പ്രിയ വിഭവമാണ്. അത്യപൂര്‍വ്വം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള കാരപ്പ് എന്ന ഔഷധ സസ്യം ഇന്ന് കാട്ടില്‍ തന്നെ അപൂര്‍വ്വമായേ കാണുന്നുള്ളൂ.

 

LEAVE A REPLY

Please enter your comment!
Please enter your name here